Friday, May 9
BREAKING NEWS


കെ പി പ്രവീണ്‍ എങ്ങനെ പ്രവീണ്‍ റാണ ആയി? യഥാര്‍ഥ പേര് കെ.പി. പ്രവീണ്‍, ‘റാണ’ കൈയില്‍നിന്നിട്ട പേര്; ഡോക്ടറും ‘സ്വന്തം’, സ്വയം വിളിച്ചത് ‘ലൈഫ് ഡോക്ടര്‍’. കെ പി പ്രവീണ്‍ പ്രവീണ്‍ റാണ ആയ കഥ ഇങ്ങനെ….

By sanjaynambiar

തൃശൂര്‍: സേഫ് ആന്‍ഡ് സ്‌ട്രോങ് നിക്ഷേപത്തട്ടിപ്പിലെ മുഖ്യപ്രതി പ്രവീണ്‍ റാണ ഇന്നലെ പോലീസ് പിടിയിലായതോടയാണ് പ്രവീണ്‍ റാണയുടെ കഥകള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.

സേഫ് ആന്‍ഡ് സ്‌ട്രോങ് നിക്ഷേപത്തട്ടിപ്പിലെ മുഖ്യപ്രതി കെ.പി. പ്രവീണ്‍ തന്റെ പേര് പ്രവീണ്‍ റാണ എന്ന് മാറ്റിയത് പേരിന് പഞ്ച് കൂട്ടാനായിട്ടായിരുന്നു. ഔദ്യോഗിക രേഖകളിലെല്ലാം കെ.പി. പ്രവീണ്‍ എന്നാണ് പേര്.

തെരഞ്ഞെടുപ്പില്‍ മത്സരിച്ച സമയത്ത് കമീഷന് നല്‍കിയ സത്യവാങ്മൂലത്തിലും കെ.പി. പ്രവീണ്‍ തന്നെ. എന്നാല്‍, ചാനല്‍ പരിപാടികളിലും സിനിമയിലും മറ്റ് ചടങ്ങുകളിലുമെല്ലാം പ്രവീണ്‍ റാണയായിരുന്നു.

പേരിനൊപ്പമുള്ള ഡോക്ടര്‍ പദവിയും ഇയാള്‍ സ്വയം ചേര്‍ത്തതെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. വിദേശത്തെയും സ്വദേശത്തെയും തട്ടിപ്പ് സര്‍വകലാശാലകള്‍ പണം വാങ്ങി നല്‍കുന്ന ഡോക്ടറേറ്റ് പോലും റാണക്ക് ഇല്ലത്രെ. ആളുകളില്‍ വിശ്വാസ്യതയുണ്ടാക്കിയെടുക്കുകയായിരുന്നു ലക്ഷ്യം.

‘ലൈഫ് ഡോക്ടര്‍’ എന്ന പേരിലാണ് ഇയാള്‍ സ്വയം പ്രൊമോഷന്‍ നല്‍കിയിരുന്നത്. ഇതേ പേരില്‍ ചാനലില്‍ പരിപാടികളും അവതരിപ്പിച്ചു. ജീവിതത്തെ ചികിത്സിച്ച് മെച്ചപ്പെടുത്തുന്ന ആളാണ് താനെന്നാണ് റാണ അവകാശപ്പെട്ടത്.

പ്രവീണ്‍ ‘സേഫ് ആന്‍ഡ് സ്ട്രോങ് നിധി’ എന്ന പണമിടപാട് സ്ഥാപനം വഴി നൂറു കോടി രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. 18 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 11 കേസുകള്‍ തൃശ്ശൂര്‍ ഈസ്റ്റ് സ്റ്റേഷനിലും അഞ്ചെണ്ണം വെസ്റ്റ് സ്റ്റേഷനിലും ഒരെണ്ണം കുന്നംകുളം സ്റ്റേഷനിലുമാണ്. ഒരു ലക്ഷം മുതല്‍ 20 ലക്ഷം രൂപ വരെ നഷ്ടപ്പെട്ടവരായിരുന്നു പരാതിക്കാര്‍. കൂടുതല്‍ പേര്‍ പരാതിയുമായെത്തുമെന്നാണ് പൊലീസ് കരുതുന്നത്.

ഇന്നലെയാണ് പ്രവീണ്‍ റാണയെ തമിഴ്‌നാട്ടിലെ ദേവരായപുരത്ത് ഒളിച്ചുകഴിയവേ പൊലീസ് അറസ്റ്റ് ചെയ്തത്. തൃശൂരില്‍ എത്തിച്ച പ്രവീണ്‍ റാണയെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി ചോദ്യംചെയ്യുകയാണ്. ഇന്ന് കോടതിയില്‍ ഹാജരാക്കിയേക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!