മകരവിളക്ക് ദര്‍ശനത്തിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. ശബരിമല സന്നിധാനവും പരിസരവും മാത്രമല്ല മകരജ്യോതി ദൃശ്യമാകുന്ന എല്ലായിടത്തും അയ്യപ്പ ഭക്തര്‍ ഇതിനോടകം നിറഞ്ഞു കഴിഞ്ഞു. ഒരു ലക്ഷത്തോളം അയ്യപ്പഭക്തര്‍ സന്നിധാനത്തും പരിസരത്തുമായി മകരജ്യോതി ദര്‍ശനത്തിനായി ഇതിനോടകം തന്നെ എത്തിയിട്ടുണ്ട്.
വൈകിട്ട് 6.30ന് ദീപാരാധനയ്ക്കുശേഷം മകരവിളക്ക് ദര്‍ഷനം കഴിഞ്ഞ ശേഷം ഇവരെയെല്ലാം സന്നിധാനത്ത് നിന്നും സുരക്ഷ ഉദ്യോഗസ്ഥര്‍ താഴെക്ക് ഇറങ്ങാന്‍ ആവശ്യപ്പെടും.
പമ്പ വിളക്കും പമ്പസദ്യയും കഴിഞ്ഞു തീര്‍ഥാടക സംഘങ്ങള്‍ കൂട്ടത്തോടെ സന്നിധാനത്തേക്കു മലകയറി എത്തിയതോടെ സംക്രമ സന്ധ്യയില്‍ അയ്യപ്പസ്വാമിക്കു ചാര്‍ത്താനുള്ള തിരുവാഭരണവുമായുള്ള ഘോഷയാത്ര ഇന്നു വൈകിട്ട് 6.20നുശേഷം സന്നിധാനത്തെത്തും.
തന്ത്രി കണ്ഠര് രാജീവര്, മേല്‍ശാന്തി കെ.ജയരാമന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്നു ശ്രീകോവിലിലേക്ക് ഏറ്റുവാങ്ങും. അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തിയുള്ള ദീപാരാധനയ്ക്കു ശേഷം 6.30നും 6.50നും മധ്യേ പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയും. രാത്രി 8.45നാണ് മകരസംക്രമ മുഹൂര്‍ത്തം.
അയ്യപ്പ വിഗ്രഹത്തില്‍നിന്നു തിരുവാഭരണങ്ങള്‍ മാറ്റിയശേഷം കവടിയാര്‍ കൊട്ടാരത്തില്‍ നിന്നു കൊടുത്തുവിട്ട അയ്യപ്പ മുദ്രയിലെ നെയ്യ് സംക്രമവേളയില്‍ അഭിഷേകം ചെയ്യും. അത്താഴപൂജയ്ക്കു ശേഷം മാളികപ്പുറത്തുനിന്നുള്ള എഴുന്നള്ളത്തു തുടങ്ങും.
പത്തിലധികം കേന്ദ്രങ്ങളില്‍ നിന്ന് മകരവിളക്ക് കാണാന്‍ സൗകര്യമുണ്ട്. സുരക്ഷക്ക് 2000 പോലീസുകാരെയാണ് പമ്പ മുതല്‍ സന്നിധാനം വരെ വിന്യസിച്ചിരിക്കുന്നത്. തിരുവാഭരണ ഘോഷയാത്ര വരുന്നതിനാല്‍ ഉച്ചക്ക് 12 മണിക്ക് ശേഷം പമ്പയില്‍ നിന്ന് തീര്‍ത്ഥാടകരെ കടത്തിവിടില്ല.
തീര്‍ഥാടകര്‍ക്ക് 19 വരെയാണ് ദര്‍ശനം. തീര്‍ഥാടകരുടെ മടക്കയാത്രയ്ക്കായി 1000 ബസുകള്‍ കെഎസ്ആര്‍ടിസി ക്രമീകരിച്ചിട്ടുണ്ട്. തീര്‍ഥാടനത്തിനു സമാപനം കുറിച്ച് 20ന് രാവിലെ 6.30ന് ക്ഷേത്രനട അടയ്ക്കും.
