സന്നിധാനത്തും പമ്പയിലും ആയുർവേദ ആശുപത്രികൾ പ്രവർത്തനം ആരംഭിച്ചു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കാണ് ഇത്തവണ മുൻതൂക്കം. തീർത്ഥാടകർ മതിയായ വിശ്രമത്തിന് ശേഷം മാത്രം മല കയറിയാൽ മതിയെന്നാണ് ഡോക്ടറുടെ നിർദേശം.
കൊവിഡ് വ്യാപന സാഹചര്യം നിലനിൽക്കുന്നതിനാൽ കർശന നിയന്ത്രണവും സുരക്ഷയുമാണ് സന്നിധാനത്ത് ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി പമ്പയിലും സന്നിധാനത്തുമായി സർക്കാർ ആയുർവേദ ആശുപത്രികളും പ്രവർത്തനമാരംഭിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കാണ് ഇത്തവണ മുൻതൂക്കം നൽകുന്നത്.
രോഗപ്രതിരോധത്തിനുള്ള എല്ലാ ആയുർവേദ മരുന്നുകളും ആശുപത്രികളിൽ ലഭ്യമാണ്. കൂടാതെ പകർച്ചവ്യാധി, അലർജി, ശാരീരിക അവശതകൾക്കുള്ള മരുന്നുകളും നൽകുന്നുണ്ട്. കൊവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ചാണ് സേവനം നൽകുന്നതെന്ന് സന്നിധാനം ആയുർവേദ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. ആർ. ശ്രീനി പറഞ്ഞു.
കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി നടപ്പാക്കിയ സ്വാസ്ഥ്യം, സുഖയുഷ്യം പദ്ധതികൾ പ്രകാരമുള്ള മരുന്നുകളാണ് ആശുപത്രികളിൽ നൽകുന്നത്. പമ്പയിലും സന്നിധാനത്തും ആരംഭിച്ചിരിക്കുന്ന ആയുർവേദ ആശുപത്രികളിൽ രണ്ട് ഡോക്ടർമാർ, ഫാർമസിസ്റ്റ്, മെഡിക്കൽ സ്റ്റാഫ്, പാരാമെഡിക്കൽ സ്റ്റാഫ്, തെറാപ്പിസ്റ്റ്, ക്ലിനിങ് സ്റ്റാഫ് എന്നിവരെ നിയോഗിച്ചിട്ടുണ്ട്.