Nipa കോഴിക്കോട് ജില്ലയിൽ നിപ സ്ഥിരീകരിച്ചതിന് പിന്നാലെ കരുതല്‍ നടപടികളുടെ ഭാഗമായി കളക്ടര്‍ പൊതുപരിപാടികള്‍ക്ക് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. ജില്ലയിൽ ഉത്സവങ്ങൾ പള്ളിപ്പെരുന്നാളുകൾ അതുപോലുള്ള മറ്റു പരിപാടികൾ എന്നിവയിൽ ജനങ്ങൾ കൂട്ടത്തോടെ പങ്കെടുക്കുന്നത് ഒഴിവാക്കി ചടങ്ങുകൾ മാത്രമായി നടപ്പിലാക്കേണ്ടതാണെന്ന് കളക്ടര്‍ എ ഗീത അറിയിച്ചു.
വിവാഹം റിസപ്ഷൻ തുടങ്ങിയ മുൻകൂട്ടി നിശ്ചയിച്ച പരിപാടികളിൽ പൊതുജന പങ്കാളിത്തം പരമാവധി കുറച്ച് പ്രോട്ടോക്കോൾ അനുസരിച്ച് മാത്രം ചുരുങ്ങിയ ആളുകളെ ഉൾപ്പെടുത്തി നടത്തേണ്ടതും ഇത് സംബന്ധിച്ച് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിൽ അറിയിച്ചു മുൻകൂർ അനുമതി വാങ്ങേണ്ടതുമാണ്.
പൊതുജനങ്ങൾ ഒത്തുചേരുന്ന നാടകം പോലുള്ള കലാസാംസ്കാരിക പരിപാടികൾ കായിക മത്സരങ്ങൾ എന്നിവയും മാറ്റിവയ്കണം. പൊതുയോഗങ്ങൾ പൊതുജന പങ്കാളിത്തം ഉണ്ടാകുന്ന പൊതുപരിപാടികൾ എന്നിവ മാറ്റിവയ്ക്കണം.
നിപ രോഗബാധയുമായി ബന്ധപ്പെട്ട വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ പൊലീസ് വകുപ്പ് നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചു.