ബലാത്സംഗത്തിന് ഇരയായ സ്ത്രീകൾ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ വളരെ വലുതാണ്. പിന്നീട് സമൂഹം അവർക്ക് കൊടുക്കുന്ന പേര് മറ്റ് പലതുമാണ്. ആത്മവിശ്വാസത്തോടെ ജീവിതത്തിലേക്ക് തിരിച്ചു വരുമ്പോൾ തന്റേതല്ലാത്ത കുറ്റത്തിന് പഴി കേൾക്കേണ്ടി വരുന്നു. ഒപ്പം നിൽക്കും എന്ന് കരുതിയ കുടുംബങ്ങൾ പോലും കൈ ഒഴിഞ്ഞു ജീവിക്കേണ്ടി വന്ന പെൺകുട്ടി.കുറ്റപ്പെടുത്തലുകൾ സഹിക്കാതെ ഒരു മുഴം കയറിയിൽ ജീവിതം തീർക്കാൻ തീരുമാനിച്ചവൾ.അവൾക്ക് മുന്നിൽ ഇനിയും ഉണ്ട് ജീവിതം.തോറ്റുകൊടുക്കാൻ മനസില്ല, തോറ്റു പിന്മാറില്ല എന്ന ഉറപ്പിൽ അവൾ ഇനി ജീവിതം തിരിച്ചു പിടിക്കും.
ഇനി ആര്‍ക്കും ആവര്‍ത്തിക്കരുത്
‘ സംഭവത്തിനുശേഷം ആരൊക്കെയോ ചേര്‍ന്ന് ഒരു കൂട്ടിലെന്നെ അടച്ചുപൂട്ടിയതുപോലെ എനിക്ക് തോന്നി.മാനസികമായ് വല്ലാതെ ഒറ്റപ്പെട്ടപോലെ തോന്നി. അങ്ങനെയാണ് ഞാന്‍ ആത്മഹത്യ ചെയ്യാനുറപ്പിച്ചത്. പക്ഷേ അത് പരാജയപ്പെടുകയായിരുന്നു . പക്ഷേ, എനിക്ക് ജീവിതത്തിലേക്ക് തിരിച്ചു വരണം ആയിരുന്നു. തെറ്റ് ചെയ്തത് ഞാനല്ല എന്ന പൂര്‍ണ്ണ വിശ്വാസത്തോടെ,എന്‍റെ ലക്ഷ്യങ്ങളെ നേടിയെടുത്ത് എനിക്ക് ജീവിക്കണം.ഞാന്‍ കുറ്റക്കാരിയല്ല എന്ന്‍ ലോകത്തെ അറിയിക്കണം.അതുപോലെ തന്നെ ഇനിയൊരു പെണ്‍കുട്ടിക്കും ഇതുപോലെ ഒരു ഗതി ഇനി ആവര്‍ത്തിക്കാന്‍ പാടില്ല. അക്രമി ശിക്ഷിക്കപ്പെടുന്നത് എനിക്ക് കാണണം.
മാനസികാവസ്ഥ
ആരെങ്കിലും എന്റെ ദേഹത്ത് അറിയാതൊന്നു തൊട്ടാല്‍പോലും പ്രതികരിക്കുന്ന ആളായിരുന്നു ഞാന്‍. അയാളെ വെറുതെ വിട്ടല്ലോ എന്നായിരുന്നു ഏറ്റവും വലിയ വിഷമം. അങ്ങനെയാണ് കേസ് കൊടുക്കാന്‍ തീരുമാനിച്ചത്. പിന്നീട് എഫ്.ഐ.ആര്‍. തയ്യാറാക്കി. പിറ്റേന്ന് രാവിലെ മുതല്‍ പല കഥകള്‍ കേട്ടു തുടങ്ങി.അതെല്തെലാം മനസിനെ വല്ലാതെ വിഷമിപ്പിച്ചു.
കേസിന്‍റെ ഭാഗമായ ദേഹപരിശോധനയ്ക്ക് വഴങ്ങാനുള്ള മാനസികാവസ്ഥ ഇല്ലായിരുന്നിട്ടും ശാരീരിക പരിശോധനയില്‍ ആരും എന്നോട് ദയ കാണിച്ചില്ല.പരിശോധനയ്ക്ക് വഴങ്ങാന്‍ വേണ്ടി അവര്‍ ബലം പ്രയോഗിച്ചു. ഇതിന് ഞാന്‍ അന്ന് ഒരുപാട് വഴക്ക് കേട്ടു. ശരീരം അനക്കാന്‍ പറ്റാത്ത അവസ്ഥയില്‍ എന്നെ പിന്നെയും പിന്നെയും അപമാനിക്കപ്പെടുന്നപോലെയാണ് എനിക്കു അന്ന്‍ തോന്നിയത്.
ഒറ്റപ്പെടല്‍
ഏതോ ഒരു പോലീസുദ്യോഗസ്ഥന്‍ എന്നെ ഫോണില്‍ വിളിച്ചു. അദ്ദേഹം നല്ല കരുതലോടെയാണ് സംസാരിച്ചത്. മോളേ, കേസ് നിലനില്‍ക്കണമെങ്കില്‍ തെളിവ് വേണം. അതിന് ഇതേയുള്ളൂ വഴി എന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് ഞാന്‍ അതിന് തയ്യാറായത് . വാര്‍ത്ത പുറം ലോകം അറിഞ്ഞതോടെ പലരും തെറ്റുക്കാരി എന്ന്‍ എന്നെ മുദ്ര കുത്തി.പീടിപ്പിച്ചവനെ എനിക്ക് അറിയാമായിരുന്നെന്നും,ഞാനും അവനും അടുപ്പത്തില്‍ ആയിരുന്നു വെന്ന് വരെ പലരും കഥകള്‍ പ്രചരിപ്പിച്ചു.ഇതേകാര്യം പറഞ്ഞ് അയാളുടെ പാര്‍ട്ടിക്കാരെന്ന് സ്വയം പരിചയപ്പെടുത്തി ചിലര്‍ വിളിച്ചുകൊണ്ടേയിരുന്നു.കൂടെ ഉണ്ടാകും എന്ന്‍ കരുതിയ പലരും എന്നെ കയ്യൊഴിഞ്ഞു.ശരിക്കും ഒറ്റപ്പെട്ട അവസ്ഥയായിരുന്നു.
അനുഭവിച്ചത്
ഞാന്‍ കാരണം എല്ലാവര്‍ക്കും നാണക്കേടായെന്ന് ഒപ്പമുള്ളവര്‍കൂടി പറഞ്ഞതോടെ എനിക്ക് നിലതെറ്റി. കോവിഡ് മൂര്‍ഛിച്ചു. പ്രമേഹവും പിടിപെട്ടു. ഒപ്പം നില്‍ക്കാന്‍ ആരുമില്ല. ഇത്രയൊക്കെ തെളിവുകള്‍ കൈയില്‍ ഉണ്ടായിട്ടും എല്ലാവരും കുറ്റപ്പെടുത്തിയതോടെ ഇനി ജീവിക്കണ്ട എന്നുറപ്പിച്ചു. അങ്ങനെ ആസ്പത്രി മുറിയിലെ ഫാനില്‍ കുടുക്കിട്ടു. പക്ഷേ, മുറിയിലെ ജനാലയിലൂടെ ആരോ ഇതു കണ്ടു. അവരെന്നെ മരണത്തില്‍ നിന്ന് രക്ഷപ്പെടുത്തി.
ലക്ഷ്യം മുന്നോട്ട്
പഴയത് പോലെ കമ്പ്യൂട്ടർ ക്ലാസിനും, വയലിൽ ക്ലാസിനും പോകും. ഇപ്പോൾ കളരി പഠിക്കാനും ചേർന്നിട്ടുണ്ട്. പോലീസ് ടെസ്റ്റും, മിലിട്ടറി ടെസ്റ്റും അടുത്ത വർഷം എഴുതണം. ലക്ഷ്യം നേടിയെടുക്കാൻ ഇനി മുന്നോട്ട്.