കൊല്ലം: കൊല്ലത്ത് ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയ പ്രതി പിടിയിൽ. പഴയാറ്റിൻ കുഴിയിൽ വാടകയ്ക്ക് താമസിക്കുന്ന അലി ഹസീമാണ് അറസ്റ്റിലായത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ഇരവിപുരം പൊലീസ് നടത്തിയ അന്വേഷണമാണ് പ്രതിയെ പിടികൂടുന്നതിൽ നിർണ്ണായകമായത്. എറണാകുളത്ത് സ്ഥിരതാമസമാക്കിയ അലി ഹസീം മോഷണത്തിന് വേണ്ടിയായിരുന്നു കൊല്ലത്ത് വാടക വീടെടുത്ത് താമസിച്ചത്.
തട്ടാമല, മാടൻനട, പഴയാറ്റിൻ കുഴി എന്നിവിടങ്ങളിലെ നാലോളം ക്ഷേത്രങ്ങളിൽ പ്രതി കവർച്ച നടത്തി. ശ്രീകോവിലടക്കം കുത്തിതുറന്ന് സ്വർണ്ണവും നിലവിളക്കുകളും പാത്രങ്ങളും മോഷ്ടിക്കുന്നതായിരുന്നു ഇയാളുടെ രീതി. മോഷണ മുതലുകൾ കൊല്ലം ജില്ലയിലെ വിവിധ ആക്രി വ്യാപാര സ്ഥാപനങ്ങളിൽ വിറ്റ ശേഷം എറണാകുളത്തേക്ക് കടക്കുന്നതായിരുന്നു അലി ഹസീമിന്റെ പതിവ്.
ഒരേ ശൈലിയിലുള്ള മോഷണങ്ങൾ ആവർത്തിച്ചതോടെ ഇരവിപുരം പൊലീസ് പ്രതിയെ കണ്ടെത്താൻ പ്രത്യേക സംഘത്തെ രൂപീകരിച്ചിരുന്നു. 35 ഓളം സിസിടിവി ക്യാമറകൾ നിരീക്ഷിച്ചാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. രഹസ്യ നീക്കത്തിനൊടുവിൽ ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന പ്രതിയെ പിടികൂടുകയായിരുന്നു. കൂടുതൽ ജില്ലകളിൽ പ്രതി മോഷണം നടത്തിയിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിച്ചിക്കുന്നുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.