Tuesday, November 19
BREAKING NEWS


അഭ്യൂഹങ്ങള്‍ക്ക് വിരാമം; തമിഴ് സൂപര്‍ സ്റ്റാര്‍ രജനീകാന്തിന്റെ രാഷ്ട്രീയ പാര്‍ടിയുടെ പ്രഖ്യാപനം ഡിസംബര്‍ 31ന്

By sanjaynambiar

ചെന്നൈ: രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് നടന്‍ രജനീകാന്ത്. ജനുവരിയിലാണ് പാര്‍ട്ടി രൂപീകരിക്കുക. പാര്‍ട്ടി പ്രഖ്യാപനം ഈ മാസം 31ന് നടത്തുമെന്നും രജനീകാന്ത് ട്വിറ്ററില്‍ അറിയിച്ചു.

പാര്‍ട്ടി രൂപീകരണം ചര്‍ച്ച ചെയ്യാന്‍ രജനി മക്കള്‍ മന്‍ട്രം ഭാരവാഹികളുമായി രജനി കൂടിക്കാഴ്ച നടത്തിയിരുന്നു. രാഷ്ട്രീയത്തില്‍ ഇറങ്ങണം എന്നാണ് ഭാരവാഹികള്‍ ഒന്നടങ്കം ആവശ്യപ്പെട്ടത്. കോവിഡ് സാഹചര്യവും ആരോഗ്യപ്രശ്നങ്ങളും ചൂണ്ടിക്കാട്ടി രജനി ഇതുവരെ നിലപാട് വ്യക്തമാക്കാതെ മാറിനില്‍ക്കുകയായിരുന്നു.

നേരത്തെ തമിഴ്നാട് സന്ദര്‍ശനത്തിനിടെ അമിത് ഷാ രജനീകാന്തിനെ കാണാനും അദ്ദേഹത്തെ ബിജെപിയുടെ ഒപ്പം നിര്‍ത്താനും ശ്രമിച്ചിരുന്നു. എന്നാല്‍ രജനീകാന്ത് അമിത് ഷായെ കാണാന്‍ തയ്യാറായില്ല. പിന്നാലെയാണ് രജനി മക്കള്‍ മന്‍ട്രം യോഗം ചേര്‍ന്നത്.

ഒടുവില്‍ സസ്പെന്‍സ് മതിയാക്കി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് രജനീകാന്ത് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്.

താന്‍ എന്തു തീരുമാനമെടുത്താലും അതിനെ പിന്തുണയ്ക്കുമെന്ന് ജില്ലാതല സമതികള്‍ അറിയിച്ചതായി രജനീകാന്ത് പറഞ്ഞു. രാഷ്ട്രീയ പ്രവേശനം നടത്തുമെന്ന് കഴിഞ്ഞ മാസം അവസാനം രജനീകാന്ത് സൂചന നല്‍കിയിരുന്നു. 69 കാരനായ അദ്ദേഹം തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ ഡോക്ടര്‍മാര്‍ ആശങ്ക രേഖപ്പെടുത്തിയിരുന്നു. കോവിഡ് വ്യാപനമുള്ളതിനാല്‍ യാത്ര ഒഴിവാക്കണമെന്നും അദ്ദേഹത്തോട് നിര്‍ദേശിച്ചു.
കുറച്ച്‌ വര്‍ഷങ്ങള്‍ക്ക് മുന്‍പ് രജനി വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. കോവിഡ് സാഹചര്യത്തില്‍ ഹൈ റിസ്‌ക് വിഭാഗത്തില്‍പ്പെടുന്നയാളാണ് അദ്ദേഹം. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി രാഷ്ട്രീയപ്പാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്ന് പിന്നോക്കം പോകുന്നു എന്ന് സൂചിപ്പിച്ച്‌ ഒരു മാസം മുന്‍പ് രജനിയുടെ പേരില്‍ ഒരു കത്ത് പ്രചരിച്ചിരുന്നു.

എന്നാല്‍ കത്ത് തന്റേതല്ലെന്ന് വ്യക്തമാക്കിയ താരം ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് വെളിപ്പെടുത്തി. എന്നിരുന്നാലും പാര്‍ട്ടി പ്രഖ്യാപനത്തെക്കുറിച്ച്‌ ആലോചിച്ച്‌ തീരുമാനമെടുക്കുമെന്ന് രജനി പിന്നീട് പ്രതികരിച്ചു. അതിനുശേഷം ആദ്യമായാണ് രജനി മക്കള്‍ മന്‍ട്രത്തിന്റെ യോഗം നടക്കുന്നത്.

അതേ സമയം ബിജെപിയുമായി സഹകരിക്കുന്നതിനെക്കുറിച്ച്‌ യാതൊരു സൂചനയും ഇതുവരെ ഉണ്ടായില്ല.

കഴിഞ്ഞ ആഴ്ച അമിത് ഷാ തമിഴ്‌നാട് സന്ദര്‍ശിച്ചപ്പോള്‍ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം ബിജെപി നേതൃത്വം ചര്‍ച്ച ചെയ്തതായാണ് സൂചന. എന്നാല്‍ ഇതേക്കുറിച്ച്‌ പ്രതികരിക്കാന്‍ രജനീകാന്ത് തയാറായിട്ടില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!