Friday, December 13
BREAKING NEWS


ഗായിക വാണി ജയറാം അന്തരിച്ചു; അന്ത്യം ചെന്നൈയിലെ വസതിയില്‍ കുഴഞ്ഞ് വീണതിനെത്തുടര്‍ന്ന്, 77 വയസ്സായിരുന്നു.

By sanjaynambiar

ചെന്നൈ: ഗായിക വാണിജയറാം (Vani Jayaram) അന്തരിച്ചു.77 വയസ്സായിരുന്നു. ചെന്നൈയിലെ വസതിയില്‍ വച്ച് കുഴഞ്ഞ് വീണ വാണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു.മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, എന്നിവയുള്‍പ്പെടെ 19 ഭാഷകളിലായി അവര്‍ ഗാനങ്ങള്‍ ആലപിച്ചു.

തമിഴ്, തെലുഗു, കന്നട, മലയാളം, മറാത്തി, ഹിന്ദി എന്നീ ഭാഷകളിലായി നൂറുകണക്കിന് ഗാനങ്ങള്‍ വാണി ജയറാം ആലപിച്ചിട്ടുണ്ട്. മികച്ച ഗായികക്കുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരം മൂന്നു തവണ നേടിയിട്ടുണ്ട്.

ഈ വര്‍ഷം ഗായികയെ രാജ്യം പത്മഭൂഷന്‍ നല്‍കി ആദരിച്ചിരുന്നു. ‘സ്വപ്നം’ എന്ന ചിത്രത്തിലൂടെ സലീല്‍ ചൗധരിയാണ് വാണിയെ മലയാളത്തില്‍ കൊണ്ടുവരുന്നത്.

തമിഴ്നാട്ടിലെ വെല്ലൂരില്‍ 1945 നവംബര്‍ 30-നാണ് വാണി ജയറാം ജനിച്ചത്. സംഗീതജ്ഞയായ അമ്മയില്‍ നിന്നാണ് സംഗീതത്തിന്റെ ആദ്യപാഠങ്ങള്‍ ഹൃദ്യസ്ഥമാക്കിയ വാണി തന്റെ എട്ടാം വയസ്സില്‍ ആകാശവാണിയുടെ മദ്രസ് സ്റ്റേഷനില്‍ പാടി തുടങ്ങി.

കടലൂര്‍ ശ്രീനിവാസ അയ്യങ്കാര്‍, ടി.ആര്‍. ബാലസുബ്രഹ്‌മണ്യന്‍, ആര്‍.എസ്. മണി എന്നിവരായിരുന്നു കര്‍ണാടക സംഗീതത്തിലെ വാണിയുടെ ഗുരുക്കന്മാര്‍. ഉസ്താദ് അബ്ദുല്‍ റഹ്‌മാന്‍ ഖാനില്‍ നിന്നാണ് ഹിന്ദുസ്ഥാനി സംഗീതം പഠിച്ചത്.

1971-ല്‍ വസന്ത് ദേശായിയുടെ സംഗീതത്തില്‍ ‘ഗുഡ്ഡി’ എന്ന ചിത്രത്തിലെ ‘ബോലേ രേ പപ്പി’ എന്ന ഗാനത്തിലൂടെ അവര്‍ സംഗീത ആസ്വാദകര്‍ക്ക് ഇടയില്‍ പ്രശസ്തയായി. ഗുഡ്ഡിയിലെ ഗാനത്തിനു അഞ്ച് അവാര്‍ഡുകള്‍ അവര്‍ നേടി.

ചിത്രഗുപ്ത്, നൗഷാദ് , മദന്‍ മോഹന്‍, ഒ.പി. നയ്യാര്‍, ആര്‍.ഡി ബര്‍മന്‍, കല്യാണ്‍ജി ആനന്ദ്ജി, ലക്ഷ്മികാന്ത് പ്യാരേലാല്‍, ജയ്‌ദേവ് തുടങ്ങിയ ഇതിഹാസ സംഗീതജ്ഞര്‍ക്കായി വാണി പാടി. മുഹമ്മദ് റാഫി, മുകേഷ്, മന്നാഡേ എന്നിവരോടൊപ്പം വാണിയുടെ മധുരസ്വരം ആസ്വാദകര്‍ പലതവണ കേട്ടു.

