മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നല്‍കാന്‍ കേന്ദ്ര ഏജന്‍സികളില്‍ നിന്നും സമ്മര്‍ദ്ദമുണ്ടെന്ന് പറയുന്നതായി പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പിലെ ശബ്ദം തന്റേത് തന്നെയെന്ന് സ്ഥിരീകരിച്ച് സ്വര്‍ണകള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. എന്നാല്‍ ജയിലില്‍ നിന്നല്ല ശബ്ദരേഖ പുറത്തുവന്നതെന്ന് ദക്ഷിണമേഖലാ ജയില്‍ ഡിഐജി അജയ്കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. പുറത്ത് തെളിവെടുപ്പിനോ മറ്റോ പോയപ്പോഴാകാം ശബ്മദം റിക്കാർഡ് ചെയ്തിട്ടുണ്ടാവാം എന്നാണ് ഡിജിപി പറയുന്നത്. ശബ്ദം തന്റേത് തന്നെയാണെന്ന് സ്വപ്‌ന സ്ഥിരീകരിച്ചതോടെയാണ് ഡിഐജിയുടെ പ്രതികരണം. ഇത് ജയില്‍ നിന്ന് സംഭവിച്ചതല്ലെന്നും സ്വപ്‌നയുടെ ശബ്ദമാണെന്നും ഉറപ്പാക്കിയെന്നാണ് ഡിഐജി മാധ്യമങ്ങളോട് പറഞ്ഞത്.

അട്ടക്കുളങ്ങര വനിതാ ജയിലിലെത്തി ഡിഐജി സ്വപ്നയെ ചോദ്യം ചെയ്തിരുന്നു. ജയില്‍ ഡിജിപി ഋഷിരാജ് സിംഗിന്റെ നിര്‍ദേശപ്രകാരമായിരുന്നു നടപടി. ജയിലിലെ അന്വേഷണം പൂര്‍ത്തിയാക്കി ഡിഐജി മടങ്ങിയെന്നാണ് വിവരം. ജയിലില്‍നിന്നല്ല ശബ്ദം റെക്കോര്‍ഡ് ചെയ്തതെന്ന പ്രാഥമിക നിഗമനത്തിലാണ് ജയില്‍ വകുപ്പ് എത്തിയിരിക്കുന്നത്. ശബ്ദത്തിന്റെ ആധികാരികത കണ്ടെത്തുന്നതിനായി സൈബല്‍ സെല്ലിന്റെ സഹായം ജയില്‍ വകുപ്പ് തേടിയിട്ടുണ്ട്. ശബ്ദം റെക്കോര്‍ഡ് ചെയ്തത് എവിടെനിന്നാണെന്ന് കണ്ടെത്താനാണ് നീക്കം.
മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയാല്‍ മാപ്പുസാക്ഷിയാക്കാമെന്ന് അന്വേഷണ സംഘം തന്നോട് പറഞ്ഞു എന്നാണ് സ്വപ്ന ശബ്ദ സന്ദേശത്തില്‍ പറയുന്നത്. ‘എന്നെ മാപ്പുസാക്ഷിയാക്കാന്‍, ഞാന്‍ ശിവശങ്കറിന്റെ കൂടെ ഒക്ടോബറില്‍ യുഎഇയില്‍വെച്ച് സിഎമ്മിന് വേണ്ടി ഫിനാന്‍ഷ്യല്‍ നെഗോസിയേഷന്‍ നടത്തിയിട്ടുണ്ടെന്ന് ഏറ്റുപറയാന്‍ പറഞ്ഞു. ഞാന്‍ ഒരിക്കലും അത് ചെയ്യില്ലെന്ന് പറഞ്ഞു. അവര്‍ വീണ്ടും ജയിലില്‍ വരുമെന്ന് പറഞ്ഞ് ഒരുപാട് ഫോഴ്സ് ചെയ്തു’, എന്നാണ് ശബ്ദ സന്ദേശത്തിലുള്ളത്. തന്റേതായി രേഖപ്പെടുത്തിയ മൊഴി വായിക്കാന്‍ അനുവദിക്കാതെയാണ് ഒപ്പിടുവിച്ചതെന്നും സ്വപ്‌ന ആരോപിക്കുന്നുണ്ട്.
The Voice Message is Of Swapna Suresh, not from Jail, Says Jail DIG