നാളെ നടക്കുന്ന ഐ എസ് എല്‍ ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സും എ ടി കെ തമ്മിലാണ് ഏറ്റുമുട്ടുന്നത്. ഇത് മുന്‍ കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റനും കേരള ബ്ലാസ്റ്റേഴ്സിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരവുമായ സന്ദേശ് ജിങ്കന് വളരെയേറെ പ്രത്യേകത ഉള്ള ദിവസമാകും. ജിങ്കന്റെ പുതിയ ക്ലബിലെ ആദ്യ മത്സരവും ഒപ്പം കേരള ബ്ലാസ്റ്റേഴ്സിന് എതിരായുള്ള താരത്തിന്റെ ആദ്യ മത്സരവും ആകും. നാളെ കേരള ബ്ലാസ്റ്റേഴ്സിനെ തോല്‍പ്പിക്കല്‍ മാത്രമാണ് ലക്ഷ്യം എന്നും വേറെ ചിന്തകള്‍ ഒന്നും ഇല്ല എന്നും ജിങ്കന്‍ പറഞ്ഞു.
എ ടി കെയ്ക്ക് മുന്‍ വര്‍ഷങ്ങളില്‍ കേരള ബ്ലാസ്റ്റേഴ്സിനെതിരെ അത്ര നല്ല റെക്കോര്‍ഡല്ല എന്ന് തനിക്ക് അറിയാം, എന്നാല്‍ ചരിത്രങ്ങള്‍ തിരുത്താന്‍ ഉള്ളതാണെന്നും ജിങ്കന്‍ പറഞ്ഞു.
കൊൽക്കത്തയിലേക്ക് താന്‍ എത്തിയത് കിരീടം നേടുവാന്‍ വേണ്ടിയാണ്. കേരള ബ്ലാസ്റ്റേഴ്സില്‍ കിരീടം നേടാന്‍ കഴിഞ്ഞില്ല എന്നത് നിരാശയാണ്. അതും ഫൈനല്‍ വരെ എത്തിയിട്ടും ജിങ്കന്‍ പറയുന്നു. എന്നാല്‍ ഇതിന് പരിഹാരം കണ്ടെത്താന്‍ ആണ് താന്‍ കൊല്‍ക്കത്തയില്‍ എത്തിയത് എന്നും ജിങ്കന്‍ പറഞ്ഞു. ഒപ്പം എ എഫ് സി കപ്പില്‍ മുന്നേറുകയും ലക്ഷ്യമുണ്ട് എന്ന് ജിങ്കന്‍ പറഞ്ഞു.