Wednesday, February 5
BREAKING NEWS


മധ്യ-തെക്കൻ കേരളത്തിൽ അതിശക്തമായ മഴ; മുന്നറിയിപ്പിൽ മാറ്റം, 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്, ജാഗ്രതാ നിര്‍ദേശം

By ഭാരതശബ്ദം- 4

തിരുവനന്തപുരം: ദാന ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ കേരളത്തിൽ പരക്കെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. മധ്യ-തെക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം ഇന്ന് എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ എന്നീ എട്ടു ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ തിരുവനന്തപുരം മുതൽ തൃശൂര്‍ വരെയുള്ള ജില്ലകളിൽ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ശക്തമായതോ അതിശക്തമായതോ ആയ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം പറയുന്നത്. തിരുവനന്തപുരത്ത് ഇന്നലെ രാത്രി തുടങ്ങിയ മഴ ഇതുവരെ തോര്‍ന്നിട്ടില്ല. പൊൻമുടി കല്ലാര്‍ മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചിട്ടു. അരുവിക്കര അടക്കം ജലസംഭരണികളിൽ ജലനിരപ്പ് ഉയരുന്നുണ്ട്. കൊല്ലത്ത് ഇടവിട്ട് ശക്തമായ മഴ തുടരുകയാണ്. നീരൊഴുക്ക് വർധിച്ചതോടെ പാലരുവി വെള്ളച്ചാട്ടത്തിൽ സന്ദർശകർക്ക് താൽക്കാലിക വിലക്ക് ഏർപ്പെടുത്തി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിനോദ സഞ്ചാര കേന്ദ്രത്തിൽ പ്രവേശനമുണ്ടാകില്ല. വൃഷ്ടി പ്രദേശത്ത് മഴ ശക്തമായതോടെ തെൻമല ഡാമിൽ ജലനിരപ്പ് ഉയർന്നു. ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ള പ്രദേശങ്ങളിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. മഴയ്ക്ക് ഒപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!