രാജ്യത്തെ നടുക്കിയ 2008-ലെ മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം സിനിമയാകുന്നു. തെലുങ്ക് നടനും സംവിധായകനും തിരക്കഥാകൃത്തുമായ അദിവി ശേഷ് ആണ് സന്ദീപ് ഉണ്ണികൃഷ്ണന്‍ ആയി സ്‌ക്രീനിലെത്തുന്നത്.
‘മേജര്‍’ എന്ന് പേരിട്ട ചിത്രത്തിന്റെ വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്.
മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ചരമവാര്‍ഷികത്തിലാണ് വീഡിയോ പുറത്തു വിട്ടത്. ‘മേജര്‍ ബിഗിനിംഗ്സ്’ എന്ന വീഡിയോയില്‍ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണനായി അഭിനയിച്ചതിനെ കുറിച്ചാണ് അദിവി ശേഷ് പറയുന്നത്. ‘ഗൂഡാചാരി’ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സാഷി കിരണ്‍ ടിക്ക ആണ് മേജര്‍ സംവിധാനം ചെയ്യുന്നത്.
2008 ലെ 26/11 ആക്രമണത്തിൽ മുംബൈ താജ് ഹോട്ടലിൽ ബന്ദിയാക്കപ്പെട്ടവരെ മോചിപ്പിക്കവെയാണ് എൻ.എസ്.ജി. കമാൻഡോയായ മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ രാജ്യത്തിനായി ജീവത്യാഗം ചെയ്തത്.
അദ്ദേഹത്തെ രാജ്യം അശോകൻ ചക്ര നൽകി ആദരിച്ചു.
എന്നാൽ മേജർ സന്ദീപ് ഉണ്ണികൃഷ്ണന്‍ എങ്ങനെ മരിച്ചു എന്നല്ല, എങ്ങനെ ജീവിച്ചു എന്നാണ് ചിത്രത്തിലൂടെ പറയുന്നത് എന്നാണ് അദിവി ശേഷ് വീഡിയോയില്‍ വ്യക്തമാക്കുന്നത്.
അദിവി ശേഷ് നായക കഥാപാത്രത്തെ അവതരിപ്പിക്കും. നായകന്റെ അനുഭവങ്ങളാണ് വീഡിയോയുടെ ഉള്ളടക്കം. ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന മേജർ 2021 സമ്മറിൽ റിലീസ് ചെയ്യാനാണ് പ്ലാൻ.സിനിമയ്ക്കായി കരാർ ഒപ്പിട്ടത് മുതൽ സന്ദീപ് ഉണ്ണികൃഷ്ണന്റെ അച്ഛനമ്മമാരെ കാണുന്നതുവരെയുള്ള അനുഭവം നായകൻ ഒരു വീഡിയോയിൽ വിവരിച്ചു. (വീഡിയോ ചുവടെ)
സോണി പിക്ചേഴ്സ് ഫിലിം ഇന്ത്യ, മഹേഷ് ബാബുവിൻറെ ജി.എം.ബി. എന്റർടൈൻമെന്റ്, എ പ്ലസ് എസ് മൂവീസ് എന്നിവരുടെ സംയുക്ത നിർമ്മാണമാണ്.