കോര്‍പ്പറേഷന്‍, പഞ്ചായത്ത് ഫലങ്ങള്‍ 11 മണിയോടെ പുറത്തുവരും

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ തുടങ്ങി. 244 വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍. 941 ഗ്രാമപഞ്ചായത്തുകള്‍, 14 ജില്ല പഞ്ചായത്തുകള്‍, 152 ബ്ലോക്കുകള്‍ 86 മുനിസിപ്പാലിറ്റികള്‍, 6 കോര്പറേഷന് എന്നിവിടങ്ങളിലെ വോട്ടാണ് എണ്ണുന്നത്.
ആദ്യം എണ്ണുക കോവിഡ് ബാധിതര്‍ക്ക് വിതരണം ചെയ്ത സ്പെഷ്യല്‍ തപാല്‍ വോട്ടുകള്‍ ഉള്‍പ്പെടെയുള്ള തപാല്‍ വോട്ടുകളായിരിക്കും. ബ്ലോക്ക് തലത്തിലുള്ള വിതരണ, സ്വീകരണ കേന്ദ്രങ്ങളില്‍ ത്രിതല പഞ്ചായത്തുകളിലെ വോട്ടെണ്ണല്‍ നടക്കും. മുന്‍സിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും അത് സ്ഥാപനങ്ങളുടെ വിതരണ, സ്വീകരണ കേന്ദ്രങ്ങളില്‍ വോട്ടെണ്ണും.
അതത് വരണാധികാരികളായിരിക്കും ഗ്രാമപഞ്ചായത്തുകളിലെയും ബ്ലോക്ക് പഞ്ചായത്തുകളിലെയും ജില്ലാ പഞ്ചായത്തുകളിലെയും പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുക. പരമാവധി എട്ട് പോളിംഗ് സ്റ്റേഷനുകള്‍ക്ക് ഒരു മേശ എന്ന രീതിയില്‍ സാമൂഹിക അകലം പാലിച്ചാണ് കൗണ്ടിങ് മേശകള്‍ ഒരുക്കിയിരിക്കുന്നത്. ഒന്നാം വാര്‍ഡ് മുതല്‍ എന്ന ക്രമത്തിലായിരിക്കും വോട്ടെണ്ണല്‍ ആരംഭിക്കുക.