ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും രക്തസാക്ഷിത്വത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചാണ് ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി തന്റെ പ്രസംഗം തുടര്‍ന്നത്.

ഈ രണ്ട് വ്യക്തികളുടെയും രക്തസാക്ഷിത്വത്തിന്റെ വേദന പ്രധാനമന്ത്രിയ്‌ക്കോ അമിത്ഷായ്‌ക്കോ മനസ്സിലാകില്ല. വെറുപ്പ് വിതയ്ക്കുന്ന കൊലപാതകങ്ങള്‍ ഇല്ലാതാക്കാനാണ് തന്റെ യാത്ര. അത് കോണ്‍ഗ്രസിനു വേണ്ടിയല്ല, രാജ്യത്തിനു വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
ജീവിക്കുന്നെങ്കില്‍ ഭയമില്ലാതെ ജീവിക്കണം. അതാണ് എന്റെ കുടുംബവും ഗാന്ധിജിയും പഠിപ്പിച്ചതെന്നും പറഞ്ഞു. ഇന്ത്യ മുഴുവന്‍ യാത്ര ചെയ്യുന്നത് പ്രശ്നമായി തോന്നിയില്ല. യാത്രയില്‍ ഉടനീളം ജനങ്ങള്‍ നല്‍കിയ പിന്തുണ കണ്ണു നനയിച്ചു.
കശ്മീരില്‍ കാല്‍ നട യാത്ര വേണ്ടെന്ന് സുരക്ഷാ വിഭാഗം ഉപദേശിച്ചു. ജീവിക്കുന്നെങ്കില്‍ പേടികൂടാതെ ജീവിക്കണം. അതുകൊണ്ട് കാല്‍നട ആയിതന്നെ യാത്ര ചെയ്യാന്‍ തീരുമാനിച്ചു -രാഹുല്‍ ഗാന്ധി പറഞ്ഞു. കനത്ത മഞ്ഞുവീഴ്ചയ്ക്കിടെയാണ് യാത്രയുടെ സമാപന ചടങ്ങ്.
സമാപന സമ്മേളനത്തിന് മുന്നോടിയായി പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ പിസിസി ഓഫീസില്‍ പതാക ഉയര്‍ത്തി. കനത്ത മഞ്ഞുവീഴ്ചയാണ് ഇന്നു രാവിലെ മുതല്‍ അനുഭവപ്പെടുന്നത്.
ഇടയ്ക്ക് മഞ്ഞുവീഴ്ചയ്ക്ക് അല്‍പം ശമനം വന്നുവെങ്കിലും 11 മണിയോടെ വീണ്ടും ശക്തമായി. സമാപന ചടങ്ങ് നടക്കുന്ന ഷേര്‍ ഇ കശ്മീര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ റാലിയും കലാപരിപാടികളുമടക്കം തയ്യാറാക്കിയിരുന്നു.
കശ്മീരിലെ മുതിര്‍ന്ന നേതാക്കളായ ഫാറൂഖ് അബ്ദുള്ള, മെഹബൂബ മുഫ്തി, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്ര തുടങ്ങി നിരവധി പേര്‍ റാലിയില്‍ സംസാരിച്ചു.
കന്യാകുമാരിയില്‍ തുടങ്ങിയ യാത്ര 135 ദിവസത്തിനു ശേഷമാണ് കശ്മീരില്‍ സമാപിക്കുന്നത്. 12 സംസ്ഥാനങ്ങള്‍ കടന്ന് 3970 കിലോമീറ്റര്‍ പിന്നിട്ടാണ് യാത്ര ഇന്ന് സമാപിച്ചത്. 100 കോര്‍ണര്‍ മീറ്റിംഗുകള്‍, 13 വാര്‍ത്താസമ്മേളനങ്ങള്‍, 275 വാക്കിംഗ് ഇന്ററാക്ഷന്‍സ്, 100യേറെ സിറ്റിംഗ് ഇന്ററാക്ഷന്‍സ് എന്നിവ ഇതിനിടെ നടന്നു.
21 പ്രതിപക്ഷ കക്ഷികളെ സമാപന ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നുവെങ്കിലും 12 കക്ഷികള്‍ മാത്രമാണ് പങ്കെടുത്തത്. തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ട്ടി, ടിഡിപി തുടങ്ങിയ കക്ഷികള്‍ വിട്ടുനിന്നു.