Monday, March 24
BREAKING NEWS


വേനൽച്ചൂടിൽ കേരളം കുടിച്ചത് 100 കോടിയുടെ കുപ്പിവെള്ളം Heavy sunlight

By sanjaynambiar

Heavy sunlight കേരളം ഇത്തവണ വേനൽച്ചൂടിൽ കുടിച്ചത് 100 കോടി രൂപയുടെ കുപ്പിവെള്ളം. 2023 ജനുവരി മുതൽ ഓഗസ്റ്റ് വരെയുള്ള എട്ട് മാസം കൊണ്ടാണിത്. സാധാരണ ഫെബ്രുവരി മുതൽ മേയ് വരെയാണ് സംസ്ഥാനത്ത് കുപ്പിവെള്ള വ്യാപാരം കാര്യമായി നടക്കുന്നത്. എന്നാൽ, ഇത്തവണ ചൂട് കൂടിയതും ഉത്സവാഘോഷങ്ങളും വിൽപ്പന ഉയർത്തി. ചൂട് വീണ്ടും ഉയർന്നാൽ വിൽപ്പന ഉയരുമെന്നാണ് വ്യാപാരികൾ പറയുന്നത്.

കേരളത്തിലെ ആവശ്യം മുന്നിൽ കണ്ട് സ്വദേശികളും വൻകിട കമ്പനികളും കൂടുതൽ വെള്ളം വിപണിയിൽ എത്തിച്ചിരുന്നു. ഓണത്തിനു മാത്രം 20 ശതമാനം അധിക വിൽപ്പനയാണ് സംസ്ഥാനത്ത് നടന്നതെന്ന് വ്യാപാരികൾ പറഞ്ഞു.

കേരളത്തിൽ ഒരു ലിറ്ററിന്റെ കുപ്പിവെള്ളത്തിനാണ് ആവശ്യം കൂടുതൽ. ദിവസം ഒരു ലിറ്ററിന്റെ ഏതാണ്ട് 60,000 കുപ്പിവെള്ളമാണ് സംസ്ഥാനത്ത് വിൽക്കുന്നതെന്നാണ് കണക്കാക്കുന്നത്. ചില ദിവസങ്ങളിൽ വിൽപ്പന ഉയരും. 20 രൂപയാണ് വില. കൂടുതലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും ടൗൺ കേന്ദ്രീകരിച്ചുമാണ് വിൽപ്പന. അതേസമയം, സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന്റെ (കെ.ഐ.ഐ.ഡി.സി.) കീഴിലുള്ള പൊതുമേഖലാ കുപ്പിവെള്ള ബ്രാൻഡായ ‘ഹില്ലി അക്വാ’യ്ക്ക് ലിറ്ററിന് 15 രൂപയാണ് വില.

അര ലിറ്ററിന്റെ മുതൽ കുപ്പിവെള്ളം വിൽപ്പനയ്ക്കായുണ്ട്. എന്നാൽ, ഇവ കൂടുതലായും കല്യാണം, സമ്മേളനങ്ങൾ പോലുള്ള സ്വകാര്യ പരിപാടികൾക്കാണ് ഉപയോഗിക്കുന്നത്. 10 രൂപയാണ് അര ലിറ്റർ കുപ്പിവെള്ളത്തിന്റെ വില. കൂടാതെ രണ്ട് ലിറ്റർ കുപ്പിവെള്ളത്തിനും ആവശ്യക്കാരുണ്ട്. 35 രൂപയാണ് വില. സംസ്ഥാനത്ത് ഏതാണ്ട് 270 കുപ്പിവെള്ള നിർമാണ യൂണിറ്റുകളാണുള്ളത്.

ഓഫീസുകളിലും വീടുകളിലുമാണ് 20 ലിറ്റർ വെള്ളത്തിന്റെ ജാറിന് ആവശ്യം. 60 രൂപ മുതലാണ് ഇവയുടെ വില. ഇതിൽ ഏറ്റവും കൂടുതൽ വിൽപ്പന എറണാകുളം ജില്ലയിലാണ്. ദിവസം 20,000 ലിറ്റർ വെള്ളത്തിന്റെ ജാറാണ് എറണാകുളത്ത് മാത്രം വിൽക്കുന്നത്. എറണാകുളം കഴിഞ്ഞാൽ തിരുവനന്തപുരം, കോഴിക്കോട്, തൃശ്ശൂർ ജില്ലകളിലും 20 ലിറ്റർ വെള്ളത്തിന്റെ ജാറിന് ആവശ്യക്കാരുണ്ട്. നഗരങ്ങൾ കേന്ദ്രീകരിച്ചാണ് ഇത്തരം വെള്ളത്തിന്റെ വിൽപ്പന കൂടുതൽ.

കുപ്പികളിൽ വെള്ളം നിറച്ചുകൊടുക്കാൻ മാത്രം ലൈസൻസുള്ളവർ കുപ്പിവെള്ളം അനധികൃതമായി സംസ്ഥാനത്ത് വിൽക്കുന്നുണ്ടെന്ന് വ്യാപാരികൾ പറയുന്നു. ഒരു സുരക്ഷയും ഇല്ലാതെയാണ് ഇത്തരം വിൽപ്പന.

വെള്ളം നിർമാണ പ്ലാന്റ് സ്ഥാപിക്കാൻ 17 തരം ലൈസൻസാണ് വേണ്ടത്. കൂടാതെ ലാബ് സൗകര്യങ്ങളടക്കം പ്ലാന്റിൽ ആവശ്യമായുണ്ട്. വെള്ളത്തിനായി ഉപയോഗിക്കുന്ന കുപ്പിയും ഉയർന്ന നിലവാരമുള്ള പ്ലാസ്റ്റിക് ആയിരിക്കണം. ഇത്തരം കുപ്പികളിൽ ബാച്ച് നമ്പർ, വെള്ളത്തിന്റെ കാലാവധി തുടങ്ങി വിവിധ വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കണം. ഇത്തരം വിവരങ്ങൾ ഇല്ലാതെയാണ് ഇക്കൂട്ടർ കുപ്പിവെള്ളം വിൽപ്പനയ്ക്കായി എത്തിക്കുന്നത്. ലൈസൻസ് ഇല്ലാതെ കുപ്പിവെള്ളം വിൽക്കുന്നവർക്കെതിരേ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് കുപ്പിവെള്ള നിർമാതാക്കൾ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!