Wednesday, February 5
BREAKING NEWS


പ്രവീണ്‍ റാണയും പോലീസും കള്ളനും പോലീസും കളിക്കുകയാണോ? പോലീസ് വരുന്നതിന് മുന്‍പ് കൊച്ചിയിലെ ഫ്‌ലാറ്റില്‍ നിന്നും പ്രവീണ്‍ റാണ മുങ്ങിയത് എങ്ങോട്ട്, നാല് വര്‍ഷം കൊണ്ട് 100 കോടി തട്ടിയ പ്രവീണ്‍ റാണയുടെ പിന്‍ബലം ആര്? സിനിമ നടന്‍ മുതല്‍ രാഷ്ട്രീയക്കാരന്‍ വരെ ആയ പ്രവീണ്‍ റാണയുടെ രാഷ്ട്രീയ പിന്‍ബലം ഇവരൊക്കെ. പ്രവീണ്‍ കെ പി എന്ന തൃശ്ശൂര് കാരന്‍ ബിടെക് ബിരുദധാരി പ്രവീണ്‍ റാണ ആയ കഥ…

By sanjaynambiar

കോടികളുടെ സേഫ് ആന്‍ഡ് സ്‌ട്രോങ് നിക്ഷേപത്തട്ടിപ്പു കേസില്‍ തിരഞ്ഞു വന്ന പൊലീസിനെ വെട്ടിച്ചു വ്യവസായി പ്രവീണ്‍ റാണ കൊച്ചിയിലെ ഫ്‌ലാറ്റില്‍ നിന്നു നാടകീയമായി മുങ്ങി.

തുശൂരില്‍ നിന്നുള്ള പൊലീസ് സംഘം എത്തിയപ്പോഴേയ്ക്കും ചെലവന്നൂരിലെ കായലോരത്തുള്ള ഫ്‌ലാറ്റില്‍ നിന്നാണ് ഇയാള്‍ രക്ഷപെട്ടത്. പൊലീസ് ഫ്‌ലാറ്റിലേയ്ക്കു വരുമ്പോള്‍ മറ്റൊരു ലിഫ്റ്റില്‍ താഴേയ്ക്ക് ഇറങ്ങിയായിരുന്നു രക്ഷപെടല്‍.

അതേ സമയം ഫ്‌ലാറ്റില്‍ നിന്നും ഇയാളുടെ രണ്ട് ആഡംബരക്കാര്‍ ഉള്‍പ്പടെ നാലു വാഹനങ്ങള്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

തൃശൂര്‍ ഭാഗത്തേയ്ക്കു പോയ ഇയാളുടെ വാഹനം ചാലക്കുടിയില്‍ വെച്ച് പോലീസ് തടഞ്ഞു. എന്നാല്‍ ഇയാള്‍ വാഹനത്തിലുണ്ടായിരുന്നില്ല. അങ്കമാലിയില്‍ ഇയാള്‍ ഇറങ്ങിയതായാണ് വിവരം. സുഹൃത്തുക്കളുമൊപ്പമാണ് ഫ്‌ലാറ്റില്‍ നിന്നു രക്ഷപെട്ടത്.

രണ്ടു ദിവസമായി ഇയാള്‍ക്കായി പൊലീസ് ബംഗളുരു ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ വല വിരിച്ചിരുന്നു. രാജ്യം വിടാന്‍ ശ്രമം നടക്കുന്നതിനാല്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നതിനുള്ള നീക്കവും പൊലീസ് നടത്തുന്നുണ്ട്.

ഒരു ലക്ഷം രൂപ മുതല്‍ 20 ലക്ഷം രൂപ വരെ ഏകദേശം നൂറുകോടി രൂപ പ്രവീണ്‍ റാണ നിക്ഷേപകരില്‍ നിന്നു തട്ടിയെടുത്തിട്ടുണ്ടെന്നാണ് പൊലീസ് കണക്ക്. സേഫ് ആന്‍ഡ് സ്‌ട്രോങ് എന്ന പേരില്‍ ചിട്ടി കമ്പനി നടത്തിയായിരുന്നു തട്ടിപ്പ്.

