കണ്ണൂര്‍: അനാഥത്വത്തിന്റെ വേദന അനുഭവിച്ച ആര്യയ്ക്കും ബിജുവിനുമിടയില്‍ ഇനി പ്രണയദിനങ്ങള്‍. ചില്‍ഡ്രന്‍സ് ഹോമില്‍ വളര്‍ന്ന ആര്യയും ബിജുവും കഴിഞ്ഞദിവസം പേരാവൂര്‍ ശ്രീകൃഷ്ണക്ഷേത്രത്തില്‍ വെച്ച് വിവാഹം കഴിച്ചു.
എറണാകുളം സര്‍ക്കാര്‍ ചില്‍ഡ്രന്സ് ഹോമില്‍ വളര്‍ന്ന ആര്യയും കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍ വളര്‍ന്ന ബിജുവും ആദ്യമായി കാണുന്നത് കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍ നടന്ന ഒരു ചടങ്ങിനിടെയാണ്.
അവിടെവച്ച് ഉണ്ടായ സൗഹൃദം വളര്‍ന്ന് പ്രണയമായി.
18 വയസ്സ് പൂര്‍ത്തിയായ ബിജു പിന്നീട് തൊഴില്‍ ആവശ്യങ്ങള്‍ക്കായി പേരാവൂര്‍ കുനിത്തലയിലെത്തി ടൈല്‍സ് പണിയിലേക്ക് തിരിഞ്ഞു. നാല് വര്‍ഷമായി കുനിത്തലയില്‍ ഒരു വാടക വീട്ടിലാണ് ബിജുവിന്റെ താമസം.
ആര്യയുമായുള്ള ബന്ധം സുഹൃത്തുക്കളോട് പങ്കുവെച്ചതോടെ സുഹൃത്തുക്കള്‍ അനാഥരായ ഇരുവരെയും ഒന്നിപ്പിക്കാന്‍ നാട്ടുകാരുടെ സഹായം തേടുകയായിരുന്നു.
ക്ഷേത്രത്തില്‍ നടന്ന ലളിതമായ ചടങ്ങില്‍ ബിജു ആര്യക്ക് മിന്നു ചാര്‍ത്തി.
കുനിത്തല സ്വദേശികളായ സി. സനീഷ്, ബിനു മങ്ങംമുണ്ട, സുനീഷ് നന്ത്യത്ത്, സനല്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു വിവാഹം.