2020 നെ അപേക്ഷിച്ച് അടുത്ത വര്‍ഷം മികച്ചതാകുമെന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ചെയര്‍മാന്‍ ആര്‍ സി ഭാര്‍ഗവ. അടുത്ത വര്‍ഷം സമ്പദ്‌വ്യവസ്ഥയില്‍ തിരിച്ചുവരവുണ്ടാകുമെന്നും പകര്‍ച്ചവ്യാധിയുടെ പ്രതിസന്ധിയില്‍ നിന്ന് രാജ്യം പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. ഡിസംബര്‍ മാസത്തെ റീട്ടെയില്‍ വില്‍പ്പനക്കണക്കുകള്‍ മികച്ചതാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.
ഉത്സവ സീസണ്‍ കഴിഞ്ഞിട്ടും ഡീലര്‍മാരില്‍ നിന്ന് വലിയ അളവില്‍ ഓര്‍ഡറുകള്‍ തങ്ങളിലേക്ക് എത്തുന്നതായും ഭാര്‍ഗവ വ്യക്തമാക്കി. ബ്ലൂംബെര്‍ഗ് ടെലിവിഷന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇപ്രകാരം പ്രതികരിച്ചത്. ‘2020 ഒരു നല്ല വര്‍ഷമായിരുന്നില്ല. ഞങ്ങള്‍ക്ക് ആദ്യ പാദം നഷ്ടപ്പെട്ടു, 2020 നെക്കാള്‍മികച്ചതായിരിക്കും 2021, ഞാന്‍ തീര്‍ച്ചയായും പ്രതീക്ഷിക്കുന്നു,’ അദ്ദേഹം പറഞ്ഞു.
ഡീലര്‍ഷിപ്പുകളിലെ ഇന്‍വെന്ററികള്‍ വര്‍ഷങ്ങളായി അവര്‍ക്ക് ഉണ്ടായിരുന്ന ഏറ്റവും താഴ്ന്ന നിലയിലായിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.ഈ വര്‍ഷം ആദ്യം ലോക്ക്ഡണുകള്‍ ഏര്‍പ്പെടുത്തിയത് മൂലം ഉല്‍പ്പാദനം നിലച്ച അവസ്ഥയില്‍ നിന്ന് മാരുതി ക്രമേണ ഉല്‍പാദനം വര്‍ദ്ധിപ്പിച്ചു. ”ഇപ്പോള്‍ ഞങ്ങള്‍ പൂര്‍ണ്ണ ശേഷിയില്‍ പ്രവര്‍ത്തിക്കുന്നു,” ഭര്‍ഗവ പറഞ്ഞു. കയറ്റുമതി ഉള്‍പ്പെടെയുള്ള കമ്പനിയുടെ വില്‍പ്പന നവംബറില്‍ 1.7 ശതമാനം ഉയര്‍ന്ന് 153,223 വാഹനങ്ങളില്‍ എത്തി.