
സോളാര്‍ പീഡനക്കേസില്‍ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ ഉമ്മന്‍ ചാണ്ടിയ്ക്കും എ പി അബ്ദുള്ളക്കുട്ടിയ്ക്കും ക്‌ളീന്‍ ചിറ്റ് നല്‍കിയുള്ള റിപ്പോര്‍ട്ട് സി ബി ഐ തിരുവനന്തപുരം സി ജെ എം കോടതിയില്‍ സമര്‍പ്പിച്ചു.
ഉമ്മന്‍ ചാണ്ടിക്കെതിരായ ആരോപണത്തില്‍ തെളിവില്ലെന്നും പരാതിക്കാരിയുടെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നും സി ബി ഐയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇതോടെ കേസിലെ എല്ലാ പ്രതികളെയും സി ബി ഐ കുറ്റവിമുക്തരാക്കി.
സോളാര്‍ പീഡനക്കേസുമായി ബന്ധപ്പെട്ട് ആറുകേസുകളായിരുന്നു സി ബി ഐ രജിസ്റ്റര്‍ ചെയ്തിരുന്നത്. ഉമ്മന്‍ ചാണ്ടി, കെ സി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, എ പി അനില്‍ കുമാര്‍, എ പി അബ്ദുള്ളക്കുട്ടി എന്നിവര്‍ക്കെതിരെയായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
ഇവരില്‍ കെ സി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, എ പി അനില്‍ കുമാര്‍ എന്നിവര്‍ക്ക് സി ബി ഐ നേരത്തെ ക്‌ളീന്‍ ചിറ്റ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് മറ്റ് രണ്ടുപേര്‍ക്ക് ക്‌ളീന്‍ ചിറ്റ് നല്‍കി സി ബി ഐ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
ഉമ്മന്‍ചാണ്ടി ക്ലിഫ് ഹൗസില്‍ വച്ച് പീഡിപ്പിച്ചു എന്നായിരുന്നു പരാതി. എന്നാല്‍ പരാതിയില്‍ പറഞ്ഞിരിക്കുന്ന ദിവസം ഉമ്മന്‍ചാണ്ടി ക്ലിഫ് ഹൗസില്‍ ഉണ്ടായിരുന്നില്ലെന്ന് സി ബി ഐ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

സോളാര്‍ പദ്ധതിയ്ക്ക് സഹായം വാഗ്ദ്ധാനം ചെയ്ത് സാമ്ബത്തികമായും ലൈംഗികമായും ചൂഷണം ചെയ്തെന്നാണ് പരാതിയില്‍ വ്യക്തമാക്കിയിരുന്നത്. സോളാര്‍ പീഡനക്കേസില്‍ ആദ്യം രജിസ്റ്റര്‍ ചെയ്ത കേസ് അബ്ദുള്ളക്കുട്ടിയ്ക്ക് എതിരെയായിരുന്നു.
അബ്ദുള്ളക്കുട്ടി തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ആരോപണത്തില്‍ തെളിവുകളില്ലെന്ന് സി ബി ഐ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇതോടെ കേസിലെ ആറുപ്രതികളും കുറ്റവിമുക്തരായിരിക്കുകയാണ്.
കേരള രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു സോളാര്‍ കേസ്.
ടീം സോളാര്‍ എന്ന വിവാദ കമ്പനിയുടെ പ്രധാന വ്യാവസായിക ഇടപാടുകള്‍ എല്ലാം നടന്നത് മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചായിരുന്നു എന്ന കണ്ടത്തലിനെ തുടര്‍ന്ന്, മുഖ്യമന്ത്രിയുടെ പ്രധാന പേര്‍സണല്‍ സ്റ്റാഫുകളെ ആദ്യം സസ്പന്ഡ് ചെയ്യുകയും പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തര്‍ ആയവരെല്ലാം ടീം സോളാര്‍ വിവാദ കമ്പനിയുടെ പ്രവര്ത്തകരും ആയി അടുത്ത ബന്ധം ഉള്ളതായി പിന്നീടുള്ള അന്വേഷണങ്ങളില്‍ തെളിയുകയും ചെയ്തു.
ഉമ്മന്‍ചാണ്ടിയുടെ ഓഫീസിലെ ടെന്നി ജോപ്പന്‍, ജിക്കു ജേക്കബ്, സലിംരാജ്, ആര്‍ കെ എന്നിവര് ഈ വിവാദ കമ്പനിയുടെ പ്രവര്ത്തകരും ആയി ഒരു വര്‍ഷത്തില്‍ അധികം ആയി നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നു.
ഇവര്‍ സരിത എസ് നായരും ശാലുമേനോനും അടക്കമുള്ള ഈ കേസിലെ പ്രതികളുമായി നിരന്തരം ഫോണ്‍ വഴി ബന്ധപ്പെട്ടതിന് ടെലിഫോണ്‍ രേഖകള്‍ പുറത്തുവന്നു. ആ സമയങ്ങളില്‍ സ്വന്തമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്ത മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രസ്തുത പേര്‍സണല്‍ സ്റ്റാഫുകളുടെ ഫോണ്‍ ആണ് സ്ഥിരമായി ഉപയോഗിച്ചിരുന്നത്.
