Thursday, November 21
BREAKING NEWS


ഐഎസ്‌എല്ലിന് 21ന്‌ തുടക്കം ; ഗോളടിക്കാൻ വിദേശക്കരുത്ത്‌ ISL

By sanjaynambiar

ISL ഇന്ത്യൻ സൂപ്പർ ലീഗ്‌ ഫുട്‌ബോളിന്റെ 10–-ാംസീസണിലും ഗോളടിക്കാൻ വിദേശനിര. 12 ക്ലബ്ബുകൾക്കും മുന്നേറ്റനിരയിൽ വിദേശതാരങ്ങളാണ്‌. പുതിയ സീസണിന്റെ തുടക്കം ബുധനാഴ്‌ചയാണ്‌. കൊച്ചിയിൽ കേരള ബ്ലാസ്‌റ്റേഴ്‌സും ബംഗളൂരു എഫ്‌സിയും തമ്മിലാണ്‌ ആദ്യകളി. ഫെറാൻ കൊറോമിനാസും ബർതലോമിയോ ഒഗ്‌ബെച്ചെയും തുടങ്ങിയ ഗോളടിക്കാരായിരുന്നു കഴിഞ്ഞ സീസണുകളിൽ ഐഎസ്‌എല്ലിൽ നിറഞ്ഞുനിന്നത്‌. സുനിൽ ഛേത്രിയായിരുന്നു ഇന്ത്യൻ സാന്നിധ്യം. ഇക്കുറി നിലവിലെ ചാമ്പ്യൻമാരായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌ ആണ്‌ കരുത്തിലും കണക്കുകൂട്ടലിലും മുന്നിൽ. മുന്നേറ്റനിരയുടെ കരുത്താണ്‌ അവരുടെ ആത്മവിശ്വാസം.

Also Read : https://panchayathuvartha.com/left-front-meeting-tomorrow/

ഓസ്‌ട്രേലിയയുടെ ദിമിത്രോസ്‌ പെട്രറ്റോസും ജാസൺ കമ്മിങ്‌സും അൽബേനിയക്കാരൻ അർമാൻഡോ സാദിക്കുവും ഉൾപ്പെടുന്ന മുന്നേറ്റനിര എതിരാളികളുടെ പ്രതിരോധം തകർക്കാൻ കെൽപ്പുള്ളവരാണ്‌. യുവാൻ ഫെർണാണ്ടോയാണ്‌ പരിശീലകൻ. മുൻ ചാമ്പ്യൻമാരായ ഹൈദരാബാദിന്‌ കോസ്‌റ്ററിക്കയുടെ ജൊനാതൻ മോയയാണ്‌ മുൻനിരയിൽ. 2022 ലോകകപ്പ്‌ യോഗ്യതാ മത്സരങ്ങൾക്കുള്ള കോസ്‌റ്ററിക്കൻ ടീമിൽ അംഗമായിരുന്നു. കൊണോർ നെസ്റ്ററാണ്‌ ഹൈദരാബാദിന്റെ പരിശീലകൻ.

കഴിഞ്ഞ സീസണിൽ ബ്ലാസ്‌റ്റേഴ്‌സിനായി തകർപ്പൻ കളിയാണ്‌ ദിമിത്രിയോസ്‌ ഡയമന്റാകോസ്‌ എന്ന ഗ്രീക്കുകാരൻ പുറത്തെടുത്തത്‌. 12 ഗോൾ ആകെ നേടി. ഈ സീസണിലും ഡയമന്റാകോസാണ്‌ ഇവാൻ വുകോമനോവിച്ചിന്റെ സംഘത്തിന്റെ പ്രതീക്ഷ. ഒഡിഷ എഫ്‌സിക്ക്‌ ദ്യേഗോ മൗറീസിയോ എന്ന ബ്രസീലുകാരനാണ്‌ ഗോൾവേട്ടയ്‌ക്ക്‌. കഴിഞ്ഞ സീസണിൽ 23 ഗോളുമായി ടോപ്‌ സ്‌കോററായി. നവാഗതരായ പഞ്ചാബ്‌ എഫ്‌സി വിൽമർ ജോർദാൻ ഗില്ലുമായാണ്‌ എത്തുന്നത്‌. കഴിഞ്ഞ സീസണിൽ നോർത്ത്‌ ഈസ്‌റ്റ്‌ യുണൈറ്റഡ്‌ എഫ്‌സിക്കായി എട്ട്‌ ഗോളാണ്‌ കൊളംബിയക്കാരൻ നേടിയത്‌.

ജോർജ്‌ പെരേര ഡയസാണ്‌ മുംബൈ സിറ്റി എഫ്‌സിയുടെ ഊർജം. ഗോളടിക്കാൻ മാത്രമല്ല ഗോളടിപ്പിക്കാനും മിടുക്കനാണ്‌ ഈ അർജന്റീനക്കാരൻ. കഴിഞ്ഞ സീസണിൽ 11 ടീമുകളായിരുന്നു. പഞ്ചാബ്‌ എഫ്‌സി എത്തിയതോടെ എണ്ണം 12 ആയി.ടീമുകൾ: ബംഗളൂരു എഫ്‌സി, ചെന്നൈയിൻ എഫ്‌സി, ഈസ്‌റ്റ്‌ ബംഗാൾ, എഫ്‌സി ഗോവ, ഹൈദരാബാദ്‌ എഫ്‌സി, ജംഷഡ്‌പുർ എഫ്‌സി, കേരള ബ്ലാസ്‌റ്റേഴ്‌സ്‌, മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌, മുംബൈ സിറ്റി, നോർത്ത്‌ ഈസ്‌റ്റ്‌ യുണൈറ്റഡ്‌, ഒഡിഷ എഫ്‌സി, പഞ്ചാബ്‌ എഫ്‌സി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!