തദ്ദേശ തിരഞ്ഞെടുപ്പിൽ നാട്ടിൽ വോട്ട് ചെയ്യാൻ ബെംഗളൂരു മലയാളികൾക്കു ക്വാറന്റീൻ കടമ്പ കടക്കണം. കേരളത്തിൽ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കുമ്പോഴും ബെംഗളൂരു മലയാളികൾ വോട്ട് ചെയ്യാനുള്ള ആവേശത്തിലാണ്.
കർണാടകയിൽ നിന്ന് കേരളത്തിലേക്ക് പോകുന്നവർ ജാഗ്രത പോർട്ടലിൽ നിർബന്ധമായും റജിസ്റ്റർ ചെയ്യുന്നതിന് പുറമേ യാത്രാ ആവശ്യം കൂടി വ്യക്തമാക്കണം. സന്ദർശന പാസ് ലഭിക്കുന്നതിന് യാത്രയുടെ ആവശ്യം വ്യക്തമാക്കുന്നതിനൊപ്പം ഇതിനുവേണ്ട രേഖകളും അപ്‌ലോഡ് ചെയ്യണം.
തിരഞ്ഞെടുപ്പ് സംബന്ധിച്ച ഓപ്ഷനുകളൊന്നും ഇതുവരെയും വെബ്സൈറ്റില്‍ ലഭ്യമാക്കിയിട്ടില്ല. വോട്ട് ചെയ്യാൻ പോകുന്നവർക്ക് വേണ്ട ഓപ്ഷൻ കൂടി നൽകിയാൽ കൂടുതൽ പേർക്ക് തടസ്സം കൂടാതെ നാട്ടിലേക്ക് പോകുവാൻ സാധിക്കുമെന്നതിനാൽ വരും ദിവസങ്ങളിൽ ‘തിരഞ്ഞെടുപ്പ്’ ഓപ്ഷൻ ചേർക്കുമെന്ന പ്രതീക്ഷയിലാണ് മലയാളികൾ. എന്നാല്‍ കര്‍ണാടകയിലേക്ക് പ്രവേശിക്കാന്‍ നിബന്ധനകൾ ഒന്നുമില്ല.
കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോഴും പുത്തൻ പ്രചാരണ രീതികൾക്കൊപ്പം സഞ്ചരിക്കുകയാണ് യുവതലമുറ. വാർത്താമാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും പ്രചാരണം പൊടിപൊടിക്കുകയാണ്.
നിയമസഭ, ലോക്സഭാ തിരഞ്ഞെടുപ്പ് വേളകളിൽ രാഷ്ട്രീയപാർട്ടികൾ തന്നെ വാഹനസൗകകര്യം ഏർപ്പെടുത്തിയാണ് പാർട്ടി വോട്ടർമാരെ ബെംഗളൂരുവിൽ നിന്ന് നാട്ടിലെത്തിച്ചിരുന്നത്.