Chandrayaan-3 ഇന്ത്യയുടെ ആഭിമാന ചാന്ദ്രദൗത്യം ചന്ദ്രയാൻ-3 വിജയത്തിന് തൊട്ടരികെയാണ്. ഇന്ന് പേടകം ചന്ദ്രനിലിറങ്ങുന്നതോടെ ബഹിരാകാശ പര്യവേഷണ മേഖലയിൽ ഇന്ത്യ പുതുചരിത്രം കുതിക്കും. റഷ്യയുടെ ചാന്ദ്രദൗത്യമായ ലൂണ 25 തകർന്ന സാഹചര്യത്തിൽ ഇന്ത്യയുടെ ദൗത്യത്തെ ഉറ്റുനോക്കുകയാണ് ലോകം. ഇന്ന് ചന്ദ്രയാൻ 3 ഇറക്കാനായില്ലെങ്കിൽ ‘പ്ലാൻ ബി’യും ഐഎസ്ആർഒ തയ്യാറാക്കിയിട്ടുണ്ട്.
ലാൻഡർ മൊഡ്യൂളിന്റെ അവസ്ഥയും ചന്ദ്രനിലെ സാഹചര്യവും നോക്കിയാവും ലാൻഡിങ് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക. നിലവിൽ ഇന്ന് വൈകിട്ട് 6.04 ന് ലാൻഡിങ് നടത്തുമെന്നാണ് ഐഎസ്ആർഒ അറിയിച്ചിരിക്കുന്നത്. എല്ലാ കണക്കുകൂട്ടലുകളും പിഴച്ചാലും ലാൻഡർ സോഫ്റ്റ്ലാൻഡ് ചെയ്യുമെന്ന് ഉറപ്പാണെന്ന് ഐഎസ്ആർഒ വ്യക്തമാക്കുന്നു. എന്നിരുന്നാലും ഏതെങ്കിലും പ്രത്യേക സാഹചര്യത്തിൽ ലാൻഡർ മൊഡ്യൂളിന് എന്തെങ്കിലും സംഭവിച്ചാൽ ലാൻഡിങ് മാറ്റി വെച്ചേക്കും.
സാഹചര്യം അനുകൂലമാണെങ്കിൽ മാത്രമാണ് 30 കിലോമീറ്റർ ഉയരത്തിൽ നിന്ന് താഴേക്ക് ഇറക്കുക. മറിച്ചാണെങ്കിൽ ആഗസ്റ്റ് 27നായിരിക്കും ലാൻഡിങ് നടക്കുക എന്നാണ് ഐഎസ്ആർഒ അറിയിക്കുന്നത്. ആഗസ്റ്റ് 27 നാണ് ലാൻഡ് ചെയ്യുന്നതെങ്കിൽ ഇപ്പോൾ ഇറങ്ങാൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് നിന്ന് 400- 450 കിലോമീറ്റർ മാറിയാകും ലാൻഡ് ചെയ്യുക. ദൗത്യം പരാജയപ്പെടാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും എടുത്താണ് ചന്ദ്രയാൻ വിക്ഷേപിച്ചതെന്ന് ഐഎസ്ആർഒ പറയുന്നു. അതിന്റെ ഭാഗമായാണ് ബി പ്ലാനും ഐഎസ്ആർഒ തയ്യാറാക്കിയത്. ലാൻഡിംഗ് മാറ്റി വെക്കേണ്ടി വന്നാലും മുൻകൂട്ടി നിശ്ചയിച്ച പ്രകാരമായിരിക്കും ദൗത്യം മുന്നോട്ട് പോവുക.
ചന്ദ്രയാൻ രണ്ടിന് സംഭവിച്ച അവസാന നിമിഷത്തിലെ പാളിച്ച ചന്ദ്രയാൻ- 3 ന് സംഭവിക്കാതിരിക്കാൻ വിക്രം ലാൻഡറിന്റെ കാലുകൾക്ക് കൂടുതൽ ശക്തി നൽകിയിട്ടുണ്ട്. പരമാവധി വേഗത കുറച്ചാകും ലാൻഡർ ചന്ദ്രോപരിതലം തൊടുക. വിമാനത്തിന്റെ പത്തിരട്ടി വേഗത്തിൽ സഞ്ചരിക്കുന്ന പേടകത്തെ റഫ് ബ്രേക്കിംഗ് എന്ന പ്രക്രിയിലൂടെയാണ് വേഗത കുറക്കുക. സെക്കൻ്റിൽ 1-2 മീറ്റർ വേഗതയിലേക്ക് എത്തിച്ചാണ് പേടകത്തെ ഇറക്കുക. ഈ ഘട്ടത്തിലാണ് ചന്ദ്രയാൻ 2 പരാജയപ്പെട്ടത്. നിലവിൽ 25 കിലോമീറ്റർ വരെ കുറഞ്ഞ ദൂരം വരുന്ന ഏറ്റവും അടുത്ത ഭ്രമണപഥത്തിലാണ് പേടകം ചന്ദ്രനെ വലം വെക്കുന്നത്. തകർന്നു പോയ ചന്ദ്രയാൻ രണ്ടിന്റെ ഓർബിറ്ററുമായി ചന്ദയാൻ 3 ന് ആശയവിനിമയ ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞെന്ന് ഐഎസ്ആർഒ അറിയിച്ചിരുന്നു. ചന്ദ്രയാൻ 3 ദൗത്യത്തിലെ ലാൻഡർ അയയ്ക്കുന്ന സന്ദേശങ്ങളും പരിശോധനാ ഫലങ്ങളും ഓർബിറ്റർ വഴിയായിരിക്കും കൺട്രോൾ സെന്ററിലെത്തുക. ചന്ദ്രയാൻ 3ന് സ്വന്തമായി ഓർബിറ്ററില്ല.
ലാൻഡിങ്ങിന് ശേഷം പ്രഗ്യാൻ റോവർ വേർപെട്ട് ചന്ദ്രോപരിതലത്തിൽ പര്യവേഷണം നടത്തും. അശോകസ്തംഭവും ഇസ്റോയുടെ ചിഹ്നവും റോവർ ചന്ദ്രോപരിതലത്തിൽ കോറിയിടും. വെള്ളത്തിൻ്റെ സാന്നിധ്യമുൾപ്പെടെ പഠിക്കാൻ ഒരു ചാന്ദ്രദിനം, അതായത് ഭൂമിയിലെ 14 ദിവസമാകും റോവറിന് ലഭിക്കുക. ചന്ദ്രയാൻ രണ്ടിൻ്റെ ഓർബിറ്റർ വഴിയാകും ലാൻഡറുമായി ആശയവിനിമയം നടത്തുന്നത്. സോഫ്റ്റ്ലാൻഡിങ്ങിൻ്റെ ചരിത്ര നിമിഷങ്ങൾ ലൈവ് സ്ട്രീമിങ് നടത്തുമെന്ന് ഐഎസ്ആർഒ അറിയിച്ചിട്ടുണ്ട്.