Friday, November 22
BREAKING NEWS


അടുക്കളയിൽ ചുരുണ്ടുകൂടിയത് പാമ്പെന്ന് കരുതി; പാമ്പുപിടുത്തക്കാരെ വിളിച്ചു;പിന്നീട് സംഭവിച്ചതോ..?

By sanjaynambiar


അടുക്കളയിൽ വമ്പൻ പെരുമ്പാമ്പ് കയറിയെന്നു കരുതി പാമ്പുപിടുത്തക്കാരെ വിളിച്ച് അബദ്ധം പറ്റിയത് ഓസ്ട്രേലിയയിലെ ബ്രിസ്ബെയിനിലുള്ള ഒരു കുടുംബത്തിനാണ്. രാത്രി ഏറെ വൈകിയ സമയത്ത് അടുക്കളയുടെ മൂലയിലായി ചുരുണ്ട് കിടക്കുന്നത് വമ്പൻ പെരുമ്പാമ്പ് ആണെന്നു കരുതിയാണ് വീട്ടുകാർ പാമ്പുപിടുത്തക്കാരെ വിളിച്ചുവരുത്തിയത്.

ഒടുവിൽ പാമ്പ് പിടുത്തക്കാർ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് തങ്ങൾക്ക് പറ്റിയ അബദ്ധം വീട്ടുകാർക്ക് മനസ്സിലായത്. അത് പെരുമ്പാമ്പ് ആയിരുന്നില്ല. സംഭവം ഒരു വമ്പൻ കൂണ്‍ പൊട്ടിമുളച്ചതായിരുന്നു. ഒറ്റനോട്ടത്തിൽ കാർപെറ്റ് പൈതൺ ഇനത്തിൽപ്പെട്ട പാമ്പാണെന്നേ കൂണ്‍ കണ്ടാൽ തോന്നുകയുള്ളൂ.

ഇത് കണ്ടമാത്രയിൽ ഭയന്നുപോയ കുടുംബം രണ്ടാമതൊന്ന് പരിശോധിക്കാൻ മുതിരാതെ പാമ്പുപിടുത്തക്കാരെ വിളിച്ചുവരുത്തുകയായിരുന്നു. പ്രദേശത്ത് അടുത്തിടെ നല്ല മഴ ലഭിച്ചിരുന്നു. അതേത്തുടർന്ന് പൊട്ടിമുളച്ച കൂണാണ് വീട്ടുകാരെ വെട്ടിലാക്കിയത്. ദൂരെനിന്നും ഒറ്റനോട്ടത്തിൽ പെരുമ്പാമ്പ് ആണെന്നു തോന്നുന്ന തരത്തിലാണ് കൂണിന്റെ രൂപമെന്ന് പാമ്പിനെ പിടിക്കാനെത്തിയവർ വ്യക്തമാക്കി.

ഇത് തങ്ങൾക്ക് പുതിയൊരു അനുഭവം അല്ലെന്നും അവർ കൂട്ടിച്ചേർത്തു. ബെൽറ്റും റബർ പാമ്പുകളും ഇലകളുമൊക്കെ കണ്ട് പാമ്പാണെന്ന് തെറ്റിദ്ധരിച്ച് ആളുകൾ വിളിക്കുന്നത് സ്ഥിരം സംഭവമാണ്. എന്തായാലും വീട്ടുകാരെ പേടിപ്പിച്ച കൂണിന്റെ ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഇളം തവിട്ടും കറുപ്പും നിറങ്ങൾ ഇടകലർന്ന് ചെറിയ വരകളോടു കൂടിയ കൂണ്‍ ഒറ്റനോട്ടത്തിൽ കണ്ടാൽ ആരും ഭയന്നു പോകുമെന്നാണ് ഈ ചിത്രത്തിന് ലഭിക്കുന്ന പ്രതികരണങ്ങൾ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!