കൊച്ചി: ഒന്നര മാസം മുന്‍പ് ഖത്തറില്‍ നടന്ന ലോകകപ്പ് വേളയില്‍ ഫുട്‌ബോള്‍ താരങ്ങള്‍ക്ക് കഴിക്കാന്‍ ഒരു കൃഷിയിടത്തില്‍ നിന്നുള്ള ചക്കതന്നെ വേണമെന്ന് സംഘാടകര്‍ നിര്‍ബന്ധം പിടിച്ചതോടെ തൃശൂരിലെ കൃഷിക്കാരനായ വര്‍ഗീസേട്ടന്റെ തലേ വര മാറി.

ഇപ്പോള്‍, ആഴ്ചയില്‍ 1500 കിലോ വരിക്ക ചക്കയാണ് തൃശൂര്‍ അമല നഗര്‍ സ്വദേശി വര്‍ഗീസ് തരകന്‍ കോഴിക്കോട്ടെ എക്‌സ്‌പോര്‍ട്ടിംഗ് സ്ഥാപനം വഴി കയറ്റി അയയ്ക്കുന്നത്.
ഖത്തര്‍, ബഹ്റൈന്‍, യു.എ.ഇ, ഫ്രാന്‍സ്, യു.കെ… അങ്ങനെ പലരാജ്യക്കാര്‍ക്കും വര്‍ഗീസേട്ടന്റെ തോട്ടത്തില്‍ വിളഞ്ഞ ചക്കവേണം.ഡല്‍ഹിയിലെ ബ്രസീല്‍ എംബസിയിലെ വിരുന്നുകള്‍ക്ക് ചക്ക എത്തിക്കുന്നതും വര്‍ഗീസ് തന്നെ.
റബര്‍ കൃഷി ഉപേക്ഷിച്ച് 13.5 എക്കറില്‍ പ്ലാവുകള്‍ മാത്രം വച്ചുപിടിപ്പിച്ച തൃശൂര്‍ അമല നഗര്‍ സ്വദേശി വര്‍ഗീസ് തരകന്‍ ചക്കകള്‍ സൗജന്യമായി നാട്ടുകാര്‍ക്ക് നല്‍കുകയായിരുന്നു. ഇപ്പോഴും തോട്ടം സന്ദര്‍ശിക്കുന്നവര്‍ക്ക് കഴിക്കാന്‍ ചക്ക നല്‍കും.
രുചിയും ഗുണവും ഏറെയുള്ള , 365 ദിവസവും വിളവ് തരുന്ന ‘ആയുര്‍ ജാക്ക് ‘ എന്ന തേന്‍ വരിക്കയാണ് കയറ്റുമതിയില്‍ മുന്നില്‍. പഴുത്തു തുടങ്ങിയ ചക്ക പായ്ക്ക് ചെയ്ത് വിമാനത്തിലാണ് അയയ്ക്കുന്നത്.
മഴവെള്ളം ഒഴുകിപ്പോകാതെ ചരിവുള്ള ഭൂമിയിലേക്ക് ഇറക്കിവിടുന്ന വര്‍ഗീസിന്റെ ജലസംരക്ഷണ വിദ്യ റൂര്‍ക്കി ഐ.ഐ.ടിയില്‍ വാട്ടര്‍ മാനേജ്‌മെന്റ് എന്‍ജിനിയറിംഗില്‍ പഠന വിഷയമാണ്.
2018ല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഷോണി മിത്ര അവാര്‍ഡ്, ഐക്യരാഷ്ട്ര സഭയുടെ വാട്ടര്‍ സസ്റ്റെയ്നബിലിറ്റി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
കുറുമാലിക്കുന്നില്‍ രണ്ടിടത്തായി 8.5 ഏക്കറിലും നീര്‍ക്കോലിമുക്കില്‍ 5 ഏക്കറിലുമാണ് കൃഷി. ഏഴ് അടി ഉയരത്തിനപ്പുറം വളരാതെ മുള നുള്ളിക്കളഞ്ഞ് ശിഖരങ്ങള്‍ വളര്‍ത്തുന്നതിനാല്‍ എപ്പോഴും കായ്ക്കും.
പേരിടാത്ത, 72 കിലോയോളം തൂക്കം വരുന്ന ഭീമന്‍ ചക്ക, പഴുത്താലും 20 ദിവസം വരെ കേടുകൂടാതിരിക്കുന്ന ചക്ക തുടങ്ങിയവ നല്‍കുന്നത് ഉള്‍പ്പെടെ 60തരം പ്ലാവുകള്‍ കൃഷി ചെയ്തുതുടങ്ങിയിട്ടുണ്ട്.
അമല ആശുപത്രിക്ക് സമീപം താമസിക്കുന്ന വര്‍ഗീസിനോട് ഡോക്ടര്‍മാര്‍, കാന്‍സര്‍ രോഗികള്‍ക്ക് കൊടുക്കാന്‍ ചക്ക വേണമെന്ന് പറഞ്ഞതോടെയാണ് കൃഷി തുടങ്ങിയത്. ഗ്‌ളൂട്ടോന്‍ ഇല്ലാത്ത പഴവര്‍ഗം എന്നനിലയിലാണ് രോഗികള്‍ക്ക് നല്‍കുന്നത്. ഇപ്പോഴും കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യമായി ചക്ക നല്‍കുന്നു.
1000 ഏക്കറില്‍ കൃഷി ചെയ്താലും കൊടുക്കാന്‍ പറ്റാത്തത്ര ഓര്‍ഡറുണ്ട്. കൃഷി വിപുലീകരിച്ച് മൂല്യ വര്‍ദ്ധിത ഉത്പന്നമാക്കി മാറ്റാനും പദ്ധതിയുണ്ട്.’