പാലക്കാട്: ധോണിയെ വിറപ്പിച്ച പി ടി സെവനെ തളച്ചതിന്റെ ആശ്വാസത്തിലാണ് നാട്ടുകാരും വനം വകുപ്പും. ഇന്ന് രാവിലെ മയക്കുവെടിയേറ്റ ഒറ്റയാന്‍ പി.ടി. സെവനെ കുങ്കിയാനകളുടെ സഹായത്തോടെ ലോറിയില്‍ കയറ്റി.
ആദ്യഘട്ട ദൗത്യം വിജയിച്ചതിന് പിന്നാലെ രണ്ടാം ഘട്ടവും പൂര്‍ത്തിയായതോടെ ആനയെ ധോണി ക്യാമ്പിലേക്ക് എത്തിച്ചു. മൂന്ന് കുങ്കിയാനകളുടെ സഹായത്തോടെയാണ് ദൗത്യം പൂര്‍ത്തിയാക്കിയത്.
മയക്കു വെടിവെച്ച ആനയെ ആദ്യം ഒരു കുങ്കിയാനയെ കൊണ്ട് തള്ളിക്കയറ്റാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് രണ്ട് കുങ്കിയാനകളുടെ സഹായത്തോടെയാണ് ലോറിയില്‍ കയറ്റിയത്. ആനയുടെ കാലുകളില്‍ വടം കെട്ടി. കണ്ണുകള്‍ കറുത്ത തുണി കൊണ്ടു മൂടിയെങ്കിലും പിന്നീട് തുണി നീക്കം ചെയ്തു.
രാവിലെ 7.10നും 7.15നും ഇടയില്‍ ഇടതു ചെവിക്കു താഴെ മുന്‍കാലിന് മുകളിലായാണ് പി.ടി. സെവന്് വെടിയേറ്റത്. ചീഫ് ഫോറസ്റ്റ് വെറ്റിനറി സര്‍ജന്‍ അരുണ്‍ സഖറിയ ആണ് 75 അംഗ ദൗത്യസംഘത്തിന് നേതൃത്വം നല്‍കുന്നത്.
ആനയുടെ തുടര്‍ചലനങ്ങള്‍ നിരീക്ഷിച്ചുവരുന്നതായും ദൗത്യം വിജയമെന്ന സൂചനയാണ് ലഭിച്ചതെന്നും വനംമന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. പി.ടി. സെവനെ മയക്കുവെടിവച്ചതില്‍ സന്തോഷം പങ്കുവച്ച നാട്ടുകാര്‍, നാളുകളായുള്ള ആശങ്കയ്ക്ക് താല്‍കാലിക പരിഹാരമായെന്ന് പറഞ്ഞു.
ചെങ്കുത്തായ മലയിടുക്കില്‍ നിലയുറപ്പിച്ചതിനെ തുടര്‍ന്ന് പി.ടി. സെവനെ പിടികൂടാനുള്ള ശ്രമം ഇന്നലെ അവസാനിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ ഏഴുമാസമായി പാലക്കാട് ധോണി നിവാസികളുടെ പേടി സ്വപ്നമായിരുന്നു പി.ടി. സെവന്‍. കഴിഞ്ഞ വര്‍ഷം ജൂലൈ എട്ടിന് പ്രഭാതസവാരിക്കിറങ്ങിയ പ്രദേശവാസി ശിവരാമനെ കൊലപ്പെടുത്തിയ ആന, നിരവധി കൃഷിയിടങ്ങള്‍ ഇതിനോടകം തകര്‍ത്തു.
മയക്കുവെടിവച്ച് ആനയെ പിടികൂടാനുള്ള തീരുമാനം മാസങ്ങള്‍ക്കു മുന്‍പേ എടുത്തിരുന്നെങ്കിലും പിന്നീടു വനംവകുപ്പ് നിലപാട് മാറ്റി. ജനരോഷം ശക്തമായതിനെ തുടര്‍ന്നാണ് വീണ്ടും ആനയെ തളയ്ക്കാന്‍ ദൗത്യസംഘം ഇറങ്ങിയത്.
കാട്ടില്‍നിന്ന് നാലരകിലോമീറ്ററോളം പുറത്തേക്കിറങ്ങി വന്നാണ് ആന പരാക്രമം കാട്ടുന്നത്.
2022 നവംബര്‍ 25ന് ജനവാസമേഖലയില്‍ വീണ്ടും പി.ടി. സെവന്‍ ഇറങ്ങി. ഏക്കര്‍കണക്കിനു കൃഷി നശിപ്പിച്ചു. ആനയെക്കണ്ട് തിരിഞ്ഞോടുന്നതിനിടെ ടാപ്പിങ് തൊഴിലാളി ജോസഫിനു വീണു പരുക്കേറ്റു. വേറെയും നിരവധിപേരെ ആനയോടിച്ചു. തലനാരിഴക്കാണു പലരും രക്ഷപെട്ടത്. പി.ടി. സെവനെ കൂടണമെന്ന ആവശ്യം ഇതോടെ ശക്തമായി.
ഡിസംബര്‍ 12ന് കാടിറങ്ങിയ ആന ആറുദിവസമാണു തിരിച്ചുകയറാതെ നാട്ടില്‍ നാശം വിതച്ചത്. ആനയെ മയക്കുവെടി വയ്ക്കാനുള്ള തീരുമാനത്തില്‍നിന്ന്
ഡിസംബര്‍ അവസാനം വനംവകുപ്പ് പിന്മാറിയത് വലിയ പ്രതിഷേധമുണ്ടാക്കി. പി.ടി. സെവനെ പിടി കൂടണ്ട എന്ന ഉത്തരവ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് തിരുത്തേണ്ടിവന്നു.
എന്നാല്‍ അപ്പോഴാണ് വയനാട് ബത്തേരിയില്‍ പിഎം രണ്ടാമന്‍ എന്ന ഒറ്റയാനെത്തിയത്. ഇതോടെ, വനംവകുപ്പ് സംഘം പി.ടി. സെവനെ ഉപേക്ഷിച്ച് ബത്തേരിയിലേക്കു പോയി.
അടുത്ത ദിവസം തന്നെ പി.ടി. സെവന്‍ വീണ്ടും കാടിറങ്ങി നാശം വിതച്ചു. ഇതോടെ കാര്യം അധികൃതര്‍ ഗൗരവത്തോടെ എടുക്കുകയായിരുന്നു. തുടര്‍ന്നാണ് ദൗത്യസംഘം വീണ്ടും പാലക്കാട്ടേക്കെത്തിയത്.