Aluva Case ആലുവയില്‍ അഞ്ചു വയസുകാരിയുടെ കൊലപാതകത്തില്‍ പ്രതി അസ്ഫാക് ആലത്തിനെതിരെ കുറ്റപത്രത്തിന്റെ കരട് തയാറായി. റേഞ്ച് ഡി.ഐ.ജിയുടെ േമല്‍നോട്ടത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ കരട് കുറ്റപത്രം പരിശോധിക്കുകയാണ്.
സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ പരിശോധനയ്ക്ക് ശേഷം കുറ്റപത്രം സെപ്റ്റര്‍ ആദ്യം കോടതിയില്‍ സമര്‍പ്പിക്കും. പ്രതി അസ്ഫാക്ക് സ്ഥിരം ലൈംഗിക കുറ്റവാളിയാണെന്നും ആസൂത്രിതമായാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്നും തെളിഞ്ഞിരുന്നു. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കില്ലെന്നുമാണ് കണ്ടെത്തല്‍.
കൊലപാതകം നടന്ന് 15 ദിവസത്തിനുള്ളില്‍തന്നെ പ്രധാാന തെളിവുകളും മൊഴികളും ശേഖരിച്ചുള്ള അന്വേഷണവും പൂര്‍ത്തിയായി. പോസ്റ്റ്‌മോര്‍ട്ടം റിമപ്പാര്‍ട്ടും ഫോറന്‍സിക് വിദഗ്ധരുടെ കണ്ടെത്തലുകളും നിര്‍ണായകമാകും. പ്രധാന തെളിവായ മുടി ഡി.എന്‍.എ. പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. പ്രധാന സാക്ഷികളായ കോഴിക്കടക്കാരനും കെ.എസ്.ആര്‍.ടി.സി. കണ്ടക്ടറും ആലുവ മാര്‍ക്കറ്റിലെ തൊഴിലാളി യൂണിയന്‍ നേതാവും പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റു സാക്ഷികളുമുണ്ട്.
ജൂലൈ 28 വൈകിട്ട് മൂന്നിനാണ് ആലുവ കെ.എസ്.ആര്‍.ടി.സി. ഗാരേജിന് സമീപം മുക്കാട്ട് പ്ലാസയില്‍ താമസിക്കുന്ന ബിഹാര്‍ സ്വദേശികളുടെ മകളെ പ്രതി അസ്ഫാക് ആലം തട്ടികൊണ്ടുപോയത്. കുട്ടിയെ കാണാതായതിന് പിന്നാലെ മാതാപിതാക്കള്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു.
പ്രതി അസ്ഫാക് ആലമിനൊപ്പം പെണ്‍കുട്ടി ഗാരേജ് ബസ് സ്‌റ്റോപ്പിലേക്ക് നടന്നുപോകുന്ന സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചിരുന്നു.
തുടര്‍ന്ന്, ഇയാളെ രാത്രി 11ന് ആലുവ തോട്ടയ്ക്കാട്ടുകരയില്‍ നിന്ന് ആലുവ ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതി സംഭവത്തിന് രണ്ട് ദിവസം മുമ്പാണ് ഈ പെണ്‍കുട്ടിയുടെ വീടനടുത്ത് താമസിക്കാനെത്തിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് ശേഷം സക്കീര്‍ എന്നയാള്‍ക്ക് കൈമാറിയെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. കുട്ടിയെ കൊണ്ടുപോയി ഫ്രൂട്ടി വാങ്ങി നല്‍കിയെന്നും പിന്നീട് കുട്ടിയെ കണ്ടില്ലെന്നുമാണ് ആദ്യം മൊഴി നല്‍കിയത്.
പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം കുട്ടി കൊല്ലപ്പെട്ടത് പീഡനത്തിന് ശേഷമാണെന്ന് ഫോറന്‍സിക് സംഘം സ്ഥിരീകരിക്കുകയായിരുന്നു. പീഡനത്തിന് ശേഷം കുട്ടി ധരിച്ചിരുന്ന ബനിയന്‍ കഴുത്തില്‍ മുറുക്കിയാണ് പ്രതി കൊലപാതകം നടത്തിയത്. കുട്ടിയെ കാണാതായി 21 മണിക്കൂറുകള്‍ക്ക് ശേഷമാണ് ആറു വയസുകാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ ആലുവ മാര്‍ക്കറ്റിന് പിറകിലെ കാടുമൂടിയ സ്ഥലത്തെ മാലിന്യക്കൂമ്പാരത്തില്‍നിന്ന് കണ്ടെത്തിയത്.
പോക്‌സോ നിയമത്തിലെ സെക്ഷന്‍ 3 എ (കുട്ടികള്‍ക്കെതിരായ ബലാത്സംഗക്കുറ്റം), സെക്ഷന്‍ 5 (എം) (പന്ത്രണ്ട് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് എതിരായ ബലാത്സംഗം), സെക്ഷന്‍ 5 (ജെ) (4) (കുട്ടിയുടെ മരണകാരണമാകുന്ന ബലാത്സംഗം) എന്നീ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
302 (കൊലപാതകക്കുറ്റം), 376 (എ) (മരണകാരണമാകുന്ന ബലാത്സംഗം), 376 (എ. ബി) (പന്ത്രണ്ട് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് എതിരായ ബലാത്സംഗം), 377 (പ്രകൃതിവിരുദ്ധ ലൈംഗിക അതിക്രമം), 367 (മാരക ഉപദ്രവത്തിനായി തട്ടിക്കൊണ്ട് പോവുക), 364 (കൊലപാതകത്തിനായി തട്ടിക്കൊണ്ട് പോവുക) എന്നിവയാണ് ചുമത്തിയിരിക്കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പുകള്‍.