
Cyber Cell സൈബർ സെല്ലിൻ്റെ പേരിൽ പണമാവശ്യപ്പെട്ട് വ്യാജ സന്ദേശം ലഭിച്ച വിദ്യാർത്ഥി ജീവനൊടുക്കി. കോഴിക്കോട് സാമൂതിരി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി ആദിനാഥ് ( 16 ) ആണ് മരിച്ചത്. ബുധനാഴ്ചയാണ് വിദ്യാർഥിയെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് ചേവായൂരിലാണ് സംഭവം.
ലാപ്പ്ടോപ്പിൽ സിനിമ കാണുന്നതിനിടെയാണ് 33900 രൂപ ആവശ്യപ്പെട്ട് സന്ദേശമെത്തിയത്. ആറ് മണിക്കൂറിനുള്ളിൽ പണം നൽകണമെന്നായിരുന്നു ആവശ്യം. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയോട് സാമ്യമുള്ള സൈറ്റ് ഉപയോഗിച്ചാണ് ഹാക്കർ പണം ആവശ്യപ്പെട്ടതെന്നാണ് വിവരം.
നിയമ വിരുദ്ധമായ സൈറ്റിലാണ് കയറിയിട്ടുള്ളതെന്നും പണം തന്നില്ലെങ്കിൽ പൊലീസിൽ വിവരം അറിയിക്കുമെന്നും അറസ്റ്റ് രേഖപ്പെടുത്തുമെന്നും ആയിരുന്നു ലഭിച്ച സന്ദേശം.
പറഞ്ഞ തുക നൽകിയിട്ടില്ലെങ്കിൽ രണ്ട് ലക്ഷം രൂപയാണ് പിഴ അടയ്‌ക്കേണ്ടതെന്നും രണ്ട് വർഷം തടവും അനുഭവിക്കേണ്ടി വരുമെന്നും ഭീഷണിപ്പെടുത്തി. സംഭവത്തെ തുടർന്നാണ് വിദ്യാർഥി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിൻ്റെ പ്രാഥമിക വിവരം.