Toyota വാഹന വിപണിയിൽ ഏറെ തരംഗം സൃഷ്ടിച്ച മാരുതിയുടെ ജിംനിയ്ക്ക് വെല്ലുവിളി ഉയർത്താൻ ടൊയോട്ടയുടെ ലാൻഡ് ക്രൂയിസർ മിനി വരുന്നു. ജിംനി 5 ഡോറിന് എതിരാളിയായി ടൊയോട്ട ഒരു പുതിയ ലൈഫ്സ്റ്റൈൽ കോംപാക്റ്റ് ഓഫ്-റോഡർ വികസിപ്പിക്കുന്നതായാണ് റിപ്പോർട്ട്. ലാൻഡ് ക്രൂയിസർ മിനി എന്ന പേരിൽ പുറത്തിറങ്ങാൻ പോകുന്ന ഈ വാഹനം ഹൈബ്രിഡ്, ഇലക്ട്രിക് പവർട്രെയിൻ ഓപ്ഷനുകളിൽ ലഭ്യമാകും. മാരുതി സുസുക്കി ജിംനി, മഹീന്ദ്ര ഥാർ തുടങ്ങി ലൈഫ്സ്റ്റൈൽ ഓഫ് റോഡർ വാഹനങ്ങളുമായി മത്സരിക്കുന്ന മോഡലായിരിക്കും ടൊയോട്ട ലാൻഡ് ക്രൂയിസർ മിനി.
ടൊയോട്ട ‘ലാൻഡ് ക്രൂയിസർ മിനി’ അടുത്ത വർഷം എപ്പോഴെങ്കിലും ഷോറൂമുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലൈറ്റ് ക്രൂയിസർ അല്ലെങ്കിൽ യാരിസ് ക്രൂയിസർ എന്നായിരിക്കും ഒരുപേക്ഷേ ഇതിന് പേര് ലഭിച്ചേക്കുക. നേരത്തെ പുറത്തിറക്കിയിട്ടുള്ള കൺസെപ്റ്റിനെ അടിസ്ഥാനമാക്കിയാണ് ടൊയോട്ട ലാൻഡ് ക്രൂയിസർ മിനി നിർമ്മിക്കുന്നത് എങ്കിലും കൺസെപ്റ്റ് പതിപ്പ് ഇലക്ട്രിക് മാത്രമായിരുന്നു.ഉയരമുള്ള പില്ലറുകളും പരന്ന റൂമുള്ള കോംപാക്റ്റ് ക്രൂയിസർ ഡിസൈനിലാണ് ടൊയോട്ട ലാൻഡ് ക്രൂയിസർ മിനി പുറത്തിറങ്ങുകയെന്നാണ് സൂചനകൾ.
ജിംനിക്കെതിരെ മത്സരിക്കാനായി ബോഡി-ഓൺ-ഫ്രെയിം ചേസിസും ഈ വാഹനത്തിൽ ടൊയോട്ട നൽകിയേക്കും.വരാൻ പോകുന്ന എസ്‌യുവി ഉയരത്തിന്റെ കാര്യത്തിൽ പുതിയ പ്രാഡോക്ക് സമമായിരിക്കുമെങ്കിലും വലിപ്പത്തിന്റെ കാര്യത്തിൽ ചെറുതായിരിക്കും.
കൊറോള ക്രോസിൽ നിന്നുള്ള 2.0 ലിറ്റർ പെട്രോൾ എഞ്ചിൻ, RAV4ൽ നിന്നുള്ള 2.5 ലിറ്റർ പെട്രോൾ/ഹൈബ്രിഡ് എഞ്ചിൻ, പ്രാഡോയിലും ഹിലക്‌സിലുമുള്ള 2.8 ലിറ്റർ ടർബോചാർജ്ഡ് ഫോർ സിലിണ്ടർ ഡീസൽ എഞ്ചിൻ എന്നിവ ഇതിലുണ്ടാകുമെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. അടുത്ത മാസം ടോക്കിയോ മോട്ടോർ ഷോയിൽ ഈ പുത്തൻ എസ്‌യുവി ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കുമെന്നാണ് സൂചനകൾ.