തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ കനത്ത പോളിംഗ് രേഖപ്പെടുത്തി. ഓരോ പോളിങ് ബൂത്തുകള്‍ക്ക് മുന്നിലും വോട്ടര്‍മാരുടെ നീണ്ട ക്യൂവാണ് കാണപ്പെടുന്നത്. കോവിഡ് മാനദങ്ങള്‍ പാലിച്ചുകൊണ്ടും ആദ്യ മണിക്കൂറില്‍ 6.08 ശതമാനത്തിലേറെ പോളിംഗ് നടന്നു. ഇന്ന് വോട്ടിങ് നടക്കുന്ന അഞ്ചു ജില്ലകളിലും ഏഴുമണിക്ക് തന്നെ വോട്ടിങ് ആരംഭിച്ചു. കോവിഡ് സാഹചര്യത്തില്‍ കനത്ത ജാഗ്രതയോടെയാണ് ഇത്തവണത്തെ പോളിംഗ് നടക്കുന്നത്
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ 395 തദ്ദേശസ്ഥാപനങ്ങളില്‍ 6,911 വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ്് നടക്കുന്നത്. 41,58,341 പുരുഷന്‍മാരും 46,68,209 സ്ത്രീകളും 70 ട്രാന്‍സ്ജെന്റേഴ്സും അടക്കം 88,26,620 വോട്ടര്‍മാരാണ് ഒന്നാം ഘട്ടത്തിലുള്ളത്. ഇതില്‍ 42,530 പേര്‍ കന്നി വോട്ടര്‍മാരാണ്. 11,225 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 56,122 ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.
വോട്ടെടുപ്പ് നടക്കുന്ന ബൂത്തിനു സമീപം വോട്ട് പിടിത്തം പാടില്ല. മുനിസിപ്പല്‍, കോര്‍പ്പറേഷന്‍ പ്രദേശങ്ങളില്‍ ബൂത്തിനു 100 മീറ്റര്‍ പരിധിയിലും പഞ്ചായത്തില്‍ 200 മീറ്റര്‍ പരിധിയിലും വോട്ട് പിടിക്കുന്നതിനു കര്‍ശന വിലക്കുണ്ട്. വോട്ടിനായി അഭ്യര്‍ഥന നടത്തുക, ഏതെങ്കിലും സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാതിരിക്കാന്‍ വോട്ടറെ പ്രേരിപ്പിക്കുക, സമ്മതിദായകന്‍ വോട്ട് ചെയ്യാതിരിക്കാന്‍ പ്രേരിപ്പിക്കുക, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഔദ്യോഗിക നോട്ടിസ് അല്ലാത്ത നോട്ടിസോ ചിഹ്നമോ പ്രദര്‍ശിപ്പിക്കുക എന്നിവയും അനുവദിക്കില്ല എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി