ജനങ്ങളെ കൊള്ളയടിക്കാൻ സ്പെഷ്യൽ ട്രെയിൻ സർവ്വീസ് മാത്രം തുടരുന്ന റെയിൽവേയുടെ നടപടിക്കെതിരെ നിലപാട് കടുപ്പിക്കാൻ ഒരുങ്ങുകയാണ് ഫ്രണ്ട്സ് ഓൺ റെയിൽസ് എന്ന യാത്രക്കാരുടെ കൂട്ടായ്മ.റെയിൽവേ പുതിയ സ്പെഷ്യൽ ട്രെയിനുകളെ അവതരിപ്പിച്ച് റിസർവേഷൻ ചാർജുകളും ഫെസ്റ്റിവൽ സ്പെഷ്യൽ ഫെയർ ചാർജുകളും ഈടാക്കി കൊള്ളലാഭമാണ് ലക്ഷ്യമിടുന്നത്. റിസർവേഷൻ ചാർജുകൾക്ക് പുറമെ മറ്റ് ഫീസുകളുമായി നല്ല ഒരു തുക ഈ സ്പെഷ്യൽ ട്രെയിനുകൾക്ക് യാത്രക്കാർ നൽകേണ്ടി വരുന്നുണ്ട്.
ഫെസ്റ്റിവൽ സ്പെഷ്യൽ ട്രെയിനുകൾക്ക് ഇരട്ടിയും അതിലധികവുമാണ് യാത്രക്കൂലിയെന്ന വ്യാജേന ഈടാക്കുന്നത്.
ജോലി ആവശ്യങ്ങൾക്ക് അധികചാർജ്ജ് നൽകി യാത്രചെയ്യാൻ തയ്യാറായാലും IRCTC യിലൂടെ ഒരാൾക്ക് ഒരു മാസം എടുക്കാൻ കഴിയുന്ന ടിക്കറ്റിന്റെ പരിധി വെറും ആറ് ടിക്കറ്റ് എന്നതും മറ്റൊരു പ്രതിസന്ധിയാണ്. ആധാർ കാർഡ് ലിങ്ക് ചെയ്താൽ പോലും ഒരാൾക്ക് പരമാവധി 12 ടിക്കറ്റ് മാത്രമേ IRCTC യിലൂടെ ലഭിക്കുകയുള്ളു.
സീസൺ ടിക്കറ്റുപയോഗിച്ചിരുന്ന സാധാരണക്കാരന് ദിവസേന റിസർവേഷൻ ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യുക അസാധ്യമായ കാര്യമാണ്.
കോഴിക്കോട് നിന്നും തിരുവനന്തപുരത്ത് നിന്നും എറണാകുളത്തേക്ക് ജോലിയ്ക്ക് വന്നുപോകാൻ അനുകൂലമായ രീതിയിലാണ് ജനശതാബ്ദി ട്രെയിനുകളുടെ സമയം ക്രമീകരിച്ചിരിക്കുന്നത്. മറ്റു ട്രെയിനുകളുടെ ആഭാവത്തിൽ ശതാബ്ദിയ്ക്ക് ടിക്കറ്റ് ലഭിക്കാൻ വളരെ പ്രയാസമാണ് ഇപ്പോൾ. മലബാർ, മാവേലി എക്സ്പ്രസ്സുകൾ ഡിസംബറിൽ ഓടിതുടങ്ങുമെങ്കിലും സ്പെഷ്യൽ ട്രെയിനായി അനുവദിച്ചിരിക്കുന്നതിനാൽ യാത്രക്കാരിലേയ്ക്ക് അതിന്റെ ഗുണം എത്തുന്നില്ല. റിസർവേഷൻ അധികചാർജുകൾ സാധാരണക്കാരന്‍റെ സാമ്പത്തിക ഭദ്രത താറുമാറാക്കുന്നതാണ്.
കോവിഡിന്റെ മറപിടിച്ചു സാധാരണക്കാരന്റെ പോക്കറ്റ് കൊള്ളയടിക്കുന്ന റെയിൽവേയുടെ നിലപാടിനെതിരെ കേരളത്തിലെ പ്രധാനറെയിൽവേ സ്റ്റേഷനുകളിൽ സംഘടിക്കാനൊരുങ്ങുകയാണ് യാത്രക്കാർ.
സീസൺ ടിക്കറ്റ് ഉൾപ്പെടെ മുമ്പ് റെയിൽവേ അനുവദിച്ചിരുന്ന എല്ലാ ആനുകൂല്യങ്ങളും മടക്കികൊണ്ടുവന്നാൽ മാത്രമേ ജനജീവിതം സാധാരണഗതിയിലേയ്ക്ക് മടക്കി കൊണ്ടുവരാൻ കഴിയുകയുള്ളു.
റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ചു ജീവിതമാർഗ്ഗം തേടിയിരുന്ന കച്ചവടക്കാർക്കും ഓട്ടോ ടാക്സി ഡ്രൈവറുമാർക്കും പറയാനുണ്ട് വേദനയുടെ കഥകള്‍.
വഞ്ചിനാട്, ഇന്റർസിറ്റി, എക്സിക്യൂട്ടീവ്, ഏറനാട്, പരശുറാം എക്സ്പ്രസ്സുകളും മെമു- പാസഞ്ചർ സർവ്വീസുകളുമാണ് ഇനി ആവശ്യം.
ജനപ്രതിനിധികൾ ഇനിയും കണ്ണുകൾ അടച്ചു സ്വയം ഇരട്ടാക്കിയാൽ ബാങ്ക് വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെ ജീവിതം വഴിമുട്ടി നിൽക്കുന്നവരുടെ കഥകൾ നാളെ പത്രങ്ങൾക്ക് വാർത്തയാകും
ഇത് ജനങ്ങളുടെ കേവലം യാത്രാപ്രശ്നം മാത്രമല്ല, ജീവിതപ്രശ്നമാണ്. അടിയന്തിര ഇടപെടൽ അനിവാര്യമാണ്.
ഫ്രണ്ട്സ് ഓൺ റെയിൽസ് സെക്രട്ടറി പ്രതികരിച്ചു.