MVD ജില്ലാ ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്കിടെ വീട്ടമ്മയുടെ കാഴ്ചനഷ്ടപ്പെട്ട കേസിൽ ജപ്തിചെയ്ത കാഞ്ഞങ്ങാട് ആർ.ഡി.ഒ.യുടെ ജീപ്പിന് മോട്ടോർവാഹനവകുപ്പ് വിലയിട്ടത് ആറുലക്ഷം രൂപ. നഷ്ടപരിഹാരത്തുകയ്ക്കായി ഇതു വിൽപ്പന നടത്താനുള്ള തുടർനടപടി കൈക്കൊള്ളണമെന്ന ഹർജി 27-ന് പരിഗണിക്കും.
ചെറുവത്തൂർ കാടങ്കോട്ടെ മല്ലക്കര കമലാക്ഷിയുടെ ഇടതുകണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട കേസിലാണ് ഹൊസ്ദുർഗ് സബ് കോടതി ജഡ്ജി എം.സി. ബിജുവിന്റെ ഉത്തരവ് പ്രകാരം ആർ.ഡി.ഒ.യുടെ ജീപ്പ് ജപ്തിചെയ്തത്. കാഞ്ഞങ്ങാട് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വി. വിനീത് ആണ് ജീപ്പിന്റെ മൂല്യനിർണയം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്.
2.30 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകാനുള്ള കേസിൽ ഹൈക്കോടതിയിൽ അപ്പീൽ പോകുന്നതിന് മുൻപ് സർക്കാർ ഈട് നൽകിയത് ആരോഗ്യവകുപ്പിന്റെ ജീപ്പായിരുന്നു.ഇത് കോടതിയിൽ ഹാജരാക്കിയപ്പോൾ മോട്ടോർ വാഹനവകുപ്പ് വിലയിട്ടത് വെറും 30,000 രൂപയാണ്. പലിശയടക്കം എട്ടുലക്ഷത്തോളം രൂപ കിട്ടേണ്ടിടത്ത് ഇങ്ങനെയൊരു ജീപ്പ് വേണ്ടെന്ന കമലാക്ഷിയുടെ ഹർജി പരിഗണിച്ചാണ് കോടതി ആർ.ഡി.ഒ.യുടെ ജീപ്പ് ജപ്തി ചെയ്യാൻ ഉത്തരവിട്ടത്.