മാസങ്ങളായി നീളുന്ന സര്‍ക്കാര്‍ – ഗവര്‍ണര്‍ പോരിന് അവസാനം. നിയമസഭാ സമ്മേളനം പിരിയുന്നതായി ഗവര്‍ണറെ അറിയിക്കാനും ബജറ്റ് സമ്മേളനത്തിന് ആരംഭം കുറിച്ചുള്ള നയപ്രഖ്യാപന പ്രസംഗത്തിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ക്ഷണിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.
സജി ചെറിയാന്റെ സത്യപ്രതിജ്ഞയ്ക്ക് വിയോജിപ്പോടെ ഗവര്‍ണര്‍ അനുമതി നല്‍കിയതിന് പിന്നാലെയാണ് ഗവര്‍ണറെ നിയമസഭയിലെ നയപ്രഖ്യാപന പ്രസംഗത്തിനായി ക്ഷണിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
സര്‍ക്കാരിനും ഗവര്‍ണര്‍ക്കും ഇടയിലെ മഞ്ഞുരുകുന്നു എന്ന സൂചനകളാണ് ഇത് നല്‍കുന്നത് പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനം ഡിസംബര്‍ 5ന് ആരംഭിച്ച് 13ന് പിരിഞ്ഞെങ്കിലും സമ്മേളനം അവസാനിച്ചതായി ഗവര്‍ണറെ ഔദ്യോഗികമായി അറിയിച്ചിരുന്നില്ല.
പുതുവര്‍ഷത്തിലെ ആദ്യ സമ്മേളനം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് ആരംഭിക്കേണ്ടത്. നയപ്രഖ്യാപന പ്രസംഗം നീട്ടുന്നതിന്റെ ഭാഗമായാണ് ഏഴാം സമ്മേളനം കഴിഞ്ഞ വിവരം ഔദ്യോഗികമായി ഗവര്‍ണറെ അറിയിക്കാതിരുന്നത്.
ഗവര്‍ണറുമായി തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഏഴാം സമ്മേളനത്തിന്റെ തുടര്‍ച്ചയായി അടുത്ത സമ്മേളനം വിളിച്ച് നയപ്രഖ്യാപന പ്രസംഗം പരമാവധി നീട്ടികൊണ്ടുപോകാനായിരുന്നു സര്‍ക്കാര്‍ ആലോചന.
സജി ചെറിയാന്‍ വിഷയത്തില്‍ ഗവര്‍ണര്‍ സര്‍ക്കാരിന് അനുകൂലമായ നിലപാടെടുത്തതോടെയാണ് സര്‍ക്കാരും വിട്ടുവീഴ്ചയ്ക്ക് തയാറായത്. ഉടന്‍ സഭാ സമ്മേളനം അവസാനിപ്പിച്ചതായി കാട്ടി വിജ്ഞാപനം ഇറക്കും.
കഴിഞ്ഞ ഒരു വര്‍ഷക്കാലമായി വളരെ മോശം ബന്ധമാണ് ഗവര്‍ണറും സര്‍ക്കാരും തമ്മിലുണ്ടായിരുന്നത്. വിവിധ വിഷയങ്ങളില്‍ അടിച്ചും തിരിച്ചടിച്ചും ഇരുകൂട്ടരും മുന്നോട്ട് നീങ്ങുകയായിരുന്നു. സിപിഎമ്മും എല്‍ഡിഎഫും ഗവര്‍ണര്‍ക്കെതിരെ ശക്തമായ നിലപാട് എടുത്തും രാജ്ഭവന്‍ മാര്‍ച്ച് അടക്കം നടത്തിയും രംഗത്തുണ്ടായിരുന്നു.
ആഴ്ചകള്‍ക്ക് മുന്‍പ് വരെ ഗവര്‍ണറും മുഖ്യമന്ത്രിയും ആരോപണ പ്രത്യാരോപണങ്ങളുമായി വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. സിപിഎം- എല്‍ഡിഎഫ് നേതാക്കള്‍ പരസ്യമായി ഗവര്‍ണറെ ആക്രമിച്ചപ്പോള്‍ മന്ത്രിമാര്‍ പരോക്ഷ വിമര്‍ശനം തുടര്‍ന്നു.
വിയോജിപ്പോടെയാണെങ്കിലും സജി ചെറിയാനെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിച്ചതോടെയാണ് ഗവര്‍ണറോടുള്ള നിലപാടില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സജി ചെറിയാനെ മന്ത്രിയാക്കാന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി ഗവര്‍ണറെ രേഖാമൂലം അറിയിച്ചിരുന്നു.
തുടര്‍ന്നാണ് മുന്‍ നിലപാടില്‍ ഗവര്‍ണര്‍ മാറ്റം വരുത്തിയത്. ഇതോടെ എല്‍ഡിഎഫ് നേതാക്കളുമായി ചര്‍ച്ച നടത്തിയ മുഖ്യമന്ത്രി നയപ്രഖ്യാപന പ്രസംഗത്തോടെ ബജറ്റ് സമ്മേളനം ആരംഭിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
സജി ചെറിയാന്റെ മന്ത്രിസഭയിലേക്കുള്ള മടങ്ങിവരവ് തടയാന്‍ ഗവര്‍ണര്‍ ശക്തമായി ശ്രമിക്കും എന്നാണ് പൊതുവെ കരുതിയിരുന്നത്. എന്നാല്‍ മന്ത്രിമാരെ നിയമിക്കുന്നതില്‍ പൂര്‍ണ അധികാരം മുഖ്യമന്ത്രിക്കാണെന്ന നിയമോപദേശം ലഭിച്ചതോടെ തുറന്ന യുദ്ധത്തില്‍ നിന്നും ഗവര്‍ണര്‍ പിന്മാറി.
സജി ചെറിയാനെതിരായ ഹര്‍ജികള്‍ ഇപ്പോഴും കോടതികളില്‍ പരിഗണനയില്‍ ഉള്ള സാഹചര്യത്തില്‍ ഈ തീരുമാനം മൂലമുണ്ടാവുന്ന എല്ലാ പ്രത്യാഘാതവും മുഖ്യമന്ത്രിയും സര്‍ക്കാരും ഒറ്റയ്ക്ക് നേരിടണം എന്ന് വ്യക്തമാക്കി ഗവര്‍ണര്‍ സത്യപ്രതിജ്ഞയ്ക്ക് അനുമതി നല്‍കി.
പ്രതീക്ഷിച്ച യുദ്ധത്തില്‍ നിന്നും ഗവര്‍ണര്‍ പിന്‍മാറിയതോടെയാണ് അതിനെ ശുഭസൂചനയായി കണ്ട് പോരാട്ടം മയപ്പെടുത്താനുള്ള തീരുമാനം സിപിഎമ്മും സ്വീകരിച്ചത്.
ഇന്നലെ വൈകിട്ട് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പിണറായിയും തമ്മില്‍ ഇക്കാര്യത്തില്‍ ധാരണയിലെത്തിയതോടെയാണ് ഗവര്‍ണര്‍ക്കെതിരായ തുറന്ന യുദ്ധത്തില്‍ നിന്നും എല്‍ഡിഎഫും സര്‍ക്കാരും പിന്നോട്ട് പോകുന്ന നിലയിലേക്ക് കാര്യങ്ങളെത്തിയത്.