High Court മുഖ്യ റോഡുകളിൽ സീബ്രാ ലൈനുകൾ കൃത്യമായി അടയാളപ്പെടുത്തണമെന്ന നിർദേശം നടപ്പാക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി.
ട്രാഫിക് ലൈറ്റുകൾ പലയിടത്തും ശരിയായ രീതിയിൽ അല്ല സ്ഥാപിച്ചിരിക്കുന്നതെന്ന് കോടതി വിലയിരുത്തി. വിഷയത്തിൽ സംസ്ഥാന പൊലീസ് മേധാവിയടക്കമുള്ളവർ വിശദീകരണം നൽകണമെന്ന് കോടതി നിർദേശിച്ചു.
കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചു കടക്കാൻ കഴിയുന്ന തരത്തിൽ മുഖ്യ റോഡുകളിലെല്ലാം സീബ്രാ ലൈനുകൾ കൃത്യമായി അടയാളപ്പെടുത്തണമെന്ന് ജനുവരി 25 നാണ് ഹൈക്കോടതി ഉത്തരവിട്ടിരുന്നത്.
ഇക്കാര്യം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പ്രധാന ചുമതലയാണെന്നും കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ 10 മാസം കഴിഞ്ഞിട്ടും ‘സീബ്ര ക്രോസിങ് റൂൾസ്’ ഫലപ്രദമായി നടപ്പാക്കാൻ അധികൃതർക്കു കഴിഞ്ഞില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കൊച്ചിയിലും മുഖ്യ ജംക്‌ഷനുകളിലും നിർദേശങ്ങൾ നടപ്പാക്കിയില്ല. മാത്രമല്ല, ട്രാഫിക് ലൈറ്റുകളും പലയിടത്തും ശരിയായ രീതിയിൽ അല്ല സ്ഥാപിച്ചിരിക്കുന്നതെന്നും കോടതി പറഞ്ഞു.
വിഷയത്തിൽ അടുത്ത തവണ ഹർജി പരിഗണിക്കുന്ന ആറിന് വിശദീകരണം നൽകാൻ കോടതി നിർദേശിച്ചു. പിഡബ്ല്യുഡി സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി, ട്രാഫിക് ഐജി എന്നിവർ ഓൺലൈനിലൂടെ ഹാജരായി വിശദീകരണം നൽകണമെന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നിർദേശം.
എന്നാൽ നടപടികൾ പലതും സ്വീകരിച്ചിട്ടും ഒന്നും ഫലപ്രദമാകുന്നില്ല എന്ന ബുദ്ധിമുട്ട് സർക്കാർ അറിയിച്ചു. സംസ്ഥാനത്തെ ഗതാഗത സംസ്കാരമാണ് മാറേണ്ടത്. എന്നാൽ ഇതിനു കൂടുതൽ സമയമെടുക്കും. പൊലീസും പിഡബ്ല്യുഡി അധികൃതരും സീബ്ര ലൈൻ മുറിച്ചു കടക്കൽ നിർദേശങ്ങൾ ഫലപ്രദമായി നടപ്പാക്കാൻ ഏറെ ശ്രമിക്കുന്നുണ്ടെന്നും സർക്കാർ അറിയിച്ചു.