ഗുജറാത്തിലെ ആശുപത്രിയില്‍ കോവിഡ് രോഗികള്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ രൂക്ഷമായി വിമര്‍ശിച്ച കോടതി ചൊവ്വാഴ്ച റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദ്ദേശിച്ചു.
ഇത്തരം സംഭവങ്ങള്‍ പിന്നെയും ആവര്‍ത്തിക്കുന്നത് എന്തുകൊണ്ടാണ് എന്ന്‍ കോടതി വിമര്‍ശിച്ചു.
രാജ്‌കോട്ടിലെ ശിവാനന്ദ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് തീപിടുത്തമുണ്ടായത്. 11 കോവിഡ് രോഗികളായിരുന്നു ഈ സമയത്ത് ഐ.സി.യുവില്‍ ഉണ്ടായിരുന്നത്. പുലര്‍ച്ചെ ഒരുമണിയോടെയാണ് അപകടം. വിശദമായ അന്വേഷണത്തിന് മുഖ്യമന്ത്രി വിജയ് രൂപാണി ഉത്തരവിട്ടിരുന്നു. സമീപകാലത്ത് ഇത് രണ്ടാംതവണയാണ് ഗുജറാത്തില്‍ കോവിഡ് ആശുപത്രിയില്‍ തീപിടുത്തമുണ്ടാകുന്നത്.
കോവിഡ് ചികില്‍സക്ക് മാത്രമായുള്ള ആശുപത്രിയാണ് ശിവാനന്ദ്. തീപിടിത്തത്തിന്‍റെ കാരണമെന്തെന്ന് വ്യക്തമായിട്ടില്ല. ആശുപത്രിയിലെ രോഗികളെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.