ICC ODI Rankings ഐസിസി ഏകദിന റാങ്കിങ്ങില്‍ ബാറ്റര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസമുമായുള്ള റേറ്റിങ് പോയിന്‍റിലെ വ്യത്യാസം ഗണ്യമായി കുറച്ച് ഇന്ത്യയുടെ യുവ താരം ശുഭ്‌മാന്‍ ഗില്‍
ഇന്ന് പുറത്തുവന്ന ഏറ്റവും പുതിയ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന ബാബറുമായി 10 റേറ്റിങ് പോയിന്‍റിന്‍റെ അകലം മാത്രമാണ് ഗില്ലിനുള്ളത്. നിലവില്‍ 857 റേറ്റിങ് പോയിന്‍റാണ് ബാബര്‍ക്കുള്ളത്. 847 റേറ്റിങ് പോയിന്‍റുമായാണ് ശുഭ്‌മാന്‍ ഗില്‍ തൊട്ടുപിന്നില്‍ നില്‍ക്കുന്നത്.
കഴിഞ്ഞ ആഴ്‌ചത്തെ റാങ്കിങ്ങില്‍ 43 പോയിന്‍റിന്‍റെ വ്യത്യസമായിരുന്നു ഗില്ലും ബാബറും തമ്മില്‍ ഉണ്ടായിരുന്നത്. ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലെ പ്രകടന മികവാണ് 24-കാരനായ ഗില്ലിന്‍റെ റേറ്റിങ് പോയിന്‍റ് ഉയര്‍ത്തിയത്.
മൊഹാലിയില്‍ നടന്ന ആദ്യ മത്സരത്തില്‍ 63 പന്തില്‍ 74 റണ്‍സ് നേടിയ താരം, ഇന്‍ഡോറിലെ രണ്ടാം ഏകദിനത്തില്‍ 97 പന്തില്‍ 104 റണ്‍സായിരുന്നു അടിച്ച് കൂട്ടിയത്. ഓസീസിനെതിരായ മൂന്നാം ഏകദിനത്തില്‍ സെലക്‌ടര്‍മാര്‍ ഗില്ലിന് വിശ്രമം അനുവദിച്ചിരുന്നു. മത്സരത്തില്‍ ശുഭ്‌മാന്‍ ഗില്‍ കളിക്കുകയും 22 റണ്‍സില്‍ കൂടുതല്‍ സ്‌കോര്‍ ചെയ്യുകയും ചെയ്‌തിരുന്നെങ്കില്‍ ലോക ഒന്നാം നമ്പര്‍ ബാറ്ററായി ലോകകപ്പിന് ഇറങ്ങാന്‍ ഗില്ലിന് കഴിയുമായിരുന്നു.
ജോലിഭാരം കുറയ്‌ക്കുന്നതിന്‍റെ ഭാഗമായാണ് ഗില്ലിന് സെലക്‌ടര്‍മാര്‍ വിശ്രമം അനുവദിച്ചത്. ഏഷ്യ കപ്പ് സൂപ്പര്‍ ഫോറില്‍ ശ്രീലങ്കയ്‌ക്ക് എതിരായ തോല്‍വിക്ക് ശേഷം ബാബര്‍ അസമും പാകിസ്ഥാനും ഒരൊറ്റ മത്സരം പോലും കളിച്ചിട്ടില്ല.
അതേസമയം വിരാട് കോലിയാണ് ബാറ്റര്‍മാരുടെ പട്ടികയില്‍ ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യന്‍ താരം.694 റേറ്റിങ് പോയിന്‍റുമായി ഒമ്പതാമതാണ് കോലിയുള്ളത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ 11-ാം റാങ്കിലാണ്. ബോളര്‍മാരുടെ പട്ടികയില്‍ ഇന്ത്യയുടെ മുഹമ്മദ് സിറാജ് ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 680 റേറ്റിങ് പോയിന്‍റാണ് താരത്തിനുള്ളത്.