മന്ത്രിമാരും എംഎല്‍എമാരും മറ്റുജനപ്രതിനിധികളും സഹപ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളയുള്ളവരെല്ലാം ഇവരുടെ ഫോണ്‍ വഴിയാണ് മുഖ്യമന്ത്രിയെ ബന്ധപ്പെട്ടിരുന്നത്. ആയതിനാല്‍ പ്രതികള്‍ ഈ ഫോണ്‍ വിളികള്‍ വഴി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോടും സംസാരിച്ചിരുന്നു എന്ന ആരോപണം ഉയര്‍ന്നുവന്നു.
ഉമ്മന്‍ചാണ്ടി ഇത് നിഷേധിച്ചെങ്കിലും ജോപ്പനും ജിക്കുവും സലിം രാജും ഉള്‍പ്പെടെയുള്ളവര്‍ മുഖ്യമന്ത്രിയുടെ കൂടെ ഉള്ള സമയത്താണ് ഫോണ്‍ വിളികള്‍ മിക്കതും എന്നത് ആരോപണത്തിന്റെ ഗൌരവം വര്‍ദ്ധിപ്പിക്കുന്നുണ്ട്.
ഈ കേസില്‍ തട്ടിപ്പിനിരയായി ലക്ഷങ്ങള്‍ നഷ്ട്ടപ്പെട്ട പ്രമുഖ വ്യവസായി ശ്രീധരന്‍നായര്‍ താന്‍ സരിതയോടൊപ്പം മുഖ്യമന്ത്രിയെ അദ്ദേഹത്തിന്റെ ഓഫീസില്‍ വച്ച് നേരിട്ട് കാണുകയും അദ്ദേഹം നല്‍കിയ ഉറപ്പിന്‍പ്രകാരമാണ് സോളാര്‍ പദ്ധതിയില്‍ വീണ്ടും പണം നിക്ഷേപിച്ചത് എന്നും കോടതിയിലും മാധ്യമങ്ങളോടും വെളിപ്പെടുത്തുകയുണ്ടായി.
ശ്രീധരന്‍നായരെ കണ്ടിട്ടില്ല എന്ന് അവകാശപ്പെട്ട മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പിന്നീട് ശ്രീധരന്‍നായര്‍ ഓഫീസില്‍ വന്നിരുന്നെന്നും ക്വാറി ഉടമകളുടെ പ്രശ്‌നം ചര്‍ച്ച ചെയ്യുക മാത്രമാണ് ഉണ്ടായതെന്നും മാറ്റിപ്പറഞ്ഞു.
ഇത്തരം വെളിപ്പെടുത്തലുകളോടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിശ്വാസ്യതപൂര്‍ണമായും നഷ്ട്ടപ്പെടുന്ന സ്ഥിതി രൂപപ്പെട്ടു.
സരിതയോടോപ്പമാണ് മുഖ്യമന്ത്രിയെ നേരിട്ട് കണ്ടത് എന്ന ശ്രീധരന്‍നായരുടെ വാദത്തിന്റെ സത്യാവസ്ഥ പരിശോധിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന ആവശ്യമുയര്‍ന്നപ്പോള്‍ സിസിടിവി ദ്രിശ്യങ്ങള്‍ സൂക്ഷിച്ചുവയ്ക്കാറില്ല എന്നാണ് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞത്.
ഇതടക്കമുള്ള ആരോപണങ്ങള്‍ വേണ്ട ഗൌരവകരമായി അന്വേഷിക്കാന്‍ പോലീസ് തയ്യാറായില്ല. കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നതോടെ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും അന്വേഷണപരിധിയില്‍ വരുമെന്ന് ഉറപ്പായി.
എന്നാല്‍ പോലീസ് അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസും സര്‍ക്കാരും ഇടപെടുന്നു എന്ന ആരോപണം ശക്തിയായതോടെ അന്വേഷണത്തിന്റെ വിശ്വാസ്യത ഉറപ്പുവരുത്താനും അന്വേഷണം അട്ടിമറിക്കപ്പെടാനുള്ള സാധ്യത ഒഴിവാക്കാനും മുഖ്യമന്ത്രി ആ സ്ഥാനത്തുനിന്നും മാറിനിന്ന് അന്വേഷണത്തെ നേരിടണമെന്നും വിവിധ തലങ്ങളില്‍ നിന്നും ആവശ്യമുയര്‍ന്നു.
മുഖ്യമന്ത്രി രാജിവെക്കില്ല എന്ന നിലപാടില്‍ ഉറച്ചുനിന്നതോടെ സോളാര്‍ കേസ് അന്വേഷണം പ്രഹസനമായി.
ഏതാനും പേര്‍സണല്‍ സ്റ്റാഫ് അംഗങ്ങളെ ബലിയാടാക്കി രക്ഷപ്പെടാനുള്ള ശ്രമം വെളിപ്പെട്ടതോടെ മുഖ്യമന്ത്രി രാജിവച്ചു അന്വേഷണത്തെ നേരിടണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് പ്രതിഷേധങ്ങള്‍ ശക്തിപ്രാപിച്ചുകൊണ്ടിരുന്നു.
2016 ജനുവരി 25 നു സോളാര്‍ കമ്മീഷനില്‍ ഹാജരായ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ തുടര്‍ച്ചയായ 14 മണിക്കൂര്‍ ചോദ്യം ചെയ്തു.
പിന്നീട് പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോഴാണ് സരിത എസ് നായര്‍ കേസില്‍ അന്വേഷണം കാര്യക്ഷമം അല്ലെന്നും സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടത്. ഇതിനെ തുടര്‍ന്നായിരുന്നു സിബിഐ അന്വേഷണം നടന്നത്..