Friday, December 13
BREAKING NEWS


വോട്ടെണ്ണൽ വിശേഷങ്ങൾ ഇങ്ങനെ

By sanjaynambiar

വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ ചുറ്റും നിരോധനാജ്ഞ;

കോട്ടയം : കോട്ടയത്ത് വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ നൂറു മീറ്റര്‍ ചുറ്റളവിലുള്ള മേഖലയില്‍ ആളുകള്‍ കൂട്ടം ചേരുന്നത് നിരോധിച്ചതായി ജില്ലാ കളക്ടര്‍ എം.അഞ്ജന അറിയിച്ചു. വോട്ടെണ്ണല്‍ നടപടികള്‍പൂര്‍ത്തിയാകുന്നതു വരെ നിരോധനം നടപ്പാക്കുന്നതിന് ജില്ലാ പോലീസ് മേധാവിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

941 ഗ്രാമപഞ്ചായത്തുകളിലേയും 152 ബ്ലോക്കുകളിലേയും 14 ജില്ലാ പഞ്ചായത്തുകളിലേയും 87 മുന്‍സിപ്പാലിറ്റികളിലേയും ആറ് കോര്‍പ്പറേഷനുകളിലേയും വോട്ടെണ്ണല്‍ തുടങ്ങി; ആദ്യ ഫല സൂചനകള്‍ എട്ടരയോടെ അറിയാം.

കൃത്യം എട്ടു മണിക്കാണ് വോട്ടെണ്ണല്‍ തുടങ്ങിയത്. എട്ടരയോടെ ഫല സൂചനകള്‍ കിട്ടും. അന്തിമ ഫലം ഉച്ചയ്ക്ക് മുമ്ബ് ലഭ്യമാകുമെന്നാണ് ഇലക്ഷന്‍ കമ്മീഷന്‍ പറയുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് വോട്ടെണ്ണല്‍.

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ പശ്ചാതലത്തില്‍ മൂന്ന് വടക്കന്‍ ജില്ലകളിലും നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട് അഞ്ചിടത്തും കാസര്‍കോട് പത്തിടത്തും കര്‍ഫ്യൂ. മലപ്പുറം ജില്ലയില്‍ ഇന്നു മുതല്‍ 22 വരെ നിരോധനാജ്ഞ തുടരും.

കൗണ്ടിങ് പാസ് ലഭിച്ചിട്ടുള്ള കൗണ്ടിങ് ഏജന്റുമാര്‍ ഹാളുകളില്‍ ഉണ്ട്. സ്ഥാനാര്‍ത്ഥിക്കും ചീഫ് ഇലക്ഷന്‍ ഏജന്റിനും ബ്ലോക്ക് വരണാധികാരിക്ക് കീഴിലുള്ള ഒരാള്‍ക്കും കൗണ്ടിങ് ഹാളില്‍ പ്രവേശനം അനുവദിച്ചിട്ടുണ്ട്. കൗണ്ടിങ് ഓഫീസര്‍മാര്‍ കൈയുറയും മാസ്‌കും ഫേസ് ഷീല്‍ഡും ധരിച്ചാണ് ഹാളില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. കൗണ്ടിങ് ഹാളില്‍ എത്തുന്ന സ്ഥാനാര്‍ത്ഥികളും കൗണ്ടിങ് ഏജന്റുമാരും മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് മാനദണ്ഡ പ്രകാരമാണ് ഇതെല്ലാം.

കോവിഡ് ബാധിതര്‍ക്ക് വിതരണം ചെയ്ത സ്പെഷ്യല്‍ തപാല്‍വോട്ടുകള്‍ ഉള്‍പ്പെടെയുള്ള തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. ത്രിതല പഞ്ചായത്തുകളിലെ വോട്ടെണ്ണല്‍ ബ്ലോക്ക് തലത്തിലുള്ള വിതരണ, സ്വീകരണ കേന്ദ്രങ്ങളില്‍ നടക്കും. മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും അതത് സ്ഥാപനങ്ങളുടെ വിതരണ സ്വീകരണ കേന്ദ്രങ്ങളില്‍ വോട്ടെണ്ണും. ഗ്രാമപ്പഞ്ചായത്തുകളിലെയും ബ്ലോക്ക് പഞ്ചായത്തുകളിലെയും ജില്ലാ പഞ്ചായത്തുകളിലെയും പോസ്റ്റല്‍ വോട്ടുകള്‍ അതത് വരണാധികാരികളാണ് എണ്ണുക.

പരമാവധി എട്ട് പോളിങ് സ്റ്റേഷനുകള്‍ക്ക് ഒരു മേശ എന്ന രീതിയില്‍ സാമൂഹിക അകലം പാലിച്ചാണ് കൗണ്ടിങ് മേശകള്‍ ഒരുക്കിയിരിക്കുന്നത്.

ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിക്ക് ഒരു ഹാളും ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന ഗ്രാമപ്പഞ്ചായത്തുകള്‍ക്ക് പ്രത്യേക കൗണ്ടിങ് ഹാളുകളും സജ്ജീകരിക്കും. മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും ഓരോ വരണാധികാരിക്കും പ്രത്യേകം കൗണ്ടിങ് ഹാള്‍ ഉണ്ടാകും. വോട്ടെണ്ണല്‍ മേശകളുടെ എണ്ണം കണക്കാക്കിയാണ് സ്‌ട്രോങ്‌റൂമില്‍ നിന്നും കണ്‍ട്രോള്‍ യൂണിറ്റുകള്‍ എത്തിക്കുക.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!