1974-ല്‍ ചെന്നൈയിലേക്ക് താമസം മാറിയതോടെയാണ് വാണി ദക്ഷിണേന്ത്യന്‍ ഭാഷകളിലും സജീവമായത്.

എം.എസ്. വിശ്വനാഥന്‍, എം.ബി. ശ്രീനിവാസന്‍, കെ.എ. മഹാദേവന്‍, എം.കെ. അര്‍ജുനന്‍, ജെറി അമല്‍ദേവ്, സലില്‍ ചൗധരി, ഇളയരാജ, എ.ആര്‍. റഹ്‌മാന്‍ എന്നീ നിരവധി സംഗീതജ്ഞരുടെ ഇഷ്ടഗായികയായിരുന്നു വാണി.

‘സ്വപ്നം’ എന്ന ചിത്രത്തിലൂടെ സലില്‍ ചൗധരിയാണ് വാണി ജയറാമിനെ മലയാളത്തിലേക്ക് കൊണ്ടുവരുന്നത്. ഏതോ ജന്മകല്‍പനയില്‍, വാല്‍ക്കണ്ണെഴുതി വനപുഷ്പം ചൂടി, ഓലഞ്ഞാലിക്കുരുവി, തിരയും തീരവും എന്നിവയെല്ലാം അവരുടെ ഹിറ്റ് ഗാനങ്ങളാണ്.

തുടര്‍ന്ന് ഇന്ന് 77 വയസ്സില്‍ ആസ്വരമാധുര്യം നമ്മെവിട്ട് പിരിയുകയാണ്. ചെന്നൈയിലെ വസതിയില്‍ വച്ച് കുഴഞ്ഞ് വീണ വാണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു. പാടിത്തീരാന്‍ ഒരുപിടി ഗാനങ്ങള്‍ ബാക്കിവച്ച് വിടപറയുന്ന് മധുരവാണി

സ്വപ്നം എന്ന ചിത്രത്തിലെ സൗരയൂഥത്തില്‍ വിടര്‍ന്നൊരു എന്ന ഗാനമാണ് മലയാളത്തില്‍ അവര്‍ ആദ്യം ആലപിച്ചത്.കഴിഞ്ഞയാഴ്ചയാണ് പത്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചത്.

മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം മൂന്നുതവണ വാണി ജയറാമിനെ തേടിയെത്തി.1975 ‘ഏഴു സ്വരങ്ങള്‍’ (അപൂര്‍വ്വരാഗങ്ങള്‍),1980 – ശങ്കരാഭരണം,1991 – സ്വാതികിരണം എന്നി ചിത്രങ്ങള്‍ക്കായിരുന്നു പുരസ്‌കാരം.

കലൈവാണി എന്നാണ് മാതാപിതാക്കള്‍ ഇട്ട പേര്. ഹിന്ദി സിനിമയില്‍ പാടി തുടങ്ങിയപ്പോള്‍ ഭര്‍ത്താവിന്റെ പേര് കൂട്ടിച്ചേര്‍ത്ത് അത് വാണി ജയറാം എന്നാക്കി മാറ്റി.

അച്ഛന്‍ ദൊരൈസ്വാമി കൊല്‍ക്കത്ത ഇന്‍ഡോജപ്പാന്‍ സ്റ്റീല്‍സ് ലിമിറ്റഡില്‍ ഉദ്യോഗസ്ഥനായിരുന്നു. അമ്മ പത്മാവതി പാടുകയും വീണ വായിക്കുകയും ചെയ്യുമായിരുന്നു. ഇക്കണോമിക്സില്‍ ബിരുദം നേടിയ വാണിക്ക് എസ്ബിഐയില്‍ ഉദ്യോഗസ്ഥയായി ജോലി ലഭിച്ചു.

മുംബൈ സ്വദേശിയും ഇന്‍ഡോ ബല്‍ജിയം ചേമ്പര്‍ ഓഫ് കൊമേഴ്സ് എക്സിക്യുട്ടീവ് സെക്രട്ടറിയുമായ ജയറാമിനെയാണ് വിവാഹം ചെയ്തത്.

