
Akash Thillankeri CPM ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിയെ വീണ്ടും കാപ്പ ചുമത്തി ജയിലിലടച്ചു. കാപ്പ ചുമത്തി നേരത്തേ അറസ്റ്റ് ചെയ്തിരുന്ന ആകാശ് ആറുമാസത്തെ തടവിനുശേഷം ജാമ്യംകിട്ടി ദിവസങ്ങള്‍ക്ക് മുന്‍പാണ് ജയിലില്‍നിന്ന് പുറത്തിറങ്ങിയത്.
ബുധനാഴ്ച ഉച്ചയ്ക്ക് തില്ലങ്കേരിയിലെ വീട്ടില്‍ ആകാശിന്റെയും സഹോദരിയുടെയും മക്കളുടെ പേരുവിളി ചടങ്ങിനിടയിലാണ് മുഴക്കുന്ന് പോലീസ് ആകാശിനെ കസ്റ്റഡിയിലെടുത്തത്. വിയ്യൂര്‍ ജയിലില്‍ കാപ്പ തടവുകാരനായിരിക്കെ ജയിലറെ ആക്രമിച്ച കേസിലും പ്രതിയായിരുന്നു.
ജയിലില്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നതായി സംശയം പ്രകടിപ്പിച്ച ജയിലറെ ആകാശ് മര്‍ദിച്ചുവെന്നായിരുന്നു കേസ്. ഈ കേസിലുള്‍പ്പെടെ രണ്ടാമതും ഇയാള്‍ക്കെതിരെ കാപ്പ ചുമത്തി ജില്ലാ പോലീസ് മേധാവി ഉത്തരവിറക്കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് മുഴക്കുന്ന് ഇന്‍സ്‌പെക്ടര്‍ സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ ബുധനാഴ്ച വീണ്ടും കസ്റ്റഡിയിലെടുക്കുകയും വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തത്.
ബുധനാഴ്ച ആകാശിന്റെ തില്ലങ്കേരിയിലെ വീട്ടില്‍ ആകാശിന്റെയും സഹോദരിയുടെയും മക്കളുടെ പേരിടല്‍ ചടങ്ങായിരുന്നു. 500-ഓളം അതിഥികള്‍ പങ്കെടുക്കുന്ന ചടങ്ങായിരുന്നു.
ചടങ്ങിനെത്തിയ ആകാശിന്റെ ഭാര്യയുടെ ബന്ധുക്കളെ യാത്രയാക്കാനായി വീട്ടില്‍നിന്ന് റോഡിലേക്ക് ഇറങ്ങിയ സമയത്തായിരുന്നു മഫ്തിയിലെത്തിയ പോലീസ് സംഘം ആകാശിനെ കസ്റ്റഡിയിലെടുത്തത്. നേരത്തേ വീട്ടിലേക്ക് വരുന്ന വാഹനങ്ങള്‍ വഴിയില്‍വെച്ച് പോലീസ് പരിശോധിക്കുന്നുണ്ടായിരുന്നു.
ആകാശിനെ കസ്റ്റഡിയിലെടുത്തതറിഞ്ഞ് ആകാശിന്റെ ഭാര്യയും കുട്ടിയും അച്ഛനും ഉള്‍പ്പെടെയുള്ള ബന്ധുക്കളും സുഹൃത്തുക്കളും സ്റ്റേഷന് മുന്നില്‍ തടിച്ചുകൂടി ബഹളം വെച്ചു. മേഖലയിലെ മറ്റ് സ്റ്റേഷനുകളില്‍നിന്ന് കൂടുതല്‍ പോലീസ് സംഘവും സ്ഥലത്തെത്തി. പ്രവേശനകവാടം പോലീസ് ഉള്ളില്‍നിന്ന് പൂട്ടി.
പേരാവൂര്‍ ഡിവൈ.എസ്.പി. എ.വി.ജോണിന്റെ നേതൃത്വത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തി. ഇതിനിടയില്‍ ആകാശിന്റെ അച്ഛന്‍ വഞ്ഞേരി രവിയുമായും പോലീസ് സംസാരിച്ചു.
Also Read : https://panchayathuvartha.com/ed-with-further-action-in-black-money-transaction-in-karuvannur-bank-fraud/
സ്റ്റേഷന് പുറത്തിറങ്ങി വഞ്ഞേരി രവി ആകാശിനോടും പാര്‍ട്ടിയോടും സ്‌നേഹമുണ്ടെങ്കില്‍ ആരും പ്രശ്‌നമുണ്ടാക്കരുതെന്നും ആകാശിന്റെ വീട്ടില്‍പോയി ഭക്ഷണം കഴിക്കണമെന്നും പറഞ്ഞു. ഇതോടെ സ്റ്റേഷന് മുന്നില്‍ തടിച്ചുകൂടിയ സുഹൃത്തുക്കള്‍ പിന്‍വലിഞ്ഞു.
വീട്ടില്‍നിന്ന് കൊണ്ടുവന്ന ഭക്ഷണം സ്റ്റേഷനുള്ളില്‍വെച്ച് ഭാര്യക്കും കുട്ടിക്കുമൊപ്പം കഴിക്കാന്‍ പോലീസ് അവസരം ഒരുക്കിക്കൊടുത്തു. ഇതിനുശേഷം പേരാവൂര്‍ താലൂക്ക് ആസ്പത്രിയില്‍നിന്ന് മെഡിക്കല്‍ പരിശോധന നടത്തിയാണ് ആകാശിനെ ജയിലിലേക്ക് കൊണ്ടുപോയത്.