പാലക്കാട്: പാലക്കാട് നഗരസഭാ കെട്ടിടത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം ഫ്ലക്സ് തൂക്കിയ സംഭവത്തില്‍ ബിജെപി കൗണ്‍സിലര്‍മാരും പോളിങ് ഏജന്‍റുമാരും പ്രതികളാകും. നഗരസഭ സെക്രട്ടറിയുടെ പരാതിയില്‍ ജാമ്യം കിട്ടാവുന്ന വകുപ്പു ചേര്‍ത്താണ് ടൗണ്‍ സൗത്ത് പൊലീസ് കേസെടുത്തത്.ഭരണഘടനാ സ്ഥാപത്തിന് മുകളില്‍ മത ചിഹ്നങ്ങള്‍ ഉള്‍പ്പെടുന്ന ഫ്ളക്സ് കെട്ടിയെന്ന് ചൂണ്ടിക്കാട്ടി പാലക്കാട് നഗരസഭ സെക്രട്ടറി രഘുരാമനാണ് ടൗണ്‍ സൗത്ത് പൊലീസില്‍ പരാതി നല്‍കിയത്.
ഐ.പി.സി 153 ാം വകുപ്പ് പ്രകാരം ഇരുവിഭാഗങ്ങള്‍ തമ്മില്‍ മതസ്പർദ്ധ വളർത്തി ലഹളക്ക് കാരണമാകുന്ന തരത്തില്‍ പ്രവര്‍ത്തിച്ചു എന്നതാണ് കേസ്.
സിപിഎം പ്രാദേശിക നേതൃത്വവും വിഷയത്തില്‍ പരാതി നല്‍കിയിരുന്നു. നഗരസഭയില്‍ ഭരണത്തുടര്‍ച്ച ലഭിച്ചതിന്റെ ആഹ്ലാദപ്രകടനത്തിന്റെ ഭാഗമായാണ് ബിജെപി പ്രവര്‍ത്തകര്‍ നഗരസഭ കെട്ടിടത്തില്‍ ‘ജയ് ശ്രീറാം’ ബാനര്‍ വിരിച്ചത്. രണ്ട് ബാനറുകളാണ് തൂക്കിയത്.
ഒന്നില്‍ ശിവജിയുടെ ചിത്രവും മറ്റൊന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും ചിത്രവുമുണ്ടായിരുന്നു.52 വാര്‍ഡുകളുള്ള നഗരസഭയില്‍ ഇക്കുറി കേവല ഭൂരിപക്ഷത്തിനാവശ്യമായ 27 സീറ്റുകളില്‍ ഒരെണ്ണമധികം നേടിയാണ് ബി.ജെ.പി ഭരണത്തുടര്‍ച്ച നേടിയത്. കഴിഞ്ഞ തവണ 24 സീറ്റാണുണ്ടായിരുന്നത്. യു.ഡി.എഫിന് 12 സീറ്റുകളും എല്‍.ഡി.എഫിന് ആറുസീറ്റുകളുമാണുള്ളത്.