കോട്ടാംപറമ്പ് മുണ്ടിക്കൽതാഴം ഭാഗത്ത് ഷിഗല്ല രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗത്തിനെതിരെ മുൻകരുതൽ സ്വീകരിക്കണമെന്ന് ജില്ലാമെഡിക്കൽ ഓഫീസർ ഡോ. ജയശ്രീ.വി അറിയിച്ചു.
പ്രദേശത്ത് ഒരു മരണവും 25 സമാന ലക്ഷണങ്ങളുള്ള കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മലത്തിന്റെ സാമ്പിൾ പരിശോധനക്കെടുക്കുകയും പരിശോധനയിൽ ആറു കേസുകളിൽ ഷിഗല്ലസോണി എന്ന രോഗാണുവിനെ കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്ത് നിന്ന് വെള്ളത്തിന്റെ സാമ്പിൾ ശേഖരിച്ച് പരിശോധനക്ക് അയച്ചു.
ജില്ലാ സർവയലൻസ് ഓഫീസറുടെ നേതൃത്വത്തിലുള്ള ടീം സ്ഥലം സന്ദർശിക്കുകയും പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുകയു ചെയ്തു. ആരോഗ്യ പ്രവർത്തകർ പ്രദേശത്തെ കിണറുകളിൽ സൂപ്പർ ക്ലോറിനേഷൻ നടത്തുകയും വീടുകൾ സന്ദർശിച്ച് ബോധവത്കരണം നൽകുകയും ചെയ്തു. അങ്കണവാടികളിലും മറ്റും ഒ.ആർ.എസ് പാക്കറ്റുകൾ ലഭ്യമാക്കി. പ്രദേശത്ത് ജാഗ്രത പാലിക്കുവാൻ ആരോഗ്യ പ്രവർത്തകർക്ക് നിർദ്ദേശം നൽകി. വയറിളക്കവും മറ്റരോഗ ലക്ഷണവുമുള്ളവർ ആരോഗ്യപ്രവർത്തരെ വിവരം അറിയിക്കണമെന്ന് ഡി.എം.ഒ അറിയിച്ചു
ഷിഗല്ലരോഗ ലക്ഷണങ്ങൾ:
വയറിളക്കം, പനി, വയറവേദന, ഛർദ്ദി, ക്ഷീണം, രക്തംകലർന്ന മലം.
എന്താണ് ഷിഗല്ല
വയറിളക്ക രോഗങ്ങൾക്ക് പ്രധാന കാരണങ്ങളിൽ ഒന്നാണ് ഷിഗല്ല ബാക്ടീരിയ. രോഗാണു പ്രധാനമായും കുടലിനെ ബാധിക്കുന്നതിനാൽ മലത്തോടൊപ്പം രക്തവും കാണപ്പെടുന്നു. പ്രധാനമായും മലിന ജലത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗ ലക്ഷണങ്ങൾ ഗുരുതരാവസ്ഥയിലെത്തിയാൽ അഞ്ച് വയസിന് താഴെ രോഗം പിടിപെട്ട കുട്ടികളിൽ മരണ സാധ്യത കൂടുതലാണ്.
ശ്രദ്ധിച്ചില്ലെങ്കിൽ രോഗവ്യാപനം കൂടും. രോഗികളുടെ വിസർജ്യവുമായി നേരിട്ടോ പരോക്ഷമായോ സമ്പർക്കമുണ്ടായാൽ രോഗം എളുപ്പത്തിൽ വ്യാപിക്കും. രണ്ട് മുതൽ ഏഴ് ദിവസം വരെ രോഗലക്ഷണങ്ങൾ കാണപ്പെടുന്നു. ചിലകേസുകളിൽ ലക്ഷണങ്ങൾ നീണ്ടുനിൽക്കാം. ചിലരിൽ ലക്ഷണങ്ങൾ പ്രകടമാകാതിരിക്കുകയും ചെയ്യും. പനി, രക്തംകലർന്ന മലവിസർജ്ജനം, നിർജ്ജലീകരണം, ക്ഷീണം എന്നിവ ഉണ്ടായാൽ ഉടൻ വൈദ്യസഹായം തേടണം.
പ്രതിരോധ മാർഗങ്ങൾ:
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക
കൈകൾ സോപ്പുപയോഗിച്ച് കഴുകുക
വ്യക്തിശുചിത്വം പാലിക്കുക
തുറസായ സ്ഥലങ്ങളിൽ മലമൂത്രവിസർജനം ചെയ്യാതിരിക്കുക
കുഞ്ഞുങ്ങളുടെ ഡയപ്പറുകൾ ശരിയായ വിധം സംസ്‌കരിക്കുക
രോഗ ലക്ഷണങ്ങൾ ഉള്ളവർ ആഹാരം പാകംചെയ്യാതിരിക്കുക
പഴകിയ ഭക്ഷണങ്ങൾ കഴിക്കാതിരിക്കുക
ഭക്ഷണ പദാർത്ഥങ്ങൾ ശരിയായ രീതിയിൽ മൂടിവെക്കുക
വയറിളക്കമുള്ള കുട്ടികളെ മറ്റുള്ളവരുമായി ഇടപെടുത്താതിരിക്കുക
കക്കൂസും കുളിമുറിയും അണുനശീകരണം നടത്തുക
വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഇടപഴകാതിരിക്കുക
രോഗിയുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കുക
പഴങ്ങളും പച്ചക്കറികളും കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക
രോഗ ലക്ഷണമുള്ളവർ ഒ.ആർ.എസ് ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം എന്നിവ കഴിക്കുക
കുടിവെള്ള സ്രോതസുകൾ ക്ലോറിനേറ്റ് ചെയ്യുക