തൃശൂര്‍ അരിമ്പൂര്‍ വെളുത്തൂര്‍ സ്വദേശിയാണ് കെ.പി. പ്രവീണ്‍ എന്ന പ്രവീണ്‍ റാണ. എംബിഎ നേടിയ ശേഷമാണ് സേഫ് ആന്‍ഡ് സ്‌ട്രോങ് എന്ന പേരില്‍ ബിസിനസ് കണ്‍സള്‍ട്ടന്‍സിയും ചിട്ടിക്കമ്പനിയും തുടങ്ങിയത്.

പ്രവീണ്‍ റാണയെന്ന പ്രവീണ്‍ കെപി, നാല് കൊല്ലം കൊണ്ട് നൂറു കോടിയിലധികം രൂപ തട്ടിയെടുത്തെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. ‘സേഫ് ആന്‍ഡ് സ്ട്രോങ്ങ് നിധി’ എന്ന സാമ്പത്തിക സ്ഥാപനം വഴിയും വിവിധ ബിസിനസുകളില്‍ ഫ്രാഞ്ചൈസി നല്‍കാമെന്ന് പറഞ്ഞുമായിരുന്നു നിക്ഷേപങ്ങളത്രയും വാങ്ങിക്കൂട്ടിയത്.

ഫ്രാഞ്ചൈസിയില്‍ ചേര്‍ന്നാല്‍ നാല്‍പ്പത്തിയെട്ടു ശതമാനം പലിശയും കാലാവധി കഴിയുമ്പോള്‍ മുതലും തിരികെ ലഭിക്കുമെന്ന വാഗ്ദാനത്തിലായിരുന്നു നിക്ഷേപകര്‍ വീണത്.

എന്നാല്‍ ഒരു ഘട്ടത്തില്‍ പണം തിരികെ നല്‍കാതായതോടെ തട്ടിപ്പു മണത്ത നിക്ഷേപകര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചു.

തൃശൂര്‍ ഈസ്റ്റ്, വെസ്റ്റ് സറ്റേഷനുകളിലായി 18 കേസുകള്‍ രക്ഷിസ്റ്റര്‍ ചെയ്തു. പല നഗരങ്ങളില്‍ സിനിമ, ബിസിനസ്, രാഷ്ട്രീയ ബന്ധങ്ങള്‍ സ്ഥാപിച്ചിട്ടുള്ള ഇയാളെ ചിലര്‍ സംരക്ഷിക്കുന്നു എന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു.

അതിശയിപ്പിക്കുന്ന വേഗത്തില്‍ വളര്‍ന്ന തട്ടിപ്പുകാരനാണ് പ്രവീണ്‍. തൃശൂരിലെ സ്വകാര്യ എഞ്ചിനിയറിങ് കോളെജില്‍ നിന്ന് ബിടെക് ബിരുദം നേടിയ ശേഷം പത്തുകൊല്ലം മുമ്പാണ് നിക്ഷേപം സ്വീകരിക്കുന്ന ബിസിനസ് തുടങ്ങുന്നത്. മെല്ലെ മെല്ലെയത് സേഫ് ആന്‍ഡ് സ്ട്രോങ്ങ് നിധിയെന്ന സാമ്പത്തിക സ്ഥാപനമായി രൂപം മാറി.

തൃശൂര്‍, പാലക്കാട് ജില്ലകളിലായി ഇരുപതിലധികം ബ്രാഞ്ചുകളാണ് കമ്പനിക്കുള്ളത്. നൂറിലേറെ ജീവനക്കാരാണ് അവിടെ പ്രവര്‍ത്തിക്കുന്നത്. ഹോട്ടല്‍ ആന്‍ഡ് ടൂറിസം മേഖലയില്‍ നിക്ഷേപിക്കാനെന്ന് പറഞ്ഞാണ് പലരില്‍ നിന്നും നിക്ഷേപം സ്വീകരിച്ചത്.

നിധിയിലെ നിക്ഷേപത്തിന് പലിശ പന്ത്രണ്ട് ശതമാനമായിരുന്നു. പൂണെയിലും കൊച്ചിയിലും ഡാന്‍സ് ബാറുകളും തുടങ്ങി. കൂടുതല്‍ നിക്ഷേപം കൊണ്ടുവരുന്നവര്‍ക്ക് വമ്പന്‍ സമ്മാനങ്ങളും നല്‍കി.

പൊലീസുകാരുമായും ഉന്നത രാഷ്ട്രീയക്കാരുമായും ബന്ധങ്ങളുണ്ടാക്കിയും റാണ അവരെയും പറ്റിച്ചു. റാണയുടെ പരിപാടികള്‍ക്കായി ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ നിരന്നെത്തി.

കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ സ്വതന്ത്രനായി മത്സരിച്ച റാണ ആയിരം വോട്ടും നേടി. സിനിമയിലും ഒരു കൈ നോക്കി. ചോരന്‍ എന്ന പേരില്‍ പുറത്തിറങ്ങിയ സിനിമയിലെ നായകനായി സിനിമയിലും റാണ ഒരു കൈ നോക്കി.

കോടികളുടെ തട്ടിപ്പ് നടത്തിയ ഇയാള്‍ കഴിഞ്ഞ ഏപ്രിലിലാണ് റോയല്‍ ഇന്ത്യ പീപ്പിള്‍സ് എന്ന പാര്‍ട്ടി രൂപവത്കരിച്ചത്. രാജ്യത്തെ മണി പവറിനും മസില്‍ പവറിനും എതിരായ കൂട്ടായ്മ എന്ന പേരിലായിരുന്നു പാര്‍ട്ടി രൂപവത്കരണം.

നാലുവര്‍ഷംകൊണ്ട് 100 കോടിയുടെ തട്ടിപ്പ് നടത്തിയ റാണ തെരഞ്ഞെടുപ്പ് കമീഷന് നല്‍കിയ രേഖകളനുസരിച്ച് ദരിദ്രനാണ്. ബാങ്കില്‍ സ്വന്തമായുള്ളത് അഞ്ചുലക്ഷം രൂപ. ഭാര്യയുടെ പേരില്‍ ഒരു ലക്ഷം.

നയാപൈസയുടെ ഷെയറുകളില്ലെന്നാണ് തെരഞ്ഞെടുപ്പ് കമീഷന് നല്‍കിയ സത്യവാങ്മൂലത്തിലുള്ളത്. തനിക്കും ഭാര്യക്കുംകൂടി ആകെയുള്ളത് ഏഴ് പവന്റെ സ്വര്‍ണമാണെന്നും രേഖകളില്‍ കാണിച്ചിട്ടുണ്ട്.

2019ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പ്രവീണ്‍ മത്സരിച്ചിരുന്നു. ആയിരത്തിലധികം വോട്ടുകള്‍ നേടി. ഇതിന്റെ തുടര്‍ച്ചയെന്ന നിലയിലായിരുന്നു രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരണത്തിലേക്ക് കടന്നത്.

നിലവിലെ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളെ വിമര്‍ശിക്കുന്നതോടൊപ്പം രാജ്യത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാക്കുമെന്നും പട്ടിണിയില്ലാതാക്കുമെന്നും തുടങ്ങി സമൂഹ മാധ്യമങ്ങളില്‍ ആളെ കുരുക്കിലാക്കുന്ന വമ്പന്‍ വാഗ്ദാനങ്ങള്‍ നല്‍കി. ഉന്നത രാഷ്ട്രീയ -ഉദ്യോഗസ്ഥ ബന്ധങ്ങളുള്ള റാണെയുടേത് ആര്‍ഭാട ജീവിതമായിരുന്നു.

ചാനലുകളില്‍ സ്ലോട്ടെടുത്ത് സ്വന്തം പ്രമോഷന് വേണ്ടി പരിപാടികള്‍ അവതരിപ്പിക്കുകയും പരസ്യങ്ങള്‍ നല്‍കുകയും ചെയ്ത ഇയാള്‍ അവാര്‍ഡ് പരിപാടികളും സംഘടിപ്പിച്ചിരുന്നു.

ബിസിനസിലും സിനിമയിലും താരമായി സ്വയം അവരോധിച്ച റാണെ രാഷ്ട്രീയത്തിലും ഒരു കൈ പയറ്റാനായിരുന്നു ശ്രമം. സംഘടനശക്തി തെളിയിച്ചാല്‍ രാഷ്ട്രീയ ബന്ധങ്ങളിലൂടെ തനിക്കെതിരായ ഏത് നീക്കത്തെയും തടുക്കാമെന്നും റാണെ കണക്കുകൂട്ടി.

ഇതിന്റെ ഭാഗമായി വിവാഹ ചടങ്ങിലും വിവിധ പരിപാടികളിലും മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളെയെത്തിച്ച് വിശ്വാസം നേടിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!