India ഓസ്ട്രേലിയ ഉയർത്തിയ 277 റൺസ് വിജയലക്ഷ്യം ഇന്ത്യ 48.4 ഓവറിൽ മറികടന്നു. ഓപ്പണിംഗ് സഖ്യത്തിൽ ശുഭ്മാൻ ഗിൽ 74 (63), ഋതുരാജ് ഗെയ്ക് വാദ് 71 (77) എന്നിവർ ചേർന്ന് 21.4 ഓവറിൽ നേടിയ 142 റൺസാണ് ഇന്ത്യൻ ഇന്നിംഗ്സിന് കരുത്തായത്.
ഗെയ്ക് വാദ് പുറത്തായതിന് ശേഷമെത്തിയ ശ്രേയസ് അയ്യർ റണ്ണൗട്ടായതോടെ ഇന്ത്യ 148 ന് രണ്ട് എന്ന നിലയിലായി. തുടർന്ന് ശുഭ്മാൻ ഗില്ലും പുറത്തായി. പിന്നീട് വന്ന ഇഷാൻ കിഷന് നല്ല തുടക്കം കിട്ടിയെങ്കിലും മുതലാക്കാനായില്ല.
185 ന് നാല് എന്ന നിലയിലായ ആതിഥേയരെ ക്യാപ്റ്റൻ കെ എൽ രാഹുൽ, സൂര്യകുമാർ യാദവ് എന്നിവർ ചേർന്ന് വിജയ തീരത്തേക്ക് അടുപ്പിച്ചു. ജയിക്കാൻ 12 റൺസ് മാത്രമുള്ളപ്പോൾ സൂര്യ കുമാർ യാദവ് 50 (49) പുറത്തായെങ്കിലും കൂടുതൽ വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ വിജയം വരിച്ചു .കെ എൽ രാഹുൽ 63 ബോളിൽ പുറത്താകാതെ 58 റൺസ് നേടി.
ഓസ്ട്രേലിയയ്ക്കായി സ്പിന്നർ ആദം സാംപ രണ്ട് വിക്കറ്റ് വീഴ്ത്തി.നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ സന്ദർശകർ നിശ്ചിത അമ്പത് ഓവറിൽ 276 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു.52 റൺസെടുത്ത ഡേവിഡ് വാർണറാണ് ഓസീസ് നിരയിലെ ടോപ്പ് സ്കോറർ. ജോഷ് ഇഗ് ലിസ് (45), സ്റ്റീവ് സ്മിത്ത് (41), ലബു ഷെയ്ൻ (41) എന്നിവരും തിളങ്ങി.
അവസാന ഓവറുകളിൽ തകർത്തടിച്ച മാർക് സ്റ്റോയ്നിസ്, പാറ്റ് കമ്മിൺസ് എന്നിവരാണ് സ്കോർ 250 കടത്തിയത്.ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി 51 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി. ബുമ്ര, അശ്വിൻ, ജഡേജ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. 10 ഓവറിൽ 78 റൺസ് വഴങ്ങിയ ഷാർദ്ദൂൽ ഠാക്കൂറിന് വിക്കറ്റൊന്നും നേടാനായില്ല.