Thursday, December 12
BREAKING NEWS


ഓൺലൈൻ തട്ടിപ്പുകൾ തടയാൻ പ്രത്യേക സംവിധാനമായ ‘സൈബർ വാൾ’ ആപ്പ് തയ്യാറാക്കാനൊരുങ്ങി കേരള പൊലീസ്

By ഭാരതശബ്ദം- 4

ഓൺലൈൻ തട്ടിപ്പുകൾ തടയാൻ പ്രത്യേക സംവിധാനമായ ‘സൈബർ വാൾ’ ആപ്പ് തയ്യാറാക്കാനൊരുങ്ങി കേരള പൊലീസ്. വ്യാജ ഫോൺ കോളുകൾ വഴിയും വെബ്സൈറ്റുകൾ വഴിയും പണം നഷ്ടമാകുന്നത് സ്ഥിരം സംഭവം ആയിരിക്കുകയാണ്. ഇത് തടയാൻ വേണ്ടിയാണ് സൈബർ പൊലീസ് ‘സൈബർ വാൾ’ തയ്യാറാക്കുന്നത്. ഈ ആപ്പ് വഴി ഫോൺനമ്പറുകളും വെബ്സൈറ്റുകളും മറ്റും വ്യാജമാണോയെന്ന് സാധാരണക്കാർക്ക് തന്നെ പരിശോധിച്ച് ഉറപ്പാക്കാൻ സാധിക്കും. സംസ്ഥാന പൊലീസിന്റെ സൈബര്‍ ഡിവിഷനാണ് ആപ്പിന്റെ പിന്നിൽ പ്രവർത്തിക്കുന്നത്.

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ കീഴിലുള്ള ഒരു കമ്പനിയെ ഇതിനുള്ള മൊബൈല്‍ ആപ്പ് തയ്യാറാക്കാനായി തെരഞ്ഞെടുത്തു കഴിഞ്ഞു. ഒരു കൊല്ലത്തിനുള്ളിൽ ആപ്പ് വികസിപ്പിച്ച് പരിശോധനകള്‍ പൂര്‍ത്തിയാക്കി പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന് കേരള പൊലീസിന്റെ സൈബർ ഡിവിഷൻ വ്യക്തമാക്കി.ഇതിലൂടെ ഫോൺനമ്പറുകൾ, സോഷ്യൽ മീഡിയ പ്രൊഫൈലുകള്‍, വെബ്സൈറ്റുകള്‍ എന്നിവ എഐയുടെ സഹായത്തോടെ പരിശോധിച്ച് ഉറപ്പാക്കാനാകും. ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന തരത്തിലാണ് ആപ്ലിക്കേഷന്‍ സജ്ജമാക്കുക.

ഓണ്‍ലൈന്‍ തട്ടിപ്പുകളെക്കുറിച്ച് അറിയിക്കാനായി സജ്ജമാക്കിയിട്ടുള്ള 1930 എന്ന ടോള്‍ഫ്രീ നമ്പരിലൂടെയും ഫോണ്‍നമ്പറുകളുടെയും വെബ്സൈറ്റ് വിലാസങ്ങളുടെയും ആധികാരികത പരിശോധിക്കാനുള്ള സൗകര്യവുമുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!