Friday, December 13
BREAKING NEWS


സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് പ്രയോജനപ്പെടുത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം;തിരഞ്ഞെടുപ്പ് ഓഫീസര്‍

By sanjaynambiar

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താനായി കോവിഡ് 19 വൈറസിന്‍റെ പശ്ചാത്തലത്തില്‍ കോവിഡ് പോസിറ്റീവ് ആയവര്‍ക്കും നിരീക്ഷണത്തിലിരിക്കുന്നവര്‍ക്കും വോട്ട് ചെയ്യുന്നതിന്  പ്രത്യേക പോസ്റ്റല്‍ ബാലറ്റ് സംവിധാനം ഒരുക്കും.

സ്പെഷ്യല്‍വോട്ടര്‍മാര്‍ എന്ന വിഭാഗത്തില്‍പ്പെടുത്തിയാണ്  ഇവര്‍ക്ക് സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ്  അനുവദിക്കുന്നത്.

സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് പ്രയോജനപ്പെടുത്താന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ എസ് ഷാനവാസ് അഭ്യര്‍ത്ഥിച്ചു.

സ്പെഷ്യല്‍ ബാലറ്റിന് അര്‍ഹതയുള്ളവര്‍ അവരവരുടെ തദ്ദേശ സ്ഥാപനവുമായി ബന്ധപ്പെട്ട് വാര്‍ഡ്/ഡിവിഷന്‍, വോട്ടര്‍ പട്ടികയിലെ പാര്‍ട്ട് നമ്പര്‍ , സീരിയല്‍ നമ്പര്‍ എന്നിവ അറിഞ്ഞു വയ്ക്കണം. തിരഞ്ഞെടുപ്പ് വിഭാഗത്തില്‍ നിന്നും ബന്ധപ്പെടുമ്ബോള്‍ ഈ വിവരങ്ങള്‍ കൃത്യമായി നല്‍കാന്‍ ശ്രദ്ധിക്കണമെന്നും കലക്ടര്‍ അഭ്യര്‍ത്ഥിച്ചു.

രണ്ട് സര്‍ട്ടിഫൈഡ് ലിസ്റ്റുകള്‍ രൂപീകരിച്ചാണ് സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റിനുള്ള സംവിധാനം ഒരുക്കുന്നത്. ആദ്യ ലിസ്റ്റ് നവംബര്‍ 29ന് കൈമാറും. രണ്ടാമത്തെ ലിസ്റ്റ് വോട്ടെടുപ്പിന്‍റെ തലേ ദിവസമായ ഡിസംബര്‍ 7ന് വൈകിട്ട് മൂന്ന് മണിക്ക് മുന്‍പായി കൈമാറും. നവംബര്‍ 29ന് ശേഷമുള്ള ലിസ്റ്റില്‍ രോഗം സ്ഥിരീകരിക്കുന്നവരുടേയും നിരീക്ഷണത്തില്‍ കഴിയുന്നവരുടേയും വിവരങ്ങള്‍ അതത് ദിവസം തന്നെ ഡെസിഗ്നേറ്റഡ് ഹെല്‍ത്ത് ഓഫീസര്‍ക്ക് കൈമാറും.  ഡെസിഗ്നേറ്റഡ് ഹെല്‍ത്ത് ഓഫീസര്‍ (ഡി.എച്.ഒ.) സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കേറ്റ് ഉള്ളവര്‍ക്ക് മാത്രമേ പോസ്റ്റല്‍ ബാലറ്റ് അനുവദിക്കൂ.  

പോസ്റ്റല്‍ ബാലറ്റ് തിരഞ്ഞെടുത്തവര്‍ക്ക് തിരഞ്ഞെടുപ്പ് തിയതിക്ക് മുന്‍പ് നെഗറ്റീവ് ആയാലും നിരീക്ഷണം അവസാനിച്ചാലും നേരിട്ട് പോളിംഗ് ബൂത്തിലെത്തി വോട്ട് ചെയ്യാന്‍ സാധിക്കില്ല. വോട്ടിംഗിന് തലേ ദിവസം വൈകിട്ട് മൂന്ന് മണിക്ക് ശേഷം പോസിറ്റീവ് ആകുന്നവര്‍ക്ക് സാധാരണ വോട്ടിംഗ് സമയം അവസാനിച്ച ശേഷം അതത്  ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്താം. ഈ സമയം രോഗിയും പോളിംഗ് ഉദ്യോഗസ്ഥരും പി.പി.ഇ. കിറ്റ് ധരിക്കണം.സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് ആവശ്യമുള്ളവര്‍ക്ക് സഹായത്തിനായി കളക്ടറേറ്റിലും അതാത് വരണാധികാരികളുടെ ഓഫീസിലും പ്രത്യേകം സഹായ കേന്ദ്രങ്ങളും സജ്ജീകരിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!