അമ്പലപ്പുഴ പേട്ടസംഘം ശബരിമല സന്നിധാനത്ത് ഇന്നലെ വൈകീട്ട് ഏഴരയോടെ ദര്‍ശനം നടത്തി. അയ്യപ്പന്‍മാരും മാളികപ്പുറങ്ങളുമടങ്ങുന്ന ഇരുന്നൂറ്റമ്പതോളം പേരടങ്ങുന്ന അമ്പലപ്പുഴ അയ്യപ്പ ഭക്തസംഘമാണ് സന്നിധാനത്തെത്തിയത്.
സംഘത്തിന് പതിനെട്ടാം പടികയറുന്നതിനും ദര്‍ശനത്തിനുമായി പ്രത്യേക സംവിധാനമൊരുക്കി നല്‍കിയിരുന്നു.
ഇന്ന് രാവിലെ അമ്പലപ്പുഴക്കാരുടെ നെയ്യഭിഷേകമാണ് അയ്യപ്പന് നടത്തിയത്. സമൂഹ പെരിയാന്‍ എന്‍ ഗോപാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിലാണ് സംഘം എത്തിയത്. ഇന്ന് മകരവിളക്ക് കഴിഞ്ഞ് നാളെ രാവിലെ അമ്പലപ്പുഴക്കാരുടെ വകയാണ് ശീവേലി എഴുന്നള്ളത്ത് നടക്കുന്നത്.
അതേസമയം ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക് സമ്മാനിച്ചു. ദേവസ്വം മന്ത്രി കെ രാധാകൃഷണനാണ് പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിയ്ക്ക് സമ്മാനിച്ചത്.
ജാതിക്കും മതത്തിനും ഭാഷയ്ക്കും പ്രദേശത്തിനും അതീതമായി എല്ലാ മനുഷ്യരേയും ഒന്നായി കാണുന്ന ശബരിമല രാജ്യത്തിനാകെ മാതൃകയായ പുണ്യഭൂമിയാണെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു.
2023ലെ ഹരിവരാസനം പുരസ്‌കാരം പ്രശസ്ത ഗാനരചയിതാവും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പിക്ക് ശബരിമല സന്നിധാനം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സമ്മാനിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
- ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ഹരിവരാസനം പുരസ്‌കാരം.
സാഹിത്യത്തിന്റെയും സിനിമയുടെയും എല്ലാ മേഖലകളിലും കഴിവ് തെളിയിച്ച അത്യപൂര്‍വ വ്യക്തിത്വമായ ശ്രീകുമാരന്‍ തമ്പിക്ക് ഈ പുരസ്‌കാരം നല്‍കുന്നതില്‍ മലയാളത്തിന് അഭിമാനിക്കാമെന്ന് മന്ത്രി പറഞ്ഞു.
മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും ദൈവമുണ്ട് എന്ന് എഴുതിയതിലൂടെ അന്ധവിശ്വാസത്തിനും അനാചാരത്തിനും എതിരായ ചിന്തയാണ് അദ്ദേഹം പകര്‍ന്നുനല്‍കിയത്. നമ്മുടെ നാട്ടില്‍ തിരിച്ചുവരുന്ന അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരായ പ്രവര്‍ത്തനം നടത്തേണ്ട കാലഘട്ടമാണിത്-മന്ത്രി പറഞ്ഞു.
തനിക്ക് ലഭിച്ച എല്ലാ പുരസ്‌കാരങ്ങള്‍ക്കും മുകളിലാണ് ഹരിവരാസനം പുരസ്‌കാരത്തിന് നല്‍കുന്ന സ്ഥാനമെന്ന് മറുപടി പ്രസംഗത്തില്‍ ശ്രീകുമാരന്‍ തമ്പിയും പറഞ്ഞു.
തമിഴ്നാട്, തെലങ്കാന, ആന്ധ്ര, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ഭക്തര്‍ ഇത്തവണ ശബരിമല ദര്‍ശനത്തിനെത്തിയത്. 45 ലക്ഷത്തിലധികം ഭക്തരാണ് ഇതുവരെ സന്നിധാനത്തെത്തിയത്.