ബാർ കോഴ കേസിൽ രഹസ്യമൊഴി നൽകാതിരിക്കാൻ അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയും ഭാര്യയും തന്നെ വിളിച്ചു അഭ്യർഥിച്ചുവെന്നും അതിനാലാണ് അന്ന് ചെന്നിത്തലയുടെ പേർ പറയാതിരുന്നതെന്നും ബാർ അസോസിയേഷൻ നേതാവ് ബിജു രമേശ്.
പണത്തിനു വേണ്ടി ചെന്നിത്തല എന്തും ചെയ്യും.
ചെന്നിത്തലയ്‌ക്ക് ഒരു കോടിരൂപയും മന്ത്രിമാരായിരുന്ന കെ ബാബു, വി എസ് ശിവകുമാർ എന്നിവർക്കും 50ലക്ഷവും 25ലക്ഷവും വീതം കോഴ നൽകിയെന്ന പരാതിയിൽ ഉറച്ചുനിൽക്കുന്നതായും ബിജു രമേശ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. കെ ബാബുവിന്റെ പിന്നിലുള്ളത് ഉമ്മൻചാണ്ടിയാണെന്നും ബിജു രമേശ് പറഞ്ഞു. ഓരോ തവണ പണം വാങ്ങുമ്പോഴും ഉമ്മൻ ചാണ്ടി പറഞ്ഞിട്ടാണെന്ന് ബാബു പറയുമായിരുന്നു.
യുഡിഎഫ് സർക്കാരിന്റെ കാലത്ത് ബാർകോഴ പുറത്തുവന്നപ്പോൾ ചെന്നിത്തലയുടെ ഭാര്യയാണ് വിളിച്ചത്. ഗൺമാന്റെ ഫോണിൽനിന്നാണ് വിളിച്ചത്. ചെന്നിത്തല ഒരു പാട് അസുഖമൊക്കെയുള്ള ആളാണെന്നും അദ്ദേഹത്തിന്റെ പേര് പറയരുതെന്നും അവർ അഭ്യർഥിച്ചു. പിറ്റേന്ന് ചെന്നിത്തല നേരിട്ട് വിളിച്ചു. ചെന്നിത്തലയുമായി ഒരുപാട് കാലത്തെ ഉറ്റ ബന്ധമുണ്ട് തനിക്ക്. അതോർമ്മിപ്പിച്ച ചെന്നിത്തല ഉപദ്രവിക്കരുതെന്ന് അഭ്യർഥിച്ചു. അതിനാലാണ് അന്ന് രഹസ്യമൊഴിയിൽ ചെന്നിത്തലയുടെ പേര് പറയാതിരുന്നത്. എന്നാൽ ബാർകോഴയിൽ കെ എം മാണിക്കെതിരെ മൊഴി നൽകിയ തനിക്കെതിരെ കള്ളക്കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടതും ഇതേ ചെന്നിത്തലയാണ്.
പൈസക്ക് വേണ്ടി എന്തും ചെയ്യുന്നവരാണ് ചെന്നിത്തലയും ശിവകുമാറും ബാബുവും. ചെന്നിത്തലയെ ആർക്ക് വേണമെങ്കിലും പർച്ചേയ്‌സ് ചെയ്യാൻ കഴിയും. കെപിസിസി പ്രസിഡന്റ് ആയിരുന്നപ്പോഴാണ് ചെന്നിത്തല പണം കൈപ്പറ്റിയത്.
ബാർ ലൈസൻസ് കുറയ്‌ക്കുവാൻ വേണ്ടി കോഴ കൊടുക്കുവാനായി അസോസിയേഷൻ യോഗത്തിൽ തീരുമാനിച്ച് 10 കോടി പിരിച്ചതിന്റെ കണക്ക് വിജിലൻസിന്റെ കൈയിലുണ്ട്. അത് എവിടെയെല്ലാം എത്തി എന്ന് പറഞ്ഞുതന്നാലും മതി.
ബാർ കോഴ കേന്ദ്ര ഏജൻസികൾ അന്വേഷിക്കണം. വിജിലൻസ് അന്വേഷണം പ്രഹസനമാകുമോയെന്നറിയില്ലെന്നും എന്നാൽ നിലവിൽ അന്വേഷണവുമായി സഹകരിക്കുമെന്നും ബിജു രമേശ് പറഞ്ഞു. കോൺഗ്രസ് നേതാവും MP യുമായ അടൂർ പ്രകാശിന്റെ അടുത്ത ബന്ധു കൂടിയായ ബിജു രമേശിന്റെ വെളിപ്പെടുത്തലുകൾ കോൺഗ്രസിനേയും UDF നേയും കൂടുതൽ അങ്കലാപ്പിലാക്കിയിട്ടുണ്ട്.