കേരളത്തെ നടുക്കിയ നരബലി കേസില്‍ കുറ്റപത്രം രണ്ടാഴ്ചക്കുള്ളില്‍ സമര്‍പ്പിക്കുമെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്.
ലൈലക്ക് ഇലന്തൂര്‍ നരബലിയില്‍ സജീവ പങ്കാളിത്തം ഉണ്ട്; ഇതിന്റെ എല്ലാം സൂത്രധാര ലൈലയാണ്. കേസിലെ മൂന്നാം പ്രതിയായ ലൈലയുടെ ജാമ്യ ഹര്‍ജി പരിഗണിക്കവേയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ ഇക്കാര്യം അറിയിച്ചത്.
ഇലന്തൂരില്‍ നടന്നത് നരബലിയാണെന്ന് സ്ഥിരീകരിച്ചതായും കൊല്ലപ്പെട്ട പദ്മയുടെ മൃതദേഹം 56 കഷണങ്ങളാക്കി പ്രതികള്‍ കുഴിച്ചിട്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇത്രയും ശരീരഭാഗങ്ങള്‍ എങ്ങനെയാണ് പുറത്തെടുത്തതെന്ന് കോടതി ആരാഞ്ഞു. പ്ലാസ്റ്റിക് ബാഗിലാക്കിയായിരുന്നു മൃതദേഹം കുഴിച്ചിട്ടതെന്നും ആ രീതിയില്‍ തന്നെ പുറത്തെടുക്കുകയായിരുന്നുവെന്നും സര്‍ക്കാര്‍ മറുപടി നല്‍കി.
കേസിലെ മൂന്നാം പ്രതി ലൈലയുടെ ജാമ്യഹര്‍ജിയെ സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തു.നരബലിയില്‍ ലൈലയ്ക്ക് സജീവ പങ്കാളിത്തമുണ്ടെന്നും സമൂഹത്തെ ഞെട്ടിച്ച കൊലപാതകമാണെന്നും ജാമ്യം നല്‍കരുതെന്നും സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടു.
എന്നാല്‍ എല്ലാ മരണവും സമൂഹത്തിന് ഷോക്കാണെന്നായിരുന്നു കോടതിയുടെ മറുപടി. പ്രതിക്ക് എതിരെ നിരവധി ശാസ്ത്രീയ തെളിവുകളുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
ഭഗവല്‍ സിംഗ് ഭാര്യ ലൈല, സുഹൃത്ത് ഷാഫി എന്നിവര്‍ ചേര്‍ന്നാണ് ഇലന്തൂരില്‍ രണ്ട് സ്ത്രീകളെ നരബലിയെന്ന പേരില്‍ കൊലപ്പെടുത്തിയത്.
ഷാഫിയും ഭഗവല്‍ സിംഗും ലൈലയും ചേര്‍ന്ന് ആദ്യം നരബലി നടത്തിയത് കാലടി മറ്റൂരില്‍ നിന്ന് കാണാതായ റോസ്ലിയെയായിരുന്നു. ജൂണ്‍ 8 ന് ഇത് സംബന്ധിച്ച പരാതിയില്‍ കാലടി പൊലീസ് കേസ് എടുത്തിരുന്നു. അന്ന് കാര്യമായ അന്വേഷണമുണ്ടായില്ല.
രണ്ടാമതായാണ് പത്മയെ കൊലപ്പെടുത്തിയത്. ഈ കേസിലെ അന്വേഷണമാണ് നരബലിയെന്ന ക്രൂരകൃത്യത്തിന്റെ ചുരുളഴിച്ചത്. റോസ് ലിയുടെ ശരീരഭാഗങ്ങള്‍ അസ്ഥികളായാണ് പൊലീസ് കണ്ടെത്തിയത്.
റോസ്ലിയെ കാണാതാകുമ്പോള്‍ ധരിച്ചിരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ ഭഗവല്‍ സിംഗ് പത്തനംതിട്ടയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ പണയപ്പെടുത്തിയിരുന്നു. ഇവ പിന്നീട് അന്വേഷണ സംഘം വീണ്ടെടുത്തു.
പത്മയുടെ മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു.
അതേസമയം ഇരട്ട നരബലി നടന്ന ഇലന്തൂരിലെ ഭഗവല്‍ സിങ്ങിന്റെയും ലൈലയുടെയും വീട്ടിലേക്ക് ഇപ്പോഴും സന്ദര്‍ശകരുടെ പ്രവാഹമാണ്. പത്തനംതിട്ട ജില്ലയ്ക്ക് പുറത്ത് നിന്നടക്കം നൂറുകണക്കിന് ആളുകളാണ് എത്തുന്നത്.
ഇലന്തൂരിലെ ഇരട്ട നരബലി ലോകമറിഞ്ഞിട്ട് മാസങ്ങള്‍ പിന്നിടുകയാണ്. ഭഗവല്‍ സിംഗിന്റെ ഇലന്തൂരിലെ വീട് കേന്ദ്രീകരിച്ചായിരുന്നു സംഭവ വികാസങ്ങള്‍ നടന്നിരുന്നത്.
തെളിവെടുപ്പിന്റെയും ആളുകള്‍ ഈ സ്ഥലം കാണാനെത്തുന്നതിന്റെയും വലിയ തിരക്കായിരുന്നു കഴിഞ്ഞ മാസമായി ഇവിടെ. പത്മം കേസിലും റോസിലി കേസിലും സംഭവ സ്ഥലത്തെത്തി തെളിവെടുപ്പ് പൂര്‍ത്തിയായത് കൊണ്ട് തന്നെ ഇപ്പോള്‍ ഇവിടെ പൊലീസും കാവലുമില്ല. പൂര്‍ണ്ണമായും തുറന്നു കിടക്കുകയാണ്.
വീടിന് അകത്തേക്ക് കയറുന്നിടത്ത് കയര്‍ കെട്ടിയിട്ടുണ്ട്. വീട് കാണാനും മൃതദേഹം കുഴിച്ചിട്ട കുഴി കാണാനുമൊക്കെ ആയിട്ടാണ് ആളുകള്‍ എത്തുന്നത്.
മുഹമ്മദ് ഷാഫി എന്ന റഷീദാണ് നരബലിയുടെ സൂത്രധാരന്‍. നരബലി നടക്കാന്‍ ദമ്പതികള്‍ക്ക് ഉപദേശം നല്‍കുകയും സ്ത്രീകളെ എത്തിച്ച് നല്‍കുകയും ചെയ്തത് മുഹമ്മദ് ഷാഫിയാണ്.
ഷാഫിയുടെ ഉപദേശം കേട്ട് നരബലി നടത്തിയ പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി ഭഗവല്‍ സിംഗും ഭാര്യ ലൈലയുമാണ് കേസിലെ രണ്ടും മൂന്നും പ്രതികള്‍.
ലോട്ടറി വിലപ്പനക്കാരായ പത്മ, റോസിലി എന്നിവരെയാണ് ഭഗവല്‍ സിംഗിന്റെ വീട്ടില്‍വെച്ച് ഇവര്‍ മൂവരും ചേര്‍ന്ന് പൈശാചികമായി കൊലപ്പെടുത്തിയത്.