Matrimonial Sites ഓണ്‍ലൈന്‍ മാട്രിമോണിയല്‍ സൈറ്റുകള്‍ വഴിയുള്ള വിവാഹ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് വനിതാ കമ്മീഷന്‍. മാട്രിമോണിയല്‍ സൈറ്റുകള്‍ വഴി സ്ത്രീകള്‍ ചൂഷണം ചെയ്യപ്പെടുന്ന കേസുകള്‍ കമ്മിഷനു മുന്നില്‍ എത്തുന്നുണ്ട്.
പലതും വന്‍ സാമ്പത്തിക തട്ടിപ്പുകളിലേക്ക് പോലും മാറുന്ന സാഹചര്യത്തില്‍ ഇത്തരം സൈറ്റുകളില്‍ നിരീക്ഷണവും നിയന്ത്രണവും ഏര്‍പ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് കമ്മിഷന്‍ അംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രനും വി.ആര്‍. മഹിളാ മണിയും പറഞ്ഞു. എറണാകുളം ജില്ലാ പഞ്ചായത്ത് പ്രിയദര്‍ശിനി ഹാളില്‍ നടത്തിയ അദാലത്തിനു ശേഷം സംസാരിക്കുകയായിരുന്നു വനിത കമ്മിഷന്‍ അംഗങ്ങള്‍.
മദ്യാസക്തിയും ലഹരിയും കുടുംബ ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തുന്ന സാഹചര്യം സമൂഹത്തില്‍ വര്‍ധിച്ചുവരികയാണ്. ഇത്തരം കേസുകളില്‍ കുട്ടികളാണ് ഇരയാവുന്നത്. മാതാപിതാക്കള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ക്കിടയില്‍ കുട്ടികളുടെ ആവശ്യങ്ങള്‍ നിറവേറാതിരിക്കുകയും കുട്ടികള്‍ അനാഥരാവുകയും ചെയ്യുന്നു. കുടുംബ ബന്ധങ്ങളെ ശിഥിലമാക്കുന്ന ഇത്തരം വിപത്തുകള്‍ക്കെതിരെ സമൂഹം ഒറ്റക്കെട്ടായി പോരാടണമെന്ന് കമ്മിഷന്‍ അംഗങ്ങള്‍ പറഞ്ഞു.
ഓണ്‍ലൈന്‍ സൗഹൃദങ്ങള്‍ കുടുംബ ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തുന്ന സാഹചര്യവും, വന്‍ സാമ്പത്തിക തട്ടിപ്പിന് കാരണമാകുന്ന സാഹചര്യവും കണ്ടുവരുന്നുണ്ട്.
വസ്തുതര്‍ക്കം, ജോലി സ്ഥലങ്ങളിലെ പ്രശ്‌നങ്ങള്‍, കുടുംബ പ്രശ്‌നങ്ങള്‍ എന്നിവ സംബന്ധിച്ച പരാതികളാണ് എറണാകുളം ജില്ലാതല അദാലത്തില്‍ കമ്മിഷനു മുന്‍പാകെ പരിഗണനയ്ക്കു വന്നത്. ഭര്‍ത്താവിന്റെ സ്വത്തില്‍ അവകാശവും വിവാഹസമയത്തെ സ്വര്‍ണവും തിരിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ട് എത്തിയ വിധവയും മൂകയുമായ സ്ത്രീയുടെ പരാതിമേല്‍ കമ്മിഷന്‍ നടപടി സ്വീകരിച്ചു.
വില്ലേജ് ഓഫീസുമായി ബന്ധപ്പെട്ട് സ്വത്തിന്റെ അവകാശം സംബന്ധിച്ച നടപടികള്‍ സ്വീകരിച്ചു. ഭര്‍ത്താവിന്റെ ബന്ധുക്കളുമായി ചര്‍ച്ച നടത്തി യുവതിയുടെ പരാതി തീര്‍പ്പാക്കുന്നതിനുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണ്. പെന്‍ഷന്‍ കിട്ടുന്നില്ല എന്ന മറ്റൊരു പരാതിമേല്‍ നടപടി സ്വീകരിച്ചു. ഇവര്‍ക്ക് പെന്‍ഷന്‍ തുക കൃത്യമായി ലഭിക്കുന്നതിനുള്ള നടപടി കമ്മീഷന്‍ ഉറപ്പാക്കി.
11 മേഖലകളിലെ സ്ത്രീകള്‍ക്കായി കമ്മിഷന്റെ നേതൃത്വത്തില്‍ പബ്ലിക് ഹിയറിങ്ങുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. തിരുവനന്തപുരത്ത് ടെലിവിഷന്‍ രംഗത്തെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ കേട്ടുകൊണ്ടാണ് പബ്ലിക് ഹിയറിങ്ങിന് തുടക്കമിട്ടത്.
തുല്യ വേതനം, അമിതമായ ജോലി, പ്രാഥമിക ആവശ്യങ്ങള്‍ പോലും നിറവേറ്റാന്‍ സൗകര്യം ഇല്ലാത്ത സാഹചര്യം, ഇത്തരം പ്രശ്‌നങ്ങളെ കുറിച്ചുള്ള പരാതികള്‍ ഹിയറിങ്ങിലൂടെ ലഭിച്ചു. വിവിധ മേഖലകളിലെ സ്ത്രീകള്‍ക്കായി വരും ദിവസങ്ങളില്‍ പബ്ലിക് ഹിയറിങ്ങുകള്‍ നടക്കും.
Also Read : https://panchayathuvartha.com/sanatana-dharma-controversy-stalin-says-not-to-respond/
സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വനിത കമ്മിഷന്റെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ നടന്നു വരുന്നുണ്ട്. ബോധവല്‍ക്കരണ ക്ലാസുകളും നടത്തുന്നുണ്ട്. ഇതിനു പുറമേ തദ്ദേശ സ്ഥാപന തലത്തില്‍ ജാഗ്രത സമിതികളും പ്രവര്‍ത്തിക്കുന്നുണ്ട്. ഭാര്യ, ഭര്‍തൃ ബന്ധത്തിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കുന്നതിന് കമ്മിഷന്റെ നേതൃത്വത്തില്‍ പ്രീമാരിറ്റല്‍, പോസ്റ്റ് മാരിറ്റല്‍ ബോധവല്‍ക്കരണ ക്ലാസുകളും നടത്തുന്നുണ്ട്.
എറണാകുളം ജില്ലാതല അദാലത്തിന്റെ ആദ്യദിനം 58 പരാതികളാണ് പരിഗണിച്ചത്. 14 പരാതികള്‍ തീര്‍പ്പാക്കി. ഒരു പരാതി കൗണ്‍സിലിങ്ങിനും ഒരു പരാതി റിപ്പോര്‍ട്ടിനും അയച്ചു. ജില്ലാതല അദാലത്ത് വെള്ളിയാഴ്ചയും തുടരും.
വനിത കമ്മീഷന്‍ അംഗങ്ങളായ അഡ്വ. ഇന്ദിരാ രവീന്ദ്രന്‍, വി.ആര്‍. മഹിളാ മണി എന്നിവര്‍ പരാതികള്‍ തീര്‍പ്പാക്കി. അഡ്വ. കെ.ബി. രാജേഷ്, അഡ്വ. അമ്പിളി, അഡ്വ. ഹസ്‌ന മോള്‍, കൗണ്‍സിലര്‍ ഷൈന മോള്‍ സേവ്യര്‍ എന്നിവര്‍ പങ്കെടുത്തു.