Friday, December 13
BREAKING NEWS


തദ്ദേശ തെരഞ്ഞെടുപ്പ്; സംസ്ഥാനത്ത് 1850 പ്രശ്‌നബാധിത ബൂത്തുകള്‍; ഏറ്റവും അധികം കണ്ണൂരില്‍

By sanjaynambiar

തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 1850 പ്രശ്നബാധിത ബൂത്തുകള്‍. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത്. ഏറ്റവും കൂടുതല്‍ പ്രശ്ന ബാധിത ബൂത്തുകള്‍ (785 ) കണ്ണൂ‍ര്‍ ജില്ലയിലാണ്. അഞ്ച് പ്രശ്നബാധിത ബൂത്തുകളുള്ള പത്തനംതിട്ടയിലാണ് ഏറ്റവും കുറവ്. ഇവിടങ്ങളില്‍ വെബ്കാസ്റ്റിങ് സംവിധാനം ഏര്‍പ്പെടുത്താന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്കരന്‍ നിര്‍ദ്ദേശം നല്‍കി. വെബ് കാസ്റ്റിങ് ഇല്ലാത്ത ബൂത്തുകളില്‍ വീഡിയോഗ്രഫി നടത്തും. സംസ്ഥാന പൊലിസ് മേധാവി തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടാല്‍ അവരുടെ ചെലവില്‍ വീഡിയോ കവറേജിനുള്ള സൗകര്യവും ഒരുക്കും. 3700 രൂപയാണ് ഇതിനായി അടക്കേണ്ടത്. ഈ തുക ജില്ലാ കലക്ടറുടെ പേരില്‍ ഡിമാന്റ് ഡ്രാഫ്റ്റായി കലക്ടറേറ്റില്‍ അടക്കണം. വീഡിയോ കവറേജിനുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ അപേക്ഷ ഡിസംബര്‍ അഞ്ച് വരെ സ്വീകരിക്കും.

ജില്ലാ പഞ്ചായത്ത് ഹാളില്‍ പ്രത്യേക കണ്‍ട്രോള്‍റൂം ഒരുക്കിയാണ് വെബ്കാസ്റ്റ് നടപ്പാക്കുക. ഇതിനായി നാല്‍പത് മോണിറ്ററുകള്‍ സ്ഥാപിക്കും. വോട്ടെടുപ്പ് ദിവസം രാവിലെ അഞ്ച് മണി മുതല്‍ വൈകിട്ട് വോട്ടെടുപ്പ് അവസാനിക്കുന്നതുവരെയാണ് വെബ്കാസ്റ്റ് ചെയ്യുക. വിഷ്വലുകള്‍ ഹാര്‍ഡ് ഡിസ്‌കില്‍ റെക്കോര്‍ഡ് ചെയ്യും.

നെറ്റ് വര്‍ക്ക് വഴി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്ത് കൈമാറും. പൊലീസ്, റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങിയ പ്രത്യേക ടീം വെബ്കാസ്റ്റ് നിരീക്ഷിക്കും. വെബ്കാസ്റ്റിനാവശ്യമായ മറ്റ് സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന് കെ എസ് ഇ ബി, ബി എസ് എന്‍ എല്‍ ഉദ്യോഗസ്ഥരുടെ സഹായവും തേടും.

മൂന്ന് ഘട്ടങ്ങളായാണ് സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യ ഘട്ടം ഡിസംബര്‍ എട്ടിനും രണ്ടാം ഘട്ടം ഡിസംബര്‍ പത്തിനും മൂന്നാം ഘട്ടം ഡിസംബര്‍ 14 നും നടക്കും. ഡിസംബര്‍ എട്ടിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ തെരഞ്ഞെടുപ്പ് നടക്കും. ഡിസംബര്‍ 10 ന് കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് എന്നീ ജില്ലകളിലും ഡിസംബര്‍ 14 ന് മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുമാണ് തെരഞ്ഞെടുപ്പ് നടക്കുക. ഡിസംബര്‍ 16 നാണ് ഫല പ്രഖ്യാപനം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!