ഹര്‍ത്താലില്‍ വസ്തുവകകള്‍ നശിപ്പിച്ചതിനെ തുടര്‍ന്ന് നഷ്ടം ഈടാക്കാന്‍ നേതാക്കളുടെ സ്വത്ത് ജപ്തി ചെയ്യുന്ന നടപടി ഏറക്കുറെ പൂര്‍ത്തിയായി.
തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിന്റെ മിന്നല്‍ ഹര്‍ത്താലില്‍ പുലിവാല് പിടിച്ചത് നേതാക്കളുടെ കുടുംബങ്ങളാണ്. ഹര്‍ത്താലിന്റെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടുണ്ടായ നഷ്ടം നികത്താന്‍ ഹൈക്കോടതി അക്രമികളുടെ സ്വത്തുക്കള്‍ കണ്ടു കെട്ടണമെന്ന് സര്‍ക്കാരിനോട് പറഞ്ഞിരുന്നു.
പോപ്പുലര്‍ ഫ്രണ്ട് മുന്‍ അഖിലേന്ത്യാ ചെയര്‍മാന്‍ ഒ.എം.എ.സലാമിന്റെ മലപ്പുറം മഞ്ചേരി നറുകരയിലെ 14 സെന്റും വീടും മുന്‍ സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം നേതൃത്വം നല്‍കുന്ന നാഷനല്‍ എജ്യുക്കേഷന്‍ ട്രസ്റ്റിന്റെ മലപ്പുറം വാഴക്കാട്ടെ ഭൂമിയും കണ്ടുകെട്ടി.
മലപ്പുറം ജില്ലയില്‍ നടപടികള്‍ പൂര്‍ത്തിയായിട്ടില്ല. 126 സ്വത്തുവകകളില്‍ 89 എണ്ണം കണ്ടുകെട്ടി. വയനാട്ടില്‍ ഒരാളുടേത് കൂട്ടുടമസ്ഥതയിലുള്ള സ്വത്തായതിനാല്‍ കണ്ടുകെട്ടാനായില്ലെന്നും 2 പേര്‍ക്കു സ്വന്തം പേരില്‍ സ്വത്തൊന്നുമില്ലെന്നുമാണ് റിപ്പോര്‍ട്ട്.
തിരുവനന്തപുരം ജില്ലയിലെ നടപടികള്‍ വെള്ളിയാഴ്ച തന്നെ പൂര്‍ത്തിയായിരുന്നു. അഞ്ചു കേസുകളിലായി സ്ഥലങ്ങളാണ് പ്രധാനമായും ജപ്തി ചെയ്തത്.
മുന്‍ സംസ്ഥാന സെക്രട്ടറി സി. എ.റൗഫിന്റെ പാലക്കാട് പട്ടാമ്പി മരുതൂരിലെ 10 സെന്റ് ഭൂമി ജപ്തി ചെയ്തു. മറ്റൊരു മുന്‍ സംസ്ഥാന സെക്രട്ടറി അബ്ദുല്‍ സത്താറിന്റെ കൊല്ലം കുലശേഖരപുരത്തുള്ള 18 സെന്റ് സ്ഥലവും വീടുമാണ് കണ്ടുകെട്ടുന്നത്.
അബ്ദുല്‍ സത്താറിന്റെ മാതാപിതാക്കളും ഭാര്യയും മക്കളും ഇവിടെനിന്നു താമസം മാറി. തൃശൂര്‍ പഴയന്നൂരില്‍ ബാങ്കും കെഎസ്എഫ്ഇയും പ്രവര്‍ത്തിക്കുന്ന 3 നില കെട്ടിടം ജപ്തി ചെയ്തു. കണ്ണൂരില്‍ ഒരാളുടെ കാറാണ് കണ്ടുകെട്ടിയത്.
വിവിധ ജില്ലകളില്‍ ജപ്തി നേരിടുന്ന നേതാക്കളുടെയും പ്രവര്‍ത്തകരുടെയും എണ്ണം ഇങ്ങനെയാണ്. പത്തനംതിട്ട (2), ആലപ്പുഴ (5), കോട്ടയം (4), ഇടുക്കി (6), എറണാകുളം (6), തൃശൂര്‍ (18), പാലക്കാട് (17), കോഴിക്കോട് (11), വയനാട് (11), കണ്ണൂര്‍ (8), കാസര്‍കോട് (5).
സെപ്റ്റംബര്‍ 23നു നടത്തിയ മിന്നല്‍ ഹര്‍ത്താലില്‍ 5.20 കോടി രൂപയുടെ നഷ്ടം വരുത്തിയതിനാണ് ഹൈക്കോടതി സ്വമേധയാ കേസ് എടുത്തത്. അക്രമ സാധ്യത കണക്കിലെടുത്ത് പൊലീസ് അകമ്പടിയോടെയായിരുന്നു നടപടികള്‍.
പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിലുണ്ടായ നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം ഈടാക്കണമെന്ന ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് നേതാക്കളുടെ സ്വത്തുവകകള്‍ ജപ്തി ചെയ്യുന്നതിനുള്ള റവന്യു വകുപ്പ് നടപടികള്‍ പത്തനംതിട്ട ജില്ലയിലും നടന്നു.
പഴകുളം പടിഞ്ഞാറ് അയത്തിക്കൊണില്‍ സജീവിന്റെ 10 സെന്റോളം വരുന്ന സ്വത്തുവകകള്‍ ജപ്തി ചെയ്യുന്നതിന്റെ ഭാഗമായി തഹസില്‍ദാര്‍ ജി.കെ. പ്രദീപിന്റെ നേതൃത്വത്തില്‍ വീട്ടില്‍ നോട്ടിസ് പതിച്ചു.
നോട്ടിസ് പതിച്ച വസ്തു ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ കൈമാറ്റം ചെയ്യാനോ ബാധ്യതപ്പെടുത്താനോ പാടില്ല. കുടിശിക തുക പലിശ സഹിതം അടച്ചില്ലെങ്കില്‍ സ്വത്തുവകകള്‍ നിയമപ്രകാരം വില്‍പന നടത്തുമെന്നും ഉത്തരവിലുണ്ട്.
പോപ്പുലര്‍ ഫ്രണ്ട് മുന്‍ ഡിവിഷനല്‍ പ്രസിഡന്റ് തോന്നല്ലൂര്‍ ഉളമയില്‍ ഉളയമഠത്തില്‍ പുത്തന്‍വീട്ടില്‍ അല്‍ അമീന്റെ വീട്ടില്‍ ഇന്നലെ ഉച്ചയോടെയെത്തിയ ഉദ്യോഗസ്ഥര്‍ നോട്ടിസ് പതിച്ചു.
ആരും കൈപ്പറ്റാത്തതിനാല്‍ വീടിന്റെ ചുമരില്‍ നോട്ടിസ് പതിച്ചെന്നു വില്ലേജ് ഓഫിസര്‍ രേണു രാമന്‍ പറഞ്ഞു.
അതിനിടെ മലപ്പുറത്ത് ആളുമാറി ജപ്തി നടത്തിയെന്ന്് ആരോപണം ഉയര്‍ന്നു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരല്ലാത്തവരുടെ ഭൂമിയും കണ്ടുകെട്ടിയതായി പരാതിയുണ്ട്. മലപ്പുറത്ത് മുസ്ലിം ലീഗിന്റെ എടരിക്കോട് പഞ്ചായത്തംഗം സി.ടി.അഷ്‌റഫിന്റെ വീടും സ്വത്തും കണ്ടുകെട്ടിയതായി പറയുന്നു.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അഷറഫിന്റെ അപരനായി മത്സരിച്ച പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്റെ സ്വത്തു കണ്ടുകെട്ടുന്നതിനു പകരം അധികൃതര്‍ ആളു മാറി ജപ്തി നടത്തിയെന്നാണ് ആരോപണം. സമാനമായി അങ്ങാടിപ്പുറം വില്ലേജിലും ആളുമാറി 2 പേരുടെ സ്വത്ത് കണ്ടുകെട്ടിയതായി ആക്ഷേപമുണ്ട്.