Siraj ഏഷ്യകപ്പിൽ മുഹമ്മദ് സിറാജിന്റെ മാസ്മരിക പ്രകടനത്തിന്റെ ബലത്തിലാണ് ഇന്ത്യ അനായാസം കപ്പ് സ്വന്തമാക്കിയത്. 21 റൺസിന് 6 വിക്കറ്റെന്ന തകർപ്പൻ പ്രകടനം കൊണ്ട് കളം നിറഞ്ഞ സിറാജിനെ വാഴ്ത്തുകയാണ് കായിക ലോകം. ഇപ്പോഴിതാ മഹീന്ദ്ര ചെയർമാന്‍ ആനന്ദ് മഹീന്ദ്രയുടെ അഭിനന്ദന പോസ്റ്റിലെ ആരാധകരന്റെ ചോദ്യവും അതിനുള്ള ആനന്ദ് മഹീന്ദ്രയുടെ മറുപടിയുമാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. സിറാജിനും ഒരു കാറ് കൊടുത്തുകൂടെ എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. സിറാജിന് കാറ് നേരത്തെ നൽകിയെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
‘ഞങ്ങളുടെ എതിരാളികളെ ഓർത്ത് എന്റെ ഹൃദയം ഇത്രകണ്ട് മുമ്പെങ്ങും വിതുമ്പിയിട്ടില്ല. ഞങ്ങൾ അവർക്ക് നേരെ ഒരു അമാനുഷിക ശക്തിയെ അഴിച്ചുവിട്ടതു പോലെയാണ് ഇത്. മുഹമ്മദ് സിറാജ് നിങ്ങൾ ഒരു മാർവൽ അവഞ്ചറാണ്’ ഇതായിരുന്നു ആനന്ദ് മഹീന്ദ്ര എഴുതിയ കുറിപ്പ്. ഇതിന് താഴെയാണ് ഒരു ആരാധകൻ സിറാജിന് ഒരു കാറ് കൊടുത്തൂടെ എന്ന കമന്റിട്ടത്. ഇതിനകം അത് ചെയ്തുകഴിഞ്ഞുവെന്നായിരുന്നു ആനന്ദ് മഹീന്ദ്രയുടെ മറുപടി.
2021-ൽ ഓസ്‌ട്രേലിയയെ അവിടെപോയി ഇന്ത്യൻ ടീം മുട്ടുകുത്തിച്ചിരുന്നു. അന്ന് ടീമിലെ യുവതാരങ്ങളായ ശുഭ്മാൻ ഗിൽ, ശർദുൽ ഠാക്കൂർ, നവ്ദീപ് സെയ്നി, വാഷിങ്ടൺ സുന്ദർ, ടി നടരാജൻ, മുഹമ്മദ് സിറാജ് എന്നീ ക്രിക്കറ്റർമാർക്ക് മഹീന്ദ്ര ഥാർ എസ്‌യുവി സമ്മാനിച്ചിരുന്നു. ഇതാണ് വ്യവസായ പ്രമുഖൻ ഉദ്ദേശിച്ചത്.
അന്താരാഷ്ട്ര തലത്തിൽ കായിക രംഗത്ത് മികവ് തെളിയിച്ച ഇന്ത്യൻ താരങ്ങളെ അനുമോദിക്കുന്നതിൽ മഹീന്ദ്ര എപ്പോഴും മുൻപന്തിയിലാണ്. അതിൽ ഏറ്റവും അവസാനത്തേത് ചെസ് ലോകകപ്പിൽ ഫൈനലിൽ എത്തിയ പ്രഗ്യാനന്ദയുടെ മാതാപിതാക്കൾക്ക് കാറ് സമ്മാനിച്ചതാണ്. 2020-ലെ ടോക്കിയോ ഒളിമ്പിക്‌സിൽ ജാവലിൻ ത്രോയിൽ സ്വർണം നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ നീരജ് ചോപ്രയ്ക്കും മഹീന്ദ്ര കസ്റ്റമൈസഡ് എക്‌സ്‌യുവി700 സമ്മാനിച്ചിരുന്നു. ലോക വനിതാ ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ വിജയിച്ച ബോക്‌സർ നിഖത് സറീന് ഥാർ എസ്യുവിയാണ് മഹീന്ദ്ര നൽകിയത്.