തിരുവനന്തപുരം : ശബരിമല ദര്‍ശനത്തിന് 5000 പേര്‍ക്ക് അനുമതി നല്‍കണമെന്ന ഹൈക്കോടതി ഉത്തരവ് ഉണ്ടായാല്‍ അതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളുന്നതിന് ശബരിമല ഉന്നതാധികാര സമിതി യോഗത്തില്‍ തീരുമാനമായി. ഇതിനായി പോലീസും ആരോഗ്യ വകുപ്പും ഉള്‍പ്പെടെ എല്ലാ വിഭാഗം ജീവനക്കാരുടെയും എണ്ണം വര്‍ധിപ്പിക്കുമെന്ന് ശബരിമല എഡിഎം ഡോ. അരുണ്‍ വിജയ്, സന്നിധാനം പോലീസ് സ്‌പെഷല്‍ ഓഫീസര്‍ എ.എസ്.രാജു എന്നിവര്‍ പറഞ്ഞു. ശബരിമലയില്‍ കോവിഡ് ജാഗ്രത – പ്രതിരോധ നടപടികള്‍ കര്‍ശനമാക്കുന്നതിനും സന്നിധാനത്ത് ചേര്‍ന്ന ഉന്നതാധികാര സമിതി യോഗത്തില്‍ തീരുമാനമായി. ഇതിന്റെ ഭാഗമായി സന്നിധാനത്ത് സേവനത്തിലുള്ള എല്ലാ ജീവനക്കാരിലും കോവിഡ് പരിശോധന നിര്‍ബന്ധമാക്കും.
ഭക്തരുമായി നേരിട്ട് ഇടപഴകുന്ന വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ തമ്മില്‍ അടുത്ത് ഇടപഴകുന്നത് ഒഴിവാക്കും.
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആഴ്ചയിലൊരിക്കല്‍ സന്നിധാനത്ത് കോവിഡ് ടെസ്റ്റ് നടത്തുന്നതിനും യോഗത്തില്‍ തീരുമാനമായി. ഇതിനായി അടിസ്ഥാന നടപടികള്‍ സ്വീകരിക്കാന്‍ ദേവസ്വം ബോര്‍ഡിനെ ഉന്നതാധികാര സമിതി ചുമതലപ്പെടുത്തി. ഏതാനും ദിവസം മുമ്പ് സന്നിധാനത്ത് നടത്തിയ കോവിഡ് രോഗ നിര്‍ണയ ക്യാമ്പില്‍ ജീവനക്കാരില്‍ ചിലര്‍ രോഗബാധിതരാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. പോസിറ്റീവായി കണ്ടെത്തിയവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ ജീവനക്കാരെ പൂര്‍ണമായും സന്നിധാനത്ത് നിന്നും നീക്കും. ഇതോടൊപ്പം ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അതത് വകുപ്പുകളിലെ നോഡല്‍ ഓഫീസര്‍മാരും ദേവസ്വം അധികൃതരും ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കും. പ്രത്യേക പൂജ ബുക്ക് ചെയ്യുന്നവരില്‍ നിന്നും സന്നിധാനത്തേക്ക് എത്തുന്ന ആളുകളുടെ എണ്ണം പരിമിതപ്പെടുത്തും. ഇതിനായി നിലയ്ക്കലില്‍ നിന്ന് തന്നെ പരിശോധന കര്‍ശനമാക്കും.
ഭക്തരില്‍ നിന്നും നെയ്യ് ശേഖരിക്കുന്നതിനായി സന്നിധാനത്ത് വടക്കേമുറ്റത്ത് പ്രത്യേക കൗണ്ടര്‍ തുറക്കും.
സന്നിധാനത്തിനും മാളികപ്പുറത്തിനും ഇടയിലെ ഫ്ളൈ ഓവറില്‍ ഭക്തര്‍ തങ്ങുന്നത് ഒഴിവാക്കാനാണിത്. ശബരിമലയില്‍ വിതരണം ചെയ്യുന്ന വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കും. ഇതിനായി സാമ്പിള്‍ എടുത്തുള്ള പരിശോധന കര്‍ശനമാക്കും. ഉന്നതാധികാര സമിതി യോഗത്തില്‍ എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റ് സുരേഷ്, ഡ്യൂട്ടി മജിസ്ട്രേറ്റ് മനോജ്, അസി. എക്സിക്യൂട്ടീവ് ഓഫീസര്‍ ഗോപകുമാര്‍, ദേവസ്വം ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.