Parliament Building പാര്‍ലമെന്റിന്റെ പുതിയ മന്ദിരത്തില്‍ ദേശീയ പതാക ഉയര്‍ന്നു. ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറാണ് പതാക ഉയര്‍ത്തിയത്.
ചടങ്ങില്‍ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള, പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി, രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ ഹരിവന്‍ഷ് നാരായണ്‍ സിങ്, സ്റ്റേറ്റ് പാര്‍ലമെന്ററി കാര്യമന്ത്രിമാരായ അര്‍ജുന്‍ റാം മെഘാവാള്‍, വി മുരളീധരന്‍, ലോക്‌സഭാ രാജ്യസഭാ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഹൈദരാബാദില്‍ നടക്കുന്നതിനാല്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചടങ്ങില്‍ പങ്കെടുത്തില്ല. ചടങ്ങിലേക്ക് ഒടുവിലായി ക്ഷണിക്കപ്പെട്ടതിലുള്ള അതൃപ്തി കഴിഞ്ഞ ദിവസം രാജ്യസഭാ സെക്രട്ടറി ജനറല്‍ പ്രമോദ് ചന്ദ്രമോദിയെ ഖാര്‍ഗെ അറിയിച്ചിരുന്നു. സെപ്റ്റംബര്‍ 17ന് നടക്കുന്ന ചടങ്ങിലേക്ക് സെപ്റ്റംബര്ര്‍ 15 ന് വൈകിയാണ് തനിക്ക് ക്ഷണം ലഭിച്ചതെന്നും ഇതില്‍ കടുത്ത നിരാശയുണ്ടെന്നും രാജ്യസഭാ സെക്രട്ടറിയെ കത്തിലൂടെയാണ് ഖാര്‍ഗെ അറിയിച്ചത്.
അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനമായ സെപ്തംബര്‍ 17ന് തന്നെ പാര്‍ലമെന്റിന്റെ പുതിയ കെട്ടിടത്തില്‍ പതാക ഉയര്‍ത്തിയതില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിനിടെ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം സെപ്തംബര്‍ 18 മുതല്‍ 22 വരെ വിളിച്ച് ചേര്‍ത്തിട്ടുണ്ട്.
ഓഗസ്റ്റ് 19 മുതല്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ സമ്മേളനം ചേരുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 19 ഗണേശ ചതുര്‍ഥി ആയതിനാല്‍ അന്ന് പുതിയ കെട്ടിടത്തിലേക്കു മാറുമെന്നാണ് സൂചന.