പ്രഫഷണല്‍ ഗായിക എന്ന നിലയിലുള്ള വാണിയുടെ വളര്‍ച്ചയ്ക്ക് താങ്ങുംതണലും വഴികാട്ടിയുമായത് സംഗീതസ്നേഹിയും സിത്താര്‍ വിദഗ്ധനുമായ ഭര്‍ത്താവ് ജയരാമന്‍ ആയിരുന്നു.

2017ല്‍ പുലിമുരുകന്‍ എന്ന ചിത്രത്തിലെ ‘മാനത്തെ മാരിക്കുറുമ്പേ പെയ്യല്ലേ’ എന്ന പാട്ടില്‍ മലയാളികള്‍ കേട്ടത് ഏതാണ്ട് അരനൂറ്റാണ്ട് മുന്‍പു വാണി മലയാളത്തില്‍ ആദ്യമായി പാടിയ സ്വപ്നം എന്ന ചിത്രത്തിലെ ‘സൗരയൂഥത്തില്‍ പിറന്നൊരു കല്യാണ സൗഗന്ധികമാണീ ഭൂമി’ എന്ന പാട്ടിലെ അതേ സ്വരമാധുരി തന്നെയായിരുന്നു. അതിനും ഏതാനും വര്‍ഷങ്ങള്‍ മുന്‍പ് ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലെ ‘പൂക്കള്‍ പനിനീര്‍ പൂക്കള്‍’, 1983 എന്ന ചിത്രത്തിലെ ‘ഓലഞ്ഞാലി കുരുവി’ എന്നീ പാട്ടുകളിലൂടെ മലയാള ചലച്ചിത്രസംഗീതലോകത്തേക്ക് അതിശക്തമായൊരു തിരിച്ചുവരവ് നടത്തിയിരുന്നു വാണി.

വാല്‍ക്കണ്ണെഴുതി വനപുഷ്പം ചൂടി, ആഷാഢമാസം, കരുണ ചെയ്യുവാന്‍ എന്തുതാമസം, മഞ്ചാടിക്കുന്നില്‍, ഒന്നാനാംകുന്നിന്മേല്‍, നാടന്‍ പാട്ടിലെ മൈന, ധുംതനധും തനന ചിലങ്കേ, മാമലയിലെ പൂമരം പൂത്ത നാള്‍, മറഞ്ഞിരുന്നാലും മനസ്സിന്റെ കണ്ണില്‍, ഏതോ ജന്മ കല്‍പനയില്‍, പത്മതീര്‍ത്ഥ കരയില്‍, കിളിയേ കിളി കിളിയേ, എന്റെ കൈയില്‍ പൂത്തിരി തുടങ്ങിയ നൂറുകണക്കിന് മധുരഗാനങ്ങള്‍ വാണിയുടെ ശബ്ദം അനശ്വരമാക്കി,

വടക്കുകിഴക്കന്‍ സംഗീതരംഗത്തെ ഒട്ടുമിക്ക പ്രമുഖര്‍ക്കൊപ്പവും വാണി പാടി. ഹിന്ദുസ്ഥാനി സംഗീത ഇതിഹാസങ്ങളായ മുഹമ്മദ് റഫി, കിഷോര്‍ കുമാര്‍, മുകേഷ്, മന്നാഡേ തുടങ്ങിയവരോടൊത്തെല്ലാം വാണിയുടെ യുഗ്മഗാനങ്ങളുണ്ട്.

എം.എസ്.വിശ്വനാഥന്‍ സംഗീതസംവിധാനം നിര്‍വഹിച്ച അപൂര്‍വരാഗങ്ങള്‍ എന്ന തമിഴ് ചിത്രത്തിലെയും കെ.വി.മഹാദേവന്‍ ഈണമിട്ട ശങ്കരാഭരണം, സ്വാതികിരണം എന്നീ തെലുങ്ക് ചിത്രങ്ങളിലെയും ഗാനങ്ങളാണ് വാണിയെ ദേശീയ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹയാക്കിയത്. ഗുജറാത്ത്, ഒഡീഷ, തമിഴ്നാട്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളുടെ മികച്ച പിന്നണി ഗായിക അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!